ഭക്തിയും നർമവും ഒത്തുപോവുമോ? അവ വിരുദ്ധ ദ്വന്ദ്വഗുണങ്ങളല്ലേ? തമാശ പറയുന്ന ആത്മീയ ഗുരുക്കന്മാരും മതാചാര്യന്മാരും പൊതുവെ സാധാരണക്കാരുടെ സങ്കൽപ മണ്ഡലത്തിനപ്പുറമാണ്. ആത്മീയ ഗുരുക്കന്മാർ സദാ ബലംപിടിച്ചിരിക്കുന്ന ഗൗരവക്കാരാണെന്നാണ് സാമാന്യ ധാരണ. തമാശ പറഞ്ഞാൽ അങ്ങനെയങ്ങ് ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നതാണോ ആത്മീയത? എന്നാൽ അറിയപ്പെടുന്ന പല ആത്മീയാചാര്യന്മാരും ജീവിതം ഗൗരവമായി കാണുമ്പോഴും ആത്മീയസോപാനങ്ങളിൽ വിഹരിക്കുമ്പോഴും നർമബോധം കൈവെടിയാത്തവരായിരുന്നു.
മലയാളത്തിൽ ശ്രീനാരായണ സ്വാമിയുടെ ഫലിതങ്ങൾ പ്രസിദ്ധമാണ്. മരിച്ചാൽ, ജഡം മണ്ണിൽ സംസ്കരിക്കുന്നതോ ചിതയിൽ കരിക്കുന്നതോ നല്ലതെന്ന് ആരോ ഒരിക്കൽ ചോദിച്ചപ്പോൾ, ചക്കിലാട്ടിയാൽ വളമായി ഉപയോഗിക്കാമെന്നാണത്രേ അദ്ദേഹം പറഞ്ഞത്. ബ്രിട്ടീഷുകാർ സഭയിൽ വിമർശിക്കപ്പെട്ടപ്പോൾ അവരാണ് നമുക്ക് സന്യാസം തന്നതെന്നായിരുന്നു മറുപടി. ഫലിതബോധമില്ലാത്ത ആൾ ആ മറുപടിയിലെ വിമർശനപരമായ ആന്തരാർഥം മനസ്സിലാക്കിയിട്ടില്ലെങ്കിൽ സ്വാമികളെ ബ്രിട്ടീഷ് ഏജന്റായി ചാപ്പയടിച്ചേക്കും.
മുഹമ്മദ് നബിയും നല്ല നർമബോധമുള്ള ആത്മീയാചാര്യനായിരുന്നു. തിരുമേനിയും പലപ്പോഴായി പല തമാശകളും പറഞ്ഞിട്ടുണ്ട്. ശ്രോതാവിന്റെ അധരത്തിൽ മാത്രമല്ല, ഹൃദയത്തിലും ചിരി വിടരുന്ന കുലീനമായ നർമങ്ങൾ. മധുരാനുഭൂതി പകരുന്ന നർമങ്ങൾ. ധർമം രാജചിഹ്നമായി വിലസുന്ന പ്രവാചകന്റെ നർമോക്തികൾ സമാഹരിച്ച ഒരു കൃതി ദോഹയിലെ 'ദാറുസ്സഖാഫ' എന്ന പുസ്തകശാല 'അന്നബ്ബിയുദ്ദാഹിക്' (ചിരിക്കുന്ന നബി) എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരിക്കൽ ഒരു കിഴവി നബിയോടു വന്നു പറഞ്ഞു: 'ദൈവദൂതരേ, എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ അല്ലാഹുവിനോട് ഒന്ന് പ്രാർഥിക്കണേ?' നബി പറഞ്ഞു: 'അതിന് കിഴവികൾ സ്വർഗത്തിൽ പ്രവേശിച്ചിട്ടു വേണ്ടേ?' വൃദ്ധ ആകെ നിരാശയായി കണ്ണീർവാർത്ത് എഴുന്നേറ്റ് നടക്കവെ, നബി അവരെ തിരിച്ചുവിളിച്ച് ഇങ്ങനെ പറഞ്ഞു: 'ഏതു കിഴവിയും സ്വർഗത്തിൽ പ്രവേശിക്കുമ്പോൾ തരുണിയായിട്ടേ കടക്കൂ.' എന്നിട്ട് തിരുമേനി ഈ ഖുർആൻ സൂക്തം പാരായണം ചെയ്തു: 'നാം അവരെ കന്യകകളാക്കി മാറ്റും.' അത് കേട്ടതോടെ ആ 'വൃദ്ധകന്യക' ആകെ പൂത്ത്, മുത്തുനബിയുടെ മൂർദ്ധാവിൽ മുത്തമിട്ടു കാണുമെന്ന് ഉറപ്പ്.
ഒരു ശിഷ്യൻ നബിയോട് ഒരു സവാരിമൃഗത്തെ ചോദിച്ചു. അപ്പോൾ തിരുമേനി: 'നിങ്ങൾക്ക് ഞാൻ ഒരു ഒട്ടകക്കുട്ടിയെ തരാം.' അതുകേട്ട് അമ്പരന്ന അയാൾ ചോദിച്ചു: 'ദൈവദൂതരേ, ഒട്ടകക്കുട്ടിയെ കിട്ടിയിട്ട് എന്തു ചെയ്യാനാണ്? എങ്ങനെ അതിന്റെ മുകളിൽ സഞ്ചരിക്കാൻ കഴിയും?' ഒരു കൂറ്റൻ ഒട്ടകത്തെ നൽകി നബി പറഞ്ഞു: 'ഇതും ഒട്ടകം പെറ്റ കുട്ടി തന്നെ'.
ഒരിക്കൽ നബിയും അലിയും കൂടി ഈത്തപ്പഴം തിന്നുകയായിരുന്നു. അലി തിന്നുന്ന ഓരോ ഈത്തപ്പഴത്തിന്റെ കുരുവും നബിയുടെ മുന്നിൽ ഇട്ടുകൊണ്ടിരുന്നു. ഈത്തപ്പഴം തിന്നുതീർന്നപ്പോൾ, അലി നബിയുടെ മുന്നിലേക്ക് ചൂണ്ടിപ്പറഞ്ഞു: 'തിരുമേനി, മുഴുവൻ ഈത്തപ്പഴവും അങ്ങ് തിന്നുകളഞ്ഞല്ലോ?' അപ്പോൾ നബി പുഞ്ചിരിച്ചു: 'കൊള്ളാമല്ലോ അലീ, കുരുവടക്കം ഈത്തപ്പഴമൊക്കെ അകത്താക്കിയിട്ടാണ് തമാശ അല്ലേ?'
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.