ദുബൈ: പരസ്പര സ്നേഹത്തിന്റെയും സാഹേദര്യത്തിന്റെയും സന്ദേശം ഉണർത്തുന്ന പുണ്യദിനമാണ് ക്രിസ്മസ്. യേശുവിന്റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള ജനത ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണിത്. പുൽക്കൂടും നക്ഷത്രങ്ങളും ഒരുക്കിയും നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മനോഹരമായ ക്രിസ്മസ് ട്രീകൾ സ്ഥാപിച്ചും ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇയിലെ നഗരങ്ങൾ. ആഗോള തലത്തിൽ വിനോദ സഞ്ചാരികളുടെ ഇഷ്ട നഗരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ദുബൈ നഗരം തന്നെയാണ് അതിൽ ഒരുപടി മുന്നിൽ.
ദുബൈ ഗ്ലോബൽ വില്ലേജിലും എക്പോ സിറ്റിയിലും കൂറ്റൻ ക്രിസ്മസ് ട്രീകളാണ് ഒരുക്കിയിട്ടുള്ളത്. ദുബൈ നഗരത്തിന്റെ പ്രധാന ഇടങ്ങളിലെല്ലാം ക്രിസ്മസ് ട്രീകൾ പടർന്ന് പന്തലിച്ച് നിൽക്കുകയാണ്. ക്രിസ്മസ് ദിനത്തിൽ ദേവാലയങ്ങൾ സംഗീത സാന്ദ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ക്വയർ സംഘങ്ങൾ. അതിനായുള്ള പ്രത്യേക പരിശീലനങ്ങളും പലയിടങ്ങളിലും തുടർന്നു വരികയാണ്. അബൂദബി മാർത്തോമ ചർച്ചിലുമുണ്ട് ഏറെ പ്രത്യേകതകളുള്ള കൂറ്റൻ ക്രിസ്മസ് ട്രീ. നയനമനോഹരവും ഗംഭീരവുമായ കൂറ്റൻ ട്രീക്ക് 30 അടിയോളമാണ് ഉയരം. ദുബൈയിലെ അൽസീഫ് നഗരത്തിൽ ഒരുക്കിയ ക്രിസ്മസ് ട്രീക്ക് 39 മീറ്ററാണ് ഉയരം. ക്രിസ്മസിന്റെ വരവറിയിച്ച് ആഴ്ചക്കൾക്കു മുമ്പ് ക്രിസ്റ്റ്യൻ റസിഡൻഷ്യൽ ഏരിയകളിലെ ഭവനങ്ങളിൽ സ്റ്റാറുകൾ തൂക്കിയിട്ടിരുന്നു. വലിയ മാളുകളുടെ കവാടങ്ങളിലും സ്റ്റാറുകളും മിന്നിത്തിളങ്ങുന്നുണ്ട്.
എമിറേറ്റുകളിലെ വൻകിട മാളുകളും സൂപ്പർ മാർക്കറ്റുകളും ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സാന്താക്ലോസ് അപ്പൂപ്പന്റെ വസ്ത്രങ്ങളും സ്പെഷ്യൽ പ്ലം കേക്കുകളും സൂപ്പർ മാർക്കറ്റുകളിൽ വിൽപനക്കെത്തിക്കഴിഞ്ഞു. വൻകിട ഹോട്ടലുകൾ കൂറ്റൻ ക്രിസ്മസ് കേക്കുകൾ നിർമിച്ച് ഗിന്നസ് വേൾഡ് റെകോർഡ് സ്ഥാപിക്കാനുള്ള ഒരുക്കവും നടത്തുന്നുണ്ട്. രാജ്യത്തെ വസ്ത്രവിപണിയും ക്രിസ്മസ് ആഘോഷങ്ങൾ പ്രമാണിച്ച് സജീവമായിരിക്കുകയാണ്. വമ്പൻ ഓഫറുകളും പല സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ സർക്കാർ ക്രിസ്മസിന് പ്രത്യേക അവധി നൽകാറില്ലെങ്കിലും സ്കൂളുകൾ വിന്റർ അവധിയിലായതിനാൽ ഭൂരിഭാഗം ക്രിസ്തുമത വിശ്വാസികളും നേരത്തെ തന്നെ നാട്ടിൽ കുടുംബത്തോടൊപ്പം ആഘോഷിക്കാനായി യാത്ര തിരിച്ചു കഴിഞ്ഞു. അതേസമയം, ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പല ഇടവകകളും ക്രിസ്മസ് ആഘോഷങ്ങൾ മാറ്റിവെച്ചിരിക്കുകയാണ്.
ക്രിസ്മസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. യേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. പുതുലോകപ്പിറവിക്കായി രക്ഷകന് പുല്‍ക്കൂട്ടില്‍ പിറന്ന വിവരമറിഞ്ഞു ആദ്യമെത്തിയ ആട്ടിടയര്‍ക്ക് വഴികാട്ടിയായത് ആകാശത്തുദിച്ചുയര്‍ന്ന ഒരു നക്ഷത്രമായിരുന്നു. ആ സ്മരണകളാണ് ക്രിസ്മസ് നാളുകളില്‍ വീടുകളില്‍ നക്ഷത്ര വിളക്കുകളായി പരിണമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.