ദാരിദ്ര്യദുഃഖങ്ങളുടെ ദിവ്യദർശനമാണ് തിരുപ്പിറവി! സ്നേഹസഹനങ്ങളുടെ വിസ്മയങ്ങളാണ് പുൽക്കൂടിനെ അലങ്കരിക്കുന്ന നേർക്കാഴ്ചകൾ! ക്രിബിലെ രൂപങ്ങൾ ശ്രദ്ധിച്ചാലത് ആർക്കും മനസിലാകും. ജറൂസലമും ബത്ലഹേമും കാലിത്തൊഴുത്തും ജിംഗിൾ ബെൽസും എല്ലാവർക്കും സുപരിചിതമാണ്. പുതുവസ്ത്രങ്ങളണിഞ്ഞാണ് വിശ്വാസികൾ തിരുകർമങ്ങൾക്കായി ഇടവക പള്ളികളിലെത്തുക. വൃത്തിയായി ദേഹശുദ്ധി വരുത്തിയവർ ആത്മീയ സന്തുഷ്ടിക്കായി യഥേഷ്ടം ദേവാലയത്തിൽ നിർമലചിത്തരായി അതീവ ഭംഗിയിൽ കുടുംബസമേതം അണിനിരക്കും.
പാതിരാ കുർബാനയോടെ, തിരുപ്പിറവി ചടങ്ങുകളും സ്തോത്ര ഗീതാലാപനവുമായി ഭക്ത്യാദരം നടക്കുന്നു. ശേഷം വയ്ക്കോൽ മേൽക്കൂര മേഞ്ഞ് അലങ്കരിച്ച ക്രിസ്മസ് കൂട് സന്ദർശനം. വരിവരിയായി ചെന്ന് ഉണ്ണീശോയെ തൊട്ടു മുത്തി നേർച്ചകളിടുന്ന വേള. ഉണ്ണി പിറന്നതിൻെറ ഹാപ്പി ക്രിസ്മസ് അനുമോദനങ്ങൾ പരസ്പരം കൈമാറുകയും കേക്കു മുറിച്ച് വിതരണം ചെയ്യുകയും ചെയ്യും. പാശ്ചാത്യ അനുഷ്ഠാനങ്ങളായ വേഷം കെട്ടിച്ച സാന്താക്ലോസ് ചിലയിടങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്നു. ജിംഗിൾ ബെൽസ് പാടിയുള്ള കരോൾ ഉദ്ഘാടനത്തിന്, അപ്പൂപ്പൻതാടിയും കുടവയറുമുള്ള പപ്പ. ഊന്നുവടിയും ചെഞ്ചുമപ്പ് ഉടുപടയും സീസണ് ആകർഷണീയം.
ധരിക്കുന്ന തൊപ്പിയുടെ നീണ്ട അങ്കവാലിനറ്റം വർണപ്രകാശമുള്ള കുഞ്ഞുനക്ഷത്രം തൂങ്ങിക്കാണാം. മുഖംമൂടിയുള്ള സാന്താ ചോക്ലറ്റ് വിതരണം ചെയ്യുന്ന ഉദാരമനസ്കനും. സാന്തായുടെ നേതൃത്വത്തിലാണ് കരോൾ പാർട്ടിയുടെ നീക്കം. സ്വിറ്റ്സർലൻഡുകാരുടെ ക്രിസ്മസ് ട്രീ വലിയൊരു അനുകരണീയ അലങ്കാരമായി തീർന്നതിന്റെ നേർ സാക്ഷ്യമാണ് നമ്മുടെ നാട്ടിലെ ക്രിസ്മസ് മരങ്ങൾ. ക്രിസ്മസ് കാർഡ് മൊബൈൽ പ്രചാരത്തോടെ നിലച്ച മട്ടാണ്. എന്നാലോ, കശ്മീരിലെ ദാൽ തടാകത്തിലെ ലോകപ്രസിദ്ധമായ ഫ്ലോട്ടിങ് പോസ്റ്റ് ഓഫിസിൽ വിദേശസഞ്ചാരികളുടെ ക്രിസ്മസ് തിരക്ക് അരങ്ങേറുന്നത് എല്ലാവർഷവും മുറപോലെ തുടരുകയും ചെയ്യുന്നു. ഇവിടത്തെ പ്രത്യേക തപാൽ സ്റ്റാമ്പും മുദ്രകളും കൗതുക ഗ്രീറ്റിങ്സായി സ്വന്തം നാട്ടിലെത്തിക്കാനുള്ള തത്രപ്പാട്.
