ഖത്തറിന്‍റെ മണ്ണിൽ ഇന്ത്യൻ പ്രവാസത്തിന് തിളക്കം സമ്മാനിച്ച വനിതകളെ ആദരിക്കാനെത്തുന്നത് മലയാള സിനിമാലോകത്തെ സൂപ്പർ താരം. തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് ഒട്ടനവധി ചിത്രങ്ങളിൽ നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരസുന്ദരിയാണ് മംമ്ത മോഹൻ ദാസ്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു പിന്നണി ഗായിക എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ. കണ്ണൂർ സ്വദേശിനിയായ മംമ്ത മോഹൻ ദാസ് ജനിച്ചുവളർന്നത് ബഹ്‌റൈനിലാണ്.
മോഡലിങ് രംഗത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നതും. ഒട്ടനവധി പരസ്യചിത്രങ്ങളിലും വേഷമിട്ടു. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ച മംമ്ത ഇപ്പോഴും പിന്നണിഗാന രംഗത്ത് സജീവം. 2005ലാണ് മലയാള ചലച്ചിത്ര ഫ്രയിമിൽ മുഖം കാണിക്കുന്നത്.
ആ വർഷം തിയറ്ററുകളിലെത്തിയ 'മയൂഖം' ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ അരങ്ങേറ്റം. ഹിറ്റുകളുടെ സംവിധായകനായ ഹരിഹരൻ ഒരുക്കിയ ചിത്രം തിയറ്ററുകളിൽ ഗംഭീര വിജയമായി. ചിത്രത്തിൽ ഇന്ദിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മംമ്ത ഏറെ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് മലയാളത്തിലും ഇതരഭാഷാ ചിത്രങ്ങളിലും കൈനിറയെ അവസരം ലഭിച്ച താരം നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു.
മലയാളത്തിലെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി വേഷമിടാനുമായി. ഏറ്റവും ഒടുവിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട 'ജനഗണമന' എന്ന ഡിജോ ജോസ് ആന്‍റണിയുടെ ചിത്രത്തിലെ ശ്രദ്ധേയ വേഷത്തിലും മികച്ചുനിന്നു. സബാ മറിയം എന്ന കോളജ് അധ്യാപികയുടെ വേഷവും സിനിമയുടെ കഥയുമെല്ലാം മാധ്യമശ്രദ്ധയും പിടിച്ചുപറ്റി. രണ്ടു പതിറ്റാണ്ടിലേക്ക് അടുക്കുന്ന ചലച്ചിത്ര കരിയറിനൊപ്പം മോഡലിങ് രംഗത്തും വളരെ സജീവമാണ്. തിളങ്ങിനിന്ന ചലച്ചിത്ര കരിയറിനിടയിൽ ക്ഷണിക്കാതെ കയറിവന്ന അർബുദം എന്ന വില്ലനെ തുരത്തി, അസാമാന്യ ഇച്ഛാശക്തി പ്രകടിപ്പിച്ച വനിതയെന്ന അപൂർവതയും മംമ്തക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.