തന്റെയും തനിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നവരുടെയും ജീവിതങ്ങൾക്ക് നിറം പകരാൻ കടൽ കടന്നവരാണ് മിക്ക പ്രവാസികളും. എല്ലാ ആഘോഷങ്ങളും അവർക്ക് ഏറെ ഗൃഹാതുരത്വം നൽകുന്നതാണ്. പ്രവാസികളുടെ പെരുന്നാളുകൾക്ക് ഏറെ പ്രത്യേകതകളുണ്ട്. അതിൽ പലതും അവർക്കു മാത്രം മനസിലാകുന്നതുമാണ്. വലിയ ശമ്പളം വാങ്ങി വിവിധ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ നാട്ടിൽ പോയി നാട്ടുകാരുടെയും ബന്ധുക്കളുടെയും കൂടെ പെരുന്നാൾ ആഘോഷിക്കുന്നവരാണ്. അല്ലെങ്കിൽ ഇവിടെ തങ്ങളുടെ കൂടെയുള്ള കുടുംബത്തിന്റെ കൂടെ പെരുന്നാൾ ആഘോഷിക്കും.
ലേബർ കേമ്പുകളിലും ബാച്ചിലർ റൂമുകളിലും കഴിയുന്നവരുടെ പെരുന്നാളുകൾക്ക് വലിയ പകിട്ടും പത്രാസുമൊന്നും ഉണ്ടാവുകയില്ല. എങ്കിലും ബന്ധങ്ങളുടെ ഇഴയടുപ്പം നിറഞ്ഞു നിൽക്കുന്നതും വലിയ സന്തോഷവും സൗഹൃദവും പരന്നൊഴുകുന്നതുമാണ് അവരുടെ പെരുന്നാളുകൾ. സോഷ്യൽ മീഡിയ ഇത്രയും വ്യാപകമാവുന്നതിനു മുമ്പ് ഇതിനേക്കാളും പിരിശവും പശിമയുമുണ്ടായിരുന്നു അവരുടെ പെരുന്നാളുകൾക്ക്. റമദാനിനു മുമ്പ് തന്നെ നാട്ടിലേക്ക് പോകുന്ന ആരുടെയെങ്കിലും അടുത്ത് വീട്ടുകാർക്കുള്ള വസ്ത്രങ്ങളും മറ്റു അല്ലറ ചില്ലറ സാധനങ്ങളും കൊടുത്തയക്കും.
കൂട്ടത്തിൽ അവന്റെ ഹൃദയം ചാലിച്ചെഴുതിയ പ്രവാസത്തിലെ വേദനകളും സന്തോഷങ്ങളും കുത്തിനിറച്ച ഒരു കത്തും ഉണ്ടാവും. പ്രിയതമക്കും മക്കൾക്കും മാതാപിതാക്കൾക്കും വേറെ വേറെ എഴുതിയ ആ കത്തുകൾ പിടക്കുന്ന അവന്റെ മനസ്സിനെ അക്ഷരങ്ങളിലൂടെ പ്രകാശിപ്പിച്ചതായിരിക്കും. പെരുന്നാൾ കത്തുകൾക്ക് പ്രിയമേറെയാണ്. ലോകത്ത് ഒരു പക്ഷേ ഇത്രയധികം ആവർത്തിച്ചു വായിക്കപ്പെടുന്ന കത്തുകൾ വേറെയുണ്ടാവില്ല. അയക്കുന്ന കാശ് എങ്ങനെ ചെലവഴിക്കണമെന്നും പെരുന്നാളിന് പോകേണ്ട വിരുന്നുകൾ, വെക്കേണ്ട ഭക്ഷണം തുടങ്ങി ചെറുതും വലുതുമായ ഓരോ കാര്യങ്ങളും വിസ്തരിച്ച് അതിൽ പകർത്തിവെച്ചിട്ടുണ്ടാവും.
