കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്രാപൗർണമി ഉത്സവം വെള്ളിയാഴ്ച നടക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്.
രാവിലെ ആറു മുതല്‍ ഒന്നാം കവാടത്തിലൂടെ ഭക്തരെ കയറ്റിവിടും. ഉച്ചക്ക് 2.30ന് ശേഷം ആരെയും മലമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പുലര്‍ച്ച നാലു മുതല്‍ ഇരുസംസ്ഥാനത്തിലെയും പൂജാരിമാര്‍, സഹകര്മി, പൂജാസാമഗ്രികളുമായി വരുന്നവര്‍ എന്നിവരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. അഞ്ചിന് ആറു ട്രാക്ടറിലായി ഭക്ഷണവും കയറ്റിവിടും. വൈകീട്ട് 5.30ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ല.
ഡിസ്പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണമോ ക്ഷേത്രപരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. മദ്യം, മറ്റ് ലഹരിപദാർഥങ്ങള്‍, മാംസ ഭക്ഷണം എന്നിവക്കും വിലക്കുണ്ട്. ഓഫ് റോഡ് ജീപ്പ് പോലെയുള്ള നാലുചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരുസംസ്ഥാനങ്ങളുടെയും ആർ.ടി.ഒമാര്‍ ഫിറ്റ്നസ് പരിശോധിച്ച് വാഹനത്തില്‍ സ്റ്റിക്കര്‍ പതിപ്പിക്കണം. ഉത്സവദിവസം വാഹനങ്ങളില്‍ അമിതമായി ആളെ കയറ്റാന്‍ പാടില്ല. കുമളി ബസ്സ്റ്റാന്‍ഡ്, അമലാംബിക സ്കൂള്‍, കൊക്കരക്കണ്ടം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പരിശോധിക്കും.
പ്രഥമശുശ്രൂഷ നല്കാന് മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും അഞ്ച് ആംബുലന്‍സും മലമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം അനുവദിക്കില്ല. അഞ്ച് ലിറ്റര്‍ കാന്‍ ഉപയോഗിക്കാം. 13 പോയന്റില്‍ കുടിവെള്ളം ഒരുക്കും. വനത്തിനുള്ളിൽ ഉച്ചഭാഷിണികൾ, ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകൾ, മൈക്ക് എന്നിവ അനുവദിക്കില്ല.
ഭക്ഷണ സാധനങ്ങൾ കടലാസിലോ ഇലകളിലോ പൊതിഞ്ഞതാകണം. മാധ്യമപ്രവര്‍ത്തകര്‍ക്കും രാവിലെ ആറു മുതലായിരിക്കും പ്രവേശനം. മുന്‍ വര്‍ഷത്തെക്കാള്‍ താല്‍ക്കാലിക ടോയ്ലറ്റ് സൗകര്യങ്ങള്‍ ഇത്തവണ സജ്ജീകരിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ തള്ളരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.