ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ആഘോഷങ്ങളുടെ മാസങ്ങളാണ് വൃശ്ചികവും ധനുവും. വൃശ്ചികത്തിന്റെ അവസാനത്തോടെ വീട്ടുമുറ്റത്ത്, നീളൻ കവുങ്ങുതടികളിൽ വെച്ചുകെട്ടിയ വെള്ള നിറത്തിലുള്ള ട്യൂബ് ലൈറ്റുകളാണ് പിന്നീടുള്ള രാവുകളെ പ്രകാശപൂരിതമാക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നതും അവിടെനിന്നു തന്നെ.
ആ വെളിച്ചത്തിലേക്ക് ആദ്യമെത്തുന്നത് അങ്ങാടിമരുന്നു പാട്ടിന്റെ ഈരടികളുമായി ചിലരാകും. അപ്പോൾ, മുറ്റത്തെ സപ്പോട്ട മരത്തിനുകീഴിലെ നിലവിളക്കിന് തിരിതെളിയും. നിറദീപത്തെ വലംവെച്ച് പാട്ടിന്റെ ശീലുകൾ ആശാൻ ശിഷ്യഗണങ്ങളിലേക്കു പകരും. മാർഗംകളിയുടെ ചുവടുകൾ മുറുകുകയായി. മിന്നിയും തെളിഞ്ഞുമുള്ള ട്യൂബ് ലൈറ്റുകളുടെ പ്രകാശത്തിൽ അവർ രാവെളുക്കുവോളം നൃത്തം ചെയ്തുകൊണ്ടേയിരിക്കും. ജാതിമത ഭേദമന്യേയുള്ള കലാസ്നേഹികൾക്കൊപ്പം ഉമ്മറക്കോലായിലിരുന്ന് ഒരു കൊച്ചുപെൺകുട്ടിയും അർഥമറിയാതെ അതേറ്റുപാടും.
ആ വെളിച്ചത്തിലേക്ക് തന്നെയാണ്, പല പാട്ടുകളുമായി കാരൾ സംഘങ്ങൾ വന്നുകയറുന്നതും. ക്രിസ്മസ് കാലമെത്തുന്നതോടെ വീടിനോടുചേർന്ന അച്ചടിശാലയുടെ പേരെഴുതിയ ബോർഡിനു മുന്നിൽ നക്ഷത്രം തൂക്കണമെന്ന് ഞാൻ വാശിപിടിക്കും. വർണം വിതറുന്ന ആ നക്ഷത്രവെളിച്ചത്തിലിരുന്ന് പുറം കാഴ്ചകളിലേക്ക് നോക്കും. നക്ഷത്രങ്ങളും പുൽക്കൂടുകളും കൊണ്ടു അലംകൃതമായ വീടുകൾ ചുറ്റും കാണാം.
അത്തരമൊരു ദിനത്തിൽ ഉറങ്ങാതെയുള്ള കാത്തിരിപ്പിലേക്ക്, നീളൻവടിയും വെള്ളത്താടിയുമായി ചുവപ്പുമയത്തിൽ സാന്താക്ലോസും സംഘവും വന്നു കയറും. കൈനിറയെ വർണക്കടലാസിൽ പൊതിഞ്ഞ മിഠായികൾ കിട്ടും. മിഠായികൾ രുചിച്ചതിനുശേഷം, വർണക്കടലാസുകൾ ചിത്രശലഭങ്ങളാക്കി നൂലിൽ കൊരുത്ത് മാലയാക്കും. തോരണമായി മുറിയിൽ അവ അലങ്കാരമാകും. കുഞ്ഞുനാളിലെ കുഞ്ഞു സംതൃപ്തികൾ...
‘ഇന്നുരാവിൽ മാലാഖമാർ പാടി...’
മഞ്ഞുപൊഴിയുന്ന രാവുകളിലെ കാരൾ സംഘത്തിന്റെ പാട്ടിനൊപ്പം ഡ്രം കൊട്ടുന്നതിന്റെ മുഴക്കം ഇന്നും കാതുകളിൽ ഉള്ളപോലെ.
കാരൾ സംഘങ്ങൾക്ക് കൊടുക്കാനുള്ള തുക അപ്പച്ചൻ മാറ്റിവെച്ചിട്ടുണ്ടാകും. അവരെ കട്ടൻകാപ്പിയും പരിപ്പുവടയും സ്നേഹപൂർവം കഴിപ്പിച്ചേ യാത്രയാക്കൂ.
ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആശംസകളുമായി ക്രിസ്മസ് കാർഡുകൾ വന്നെത്തിയിരുന്നതും അന്നാണ്. സ്നേഹവും പ്രണയവും ഓർമകളും അതിലൂടെ എത്രയോ പേർ പങ്കുവെച്ചു. കാർഡുകൾ കടകളിൽ നിരന്നിരിക്കുന്നതുതന്നെ മനോഹരമായ കാഴ്ചയായിരുന്നു. കാലാന്തരത്തിൽ അവ അന്യംനിന്നു.
തിരുപ്പിറവി തിരുനാളിന് ദേവാലയത്തിൽ വിശ്വാസികൾ ഒന്നിച്ചുകൂടും. കുന്തിരിക്കത്തിന്റെ പരിമളം നിറഞ്ഞുനിൽക്കുന്ന ഭക്തിസാന്ദ്രമായ പാതിരാ കുർബാനക്കുശേഷം മടങ്ങിയെത്തുമ്പോൾ വെള്ളയപ്പവും ഇറച്ചിക്കറിയും മുട്ട റോസ്റ്റുമെല്ലാം തീൻമേശയിൽ നിരന്നിരുപ്പുണ്ടാകും.
അത് ഒരു വീട്ടിലേക്ക് മാത്രമുള്ളതായിരുന്നില്ല. വാട്ടിയ വാഴയിലകളിൽ പൊതിഞ്ഞും കറികൾ തൂക്കുപാത്രത്തിലുമായി അയൽപക്കത്തെ വീടുകളിലേക്കും തന്നുവിടും. ‘ക്രിസ്മസ്’ എന്നാൽ പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമാണെന്ന് പഠിപ്പിച്ച, ഇന്നും മനസ്സിൽ കെടാതെ കത്തുന്ന നക്ഷത്രത്തിളക്കമുള്ള ഓർമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.