കുടുംബത്തിലുള്ള എല്ലാവർക്കും പെരുന്നാൾ പൈസയും വസ്ത്രവും വെക്കാനുള്ള ഭക്ഷണത്തിന്റെ കാശും അയക്കുന്ന അവൻ പലപ്പോഴും പുതുവസ്ത്രം എടുക്കാറുണ്ടാവില്ല. ഉള്ളതിൽ വെച്ച് നല്ല വസ്ത്രം ധരിച്ചായിരിക്കും പള്ളികളിലേക്കും ഈദുഗാഹുകളിലേക്കും പെരുന്നാൾ നമസ്കാരത്തിന് പുറപ്പെടുക. പുതുവസ്ത്രം എടുക്കാനുള്ള മോഹം മനസിൽ ഒതുക്കി ആ കാശ് കൂടി തന്റെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് വേണ്ടി മാറ്റി വെക്കുന്നവരായിരുന്നു പല പ്രവാസികളും.
രണ്ടും മൂന്നും വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ പോകുന്ന ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് നാട്ടിലെ പെരുന്നാളോർമകൾ വല്ലാത്തൊരു വേദന നിറഞ്ഞ ഓർമയാണ്. പ്രവാസത്തെ ശപിച്ചു പോകുന്ന സന്ദർഭങ്ങളാണിത്. ഇരുപതും നാൽപതുമൊക്കെ വർഷങ്ങൾ ഗൾഫിൽ ജീവിക്കുന്ന ഇവർ ഇക്കാലയളവിൽ ആകെ രണ്ടോ മൂന്നോ പെരുന്നാളുകളായിരിക്കും നാട്ടിൽ കുടുംബത്തിന്റെ കൂടെ ആഘോഷിച്ചിട്ടുണ്ടാവുക.
ഇവർ തങ്ങളുടെ വേദനകൾ മറക്കുന്നത് കൂട്ടുകാരോടൊത്ത് പിറന്നാൾ അവധി ചെലവഴിക്കുമ്പോഴാണ്. പെരുന്നാളുകൾക്ക് പോലും അവധി ലഭിക്കാത്ത എത്രയോ പ്രവാസികളും ഇവിടെയുണ്ട്. റസ്റ്റാറന്റുകൾ, കഫറ്റീരിയകൾ, കോൾഡ് സ്റ്റോറുകൾ, കടകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ ജോലിയെടുക്കുന്ന പലർക്കും പെരുന്നാൾ ദിവസങ്ങളിൽ മറ്റു ദിവസങ്ങളേക്കാൾ ജോലി ഭാരം കൂടുതലുമായിരിക്കും.
അവധിയുള്ളവരിൽ അധികവും രാവിലെ എഴുന്നേറ്റ് പെരുന്നാൾ നമസ്കാരവും കഴിഞ്ഞു ഉച്ചവരെ കിടന്നുറങ്ങുന്നവരാണ്. ഇന്നത്തേക്കാളും ഏറെ സന്തോഷവും ആഘോഷവും നിറഞ്ഞതായിരുന്നു അവന്റെ പഴയ കാലത്തെ പെരുന്നാളുകൾ. പെരുന്നാളിനുള്ള ഒരുക്കങ്ങൾ നേരത്തേതന്നെ തുടങ്ങിയിട്ടുണ്ടാവും. മെസിലേക്കുള്ള ബിരിയാണി അരിയും ഇറച്ചിയും മറ്റു പല വ്യഞ്ജനങ്ങളുമൊക്കെ ദിവസങ്ങൾക്ക് മുമ്പ് തന്നെ വാങ്ങിവെക്കും. പെരുന്നാൾ നമസ്കാരം കഴിഞ്ഞു മിക്കവരുടെയും പ്രഭാതഭക്ഷണം ഉപ്പുമാവും ചായയുമായിരിക്കും.