മഞ്ഞുപെയ്യുന്ന മുഴുവൻ ക്രിസ്മസ് രാത്രിയും ഫൺഫെയറായി കൊണ്ടാടുന്നതാണ് മാമൂല്. മരംകോച്ചുന്ന തണുപ്പിനെ വെല്ലാനും, കഴിക്കുന്ന കേക്കും കട്ടിയായ ഭക്ഷണവും ദഹിക്കാനായും ആബാലവൃദ്ധം തദവസരത്തിൽ വീഞ്ഞ് സേവിക്കുക പതിവുണ്ട്. വീഞ്ഞും ബിയറും കടന്നിപ്പോൾ മദ്യലഹരി ആഘോഷം പല മേഖലകളായി തരംതിരിഞ്ഞിരിക്കുന്നതാണ് കഷ്ടം. ക്രിസ്മസ് ഒരുക്കമായി വിശ്വാസികൾ 25 ദിവസത്തെ തീക്ഷ്ണ നോമ്പെടുക്കുക കാലങ്ങളായുള്ള പതിവാണ്. മത്സ്യമാംസാദികൾക്കൊപ്പം ദുശ്ശീലങ്ങളും വർജിക്കയാണ് സുക്ഷേമ ആചാരം. ഈ നോമ്പുവീടലിന് വിഭവസമൃദ്ധമായ സദ്യയാണ് വിഭാവനം ചെയ്യുക. മധുരം, മത്സ്യമാംസാദികൾ എന്നിവയാകും അധിക പങ്ക്.
മലയാളികളുടെ തനത് ക്രിസ്മസ് മധുരം വട്ടേപ്പമാണ്. ആവിയിൽ വേവിച്ചെടുക്കുന്ന വായരുചിയാർന്ന പശിമയുള്ള പലഹാരം. വീടുകളിലും ക്രിബ് അലങ്കരിക്കുന്നതും പതിവാണ്. അതിനൊപ്പം ക്രിസ്മസ് ട്രീയും. മോടിക്ക് നക്ഷത്രങ്ങളും തോരണങ്ങളും വർണവെളിച്ചവും മിന്നി മിനുങ്ങും. സമീപവാസികളിതെല്ലാം കൗതുകത്തോടെ കാണുന്നു. വീടുകളിൽ കരോളെത്തിയാൽ സാന്തായുടെ നൃത്തച്ചുവടിനൊപ്പം മതിമറന്ന് ആടുന്നതും പാടുന്നതും ബഹുരസം. പപ്പക്കു ഹസ്തദാനം. ബാലിശമോഹംപോലെ മിഠായി ഗിഫ്റ്റ് വാങ്ങലും ഉന്മാദം. വിശ്വാസത്തോളം വലുതാണ് വയസ്സരോടുള്ള വണക്കവും ഇണക്കവുമെന്നു തഴക്കം വന്നവർക്കും ബോധ്യപ്പെടും. ആ യാഥാർഥ്യമാണ് ക്രിസ്മസ് ആഹ്ലാദത്തിലെ മതരഹിത മധുരിമ!
എല്ലാ മതങ്ങളും അനുശാസിക്കുന്നവിധം ക്രിസ്മസിൻെറ കാതലായ സന്ദേശം ദാനധർമംതന്നെ. സ്വയം തിന്നുകുടിച്ച് വയറു വീർപ്പിച്ച് പരസ്യം പറഞ്ഞ് ഉല്ലസിക്കുന്നതിൽ തെല്ലും അർഥമില്ല. ബാഹ്യമായ സന്തോഷത്തേക്കാൾ ഹൃദയനിർമലരായി ഉള്ളതിൽനിന്നും ഉദാരമായി കൈയഴയുന്നവരാണ് ഭൂമിയിലെ കാണപ്പെടുന്ന ദൈവദൂതന്മാർ. നക്ഷത്രദീപം പ്രകാശിക്കുന്നത് സമാധാന ചിഹ്നമായി യുഗയുഗങ്ങൾ സങ്കൽപിച്ചുപോരുന്നതാണ് അടിയുറച്ച വിശ്വാസം. സുവിശേഷ സേവകനായ യേശു മഹത്ത്വത്തിൻെറ സിദ്ധാന്തവും ഒളിവീശുന്നതും ആ ദിശയിലാണ്. വിശ്വാസികൾ കരുതുന്ന വാഗ്ദാനം നിർലോഭമായ പരസഹായമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.