റമദാൻ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്നത് കുട്ടിക്കാലമാണ്. ശഅ്ബാൻ തുടങ്ങുമ്പോൾതന്നെ ഉപ്പായും ഉമ്മായും (എന്റെ ഉമ്മാടെ മാതാപിതാക്കൾ- എന്നെ വളർത്തിയവർ) വീട്ടിലെ പഴയ തുണികൾ എല്ലാം കത്തിച്ചു കളയും. പിന്നെ കട്ടിൽ, ഡെസ്ക്, ബെഞ്ച് ഇതൊക്കെ തേരോത്തിന്റെ ഇലകൊണ്ട് കഴുകി വെളുപ്പിച്ചു നനച്ചു കുളി നടത്തും.
പിന്നെ അരി പൊടിപ്പിക്കലായി. മുളക്, മല്ലി കഴുകി ഉണക്കി പൊടിപ്പിക്കും. ആകെ ബഹളമയം. എല്ലാത്തിനും നേതൃത്വം ഉമ്മയാണ്. എന്റെ ഉമ്മാനെ ഒന്നിനും അടുപ്പിക്കില്ല. പിന്നെ കൂട്ടിവെച്ചിരിക്കുന്ന തേങ്ങയെല്ലാം മച്ചിന്റെ മുകളിൽനിന്ന് ഇറക്കി ഉപ്പ മില്ലിൽനിന്ന് ആട്ടി കൊണ്ടുവരും. അതു കുരുമുളക് ഇട്ട് കന്നാസിൽ വെക്കും (അങ്ങനെ വെച്ചാൽ ഒരു കൊല്ലം വരെ കേടുകൂടാതിരിക്കും).
അടുത്ത പരിപാടി അവല്ലോസ് പൊടി വറുക്കലാണ്. ഇട അത്താഴത്തിനുവേണ്ടി. അപ്പോഴേക്കും ശഅ്ബാൻ 15ന്റെ ബറാഅത്ത് നോമ്പാണ്. അന്നത്തെ സ്പെഷൽ ആടിന്റെ തലയും കാലുംകൊണ്ട് ഉണ്ടാക്കിയ ഒരു അടിപൊളി വിഭവമാണ്. നോമ്പിന് പിന്നെ പറയണ്ട. ഞാൻ പഠിച്ചത് ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിലായതുകൊണ്ട് നോമ്പ് പിടിച്ചവർക്ക് പ്രത്യേക പരിഗണനയാണ്.
വൈകീട്ട് സ്കൂളിൽ നിന്നു വരുന്നതും കാത്ത് വെല്ലുപ്പ നിൽക്കും, നോമ്പ് തുറക്കാൻ പള്ളിയിൽ പോകാൻ. നോമ്പ് തുറന്നു വന്നാൽ പിന്നെ ഒരു ഹരമാണ്. തേങ്ങാപ്പാലിൽ മുക്കിയ പത്തിരിയും ആട്ടിന്റെ ഇറച്ചി വെച്ചതും, ബീഫ് ഉലത്തും. പിന്നെ തരിക്കഞ്ഞിയും അത്താഴത്തിനു ജീരകക്കഞ്ഞിയും.
പിന്നെ തറാവീഹിന്റെ പേരും പറഞ്ഞ് ഒരേ പോക്കാണ്. പടക്കംപൊട്ടിക്കലും പൊട്ടാസ് പൊട്ടിക്കലും. തറാവീഹ് നമസ്കരിച്ചപോലെ വീട്ടിൽ കേറിച്ചെല്ലും. ശവ്വാൽപിറ കാണുന്നവരേം നോമ്പിന്റെ മുഹബ്ബത്താണ്. അതിനുശേഷം മനസ്സിൽ ഒരു വിങ്ങലാണ്. കാരണം എത്ര ദാരിദ്ര്യമാണെങ്കിലും നോമ്പിന് വീട്ടിൽ എല്ലാം ഉണ്ടാകും. പെരുന്നാളിനു ഡ്രസ് എടുത്തിട്ട് വെല്ലുപ്പ പറയുന്ന ഒരു കാര്യം ഉണ്ട്, അടുത്ത് പെരുന്നാളിനു ഞാൻ ഉണ്ടാകുമോ എന്നറിയില്ല എന്ന്.
വായനക്കാർക്ക് എഴുതാം ‘റമദാൻ മുഹബ്ബത്തിലേക്ക്’ വായനക്കാർക്കും എഴുതാം. റമദാൻ ഓർമകളും അനുഭവങ്ങളും bahrain@gulfmadhyamam.net എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.