കൂട്ടത്തിൽ ഒരു പഴമോ പഞ്ചസാരയോ കൂടിയുണ്ടാവും. ശേഷം റൂമിലുള്ള എല്ലാവരും കൂടി ഒരുമിച്ചു ഭക്ഷണം പാകംചെയ്യുന്ന ബഹളമായിരിക്കും. ഉള്ളി മുറിക്കുന്നതായിരിക്കും പലപ്പോഴും വലിയ ടാസ്ക്. ഒരു പണിയും ചെയ്യാതെ വലിയ വായിൽ ബഹളം വെക്കുന്ന വിരുതന്മാരും കൂട്ടത്തിൽ ഉണ്ടാവും. റൂമിൽ ഉള്ള സ്ഥലത്ത് നിലത്ത് സുപ്ര വിരിച്ച് ഭക്ഷണം വിളമ്പി ഒരുമിച്ചു അത് കഴിക്കുമ്പോഴും പലരുടെയും മനസ്സിൽ നാട്ടിൽ കുടുംബവുമൊത്ത് പെരുന്നാൾ ഭക്ഷണം കഴിക്കുന്ന ഓർമകളുടെ കടലിരമ്പമായിരിക്കും. ഭക്ഷണം കഴിച്ചതിനുശേഷം വൈകുന്നേരം പുറത്തേക്ക് കറങ്ങാൻ പോവുക എന്നതാണ് അന്നത്തെ മറ്റൊരു പ്രധാന പരിപാടി.
പാർക്കുകളിലും ബീച്ചുകളിലും കറങ്ങി ഒരു സിനിമയും കണ്ടു രാത്രി ഏറെ വൈകിയായിരിക്കും റൂമുകളിൽ തിരിച്ചെത്തുക. കൂട്ടത്തിൽ ഏതെങ്കിലും സ്റ്റുഡിയോയിൽ കയറി കുറച്ചു ഫോട്ടോകളും എടുക്കും. നാട്ടിലേക്ക് പോകുന്ന ഏതെങ്കിലും ആളുടെ കൈയിൽ ഈ ഫോട്ടോകളും പെരുന്നാൾ വിശേഷങ്ങൾ വിസ്തരിച്ചെഴുതിയ കത്തും കൊടുത്തയക്കും. ഇന്നത്തെ പോലെ മാളുകളോ ഫോണുകളോ വ്യാപകമായില്ലാതിരുന്ന ആ കാലത്ത് മനസ്സുകൾ തമ്മിലുള്ള അടുപ്പം ഏറെ ഹൃദ്യമായിരുന്നു.
ഇന്നത്തെ പ്രവാസിയുടെ പെരുന്നാളുകൾ ഏറെ മാറിപ്പോയിട്ടുണ്ട്. ബാച്ചിലർ റൂമുകളിലും ലേബർ ക്യാമ്പിലും ഉള്ളവർ പലരും പെരുന്നാൾ നമസ്കാരം കഴിഞ്ഞു തിരിച്ചു വന്നാൽ പിന്നെ ഉറക്കത്തിലോ ഫോണിലോ ആയിരിക്കും. കത്തുകൾക്ക് പകരം വിഡിയോ കാളുകളിലൂടെയുള്ള കുശലാന്വേഷങ്ങളാണിന്ന്.
പലരും ഭക്ഷണം പുറത്തുനിന്ന് കഴിച്ചു വൈകുന്നേരം വരെ കിടന്നുറങ്ങും. രണ്ടും മൂന്നും ദിവസം അവധി ലഭിക്കുന്നവരും ഇന്നത്തെ ലേബർ ക്യാമ്പുകളിലും ബാച്ചിലേഴ്സ് റൂമുകളിലുമുണ്ട്. പെരുന്നാൾ അവധി ചെലവഴിക്കാൻ ഇഷ്ടം പോലെ മാളുകളും ബീച്ചുകളും ഇന്ന് ലഭ്യമാണ്. പെരുന്നാൾ ആഘോഷിക്കാൻ ബഹ്റൈനിൽനിന്നും സൗദിയിലേക്കും മറ്റിതര ജി.സി.സി രാജ്യങ്ങളിലേക്കും പോകുന്നവരുടെ എണ്ണവും മുൻവർഷത്തേക്കാൾ ഏറെ അധികരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.