നവാസ് വള്ളിക്കുന്ന് കുടുംബത്തോടൊപ്പം

പെരുന്നാൾ സുലൈമാനി

‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ സിനിമയിലെത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചും തകർത്തഭിനയിച്ചും മുന്നേറുന്ന യുവനടൻ നവാസ് വള്ളിക്കുന്നിന്റെ പെരുന്നാൾ വിശേഷങ്ങൾ

കോഴിക്കോട്ടെ വള്ളിക്കുന്നുകാരൻ

കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് വള്ളിക്കുന്നിലാണ് വീട്. ഇത് പ്രത്യേകം എടുത്തുപറയാൻ ഒരു കാരണമുണ്ട്. മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടിക്കടുത്ത വള്ളിക്കുന്നിലെത്തുമ്പോൾ പലരും എന്നെ വിളിക്കാറുണ്ട്, ഞങ്ങളിപ്പോൾ നവാസിന്റെ നാട്ടിലുണ്ടെന്ന് പറയും. മുമ്പൊരു ചാനൽ ടീം എന്നെ കാണാൻ പുറപ്പെട്ടു. കോഴിക്കോട് നിന്ന് പോന്നവർ ഒരു മണിക്കൂറോളമായിട്ടും വീട്ടിലെത്താത്തത് കണ്ടപ്പോൾ തിരിച്ചുവിളിച്ചു. അവരപ്പോൾ മറ്റേ വള്ളിക്കുന്നിലെത്തിയിരുന്നു. ഇനി എന്റെ കഥ ബാക്കി പറയാം. വള്ളിക്കുന്നിലെ പരേതനായ ആലിയുടെയും ബീവിയുടെയും അഞ്ച് മക്കളിൽ നാലാമൻ. പന്തീരാങ്കാവ് ഹൈസ്കൂളിലാണ് ഞാൻ പത്ത് വരെ പോയത്. പോയത് എന്ന് പറയാൻ കാരണം പഠിച്ചതെന്ന് പറയാൻ തോന്നാത്തതിനാലാണ്. പത്തിൽ സുന്ദരമായി തോറ്റതോടെ മുൻഗാമികളെ പിന്തുടർന്ന് കൂലിപ്പണിക്കിറങ്ങി. കൽപ്പണിയിലായിരുന്നു തുടക്കം. പിന്നെ പെയിന്ററായി.

എന്റെ മൂത്തത് മൂന്ന് പെങ്ങന്മാരാണ്; താഴെ അനിയനും. ജോലിക്ക് പോകുന്ന ഏക ആൺതരി എന്ന നിലയിൽ വലിയ ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. ഉപ്പ അസുഖബാധിതനായതോടെ അത് പിന്നെയും കൂടി. സ്കൂളിൽ പഠിക്കുമ്പോൾ അൽപസ്വൽപം മിമിക്രി കൈയിലുണ്ടായിരുന്നു. രണ്ടറ്റം മുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും അത് കൈവിട്ടില്ല. നാട്ടിൽ പരിപാടികളുണ്ടാകുമ്പോൾ മിമിക്സ് പരേഡുകൾ ചെയ്തു. പിന്നെ കാലിക്കറ്റ് ഷോ മേക്കേഴ്സിന്റെ ഭാഗമായി. സിനിമ തന്നെയായിരുന്നു ആത്യന്തിക ലക്ഷ്യം. 21ാം വയസ്സിൽ കല്യാണവും കഴിക്കേണ്ടിവന്നു. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു, ചിരിപ്പിക്കാൻ കഴിയുന്നവരെ സിനിമയിൽ എടുക്കുമെന്ന പരസ്യം കണ്ടെന്ന്. കോഴിക്കോട്ടായിരുന്നു ആദ്യ ഓഡിഷൻ. ചെന്ന് നോക്കിയപ്പോൾ കേരളത്തിലെ മിമിക്രിക്കാരുടെ സംസ്ഥാന മഹാ സമ്മേളനം. എന്നെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞടുത്തു.

2016ലാണ് ഞാൻ ആദ്യമായി എറണാകുളം കാണുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ഇല്ലെങ്കിൽ വിശ്വസിച്ചേ പറ്റൂ. നേരത്തേ പറഞ്ഞ ഓഡിഷൻ രണ്ടാം റൗണ്ടിനാണ് ഞാൻ കൊച്ചിയിൽ പോയത്. അതിലും ഞാൻ പാസായി. മഴവിൽ മനോരമയുടെ പരിപാടിയായിരുന്നു. ആദ്യത്തെ ഐറ്റം പാളി. പുറത്താകുമെന്ന് ഉറപ്പായപ്പോൾ എന്റെ സിനിമ സ്വപ്നവും പറഞ്ഞ് അവരോട് കരഞ്ഞു. ഒരു അവസരം കൂടി തന്നു. അതൊരു ബ്രേക്കായി. താമസിയാതെ സംവിധായകൻ സക്കരിയയുടെ വിളിയെത്തി, ‘സുഡാനി ഫ്രം നൈജീരിയ’യിലേക്ക്. അതിൽ ലത്തീഫ് എന്ന കഥാപാത്രം ചെയ്തു. അതൊരു തുടക്കമായി.

ഇഷ്ടികക്കമ്പനിയിൽ തളർന്നു വീണ പെരുന്നാൾ സങ്കടം

നോമ്പും പെരുന്നാളുമൊക്കെ നമ്മെ സന്തോഷത്തിന്റെ ബാല്യകാലത്തേക്കാണ് കൂട്ടിക്കൊണ്ടുപോവുക. കുട്ടിയായിരിക്കെ എനിക്കും ഉണ്ടായിരുന്നു പെരുന്നാളൊക്കെ നല്ലവണ്ണം ആഘോഷിക്കണമെന്നും സുഹൃത്തുക്കൾക്കൊപ്പം ട്രിപ് പോകണമെന്നുമൊക്കെ ആഗ്രഹം. പക്ഷേ, സാഹചര്യങ്ങൾ എല്ലാറ്റിനും തടസ്സമായി. പെരുന്നാളിന് നല്ല ഡ്രസ് വാങ്ങാനായി കുട്ടിക്കാലത്ത് കൂലിപ്പണിക്ക് പോയപ്പോഴുണ്ടായ അനുഭവം ഓർക്കുമ്പോൾ ഇപ്പോൾ ചിരിക്കണോ കരയണോ എന്ന കൺഫ്യൂഷൻ. ഇഷ്ടികക്കമ്പനിയിലായിരുന്നു പണി. ഇഷ്ടികകൾ ലോറിയിൽ നിറക്കണം. കണ്ടപ്പോൾ സിംപ്ൾ ആണെന്ന് തോന്നി. പക്ഷേ, കുറെ നേരമായിട്ടും ലോറിയുടെ കാൽഭാഗം പോലും നിറഞ്ഞില്ല. പിന്നെ ഞാൻ തളർന്നുവീണു. അതോടെ ആ പെരുന്നാൾ സ്വപ്നവും പൊലിഞ്ഞു.

അൽഹംദുലില്ലാഹ്, ഇപ്പോൾ ഹാപ്പി ആണ്. ഭാര്യ ഫരീദയും മക്കളായ പ്ലസ് വണുകാരൻ നിയാസും എട്ടിൽ പഠിക്കുന്ന നഫ്‍ലയും ഒന്നാം ക്ലാസുകാരി നിഹാലയും അടങ്ങുന്ന കുടുംബം. സ്വന്തമായി വീട് വെച്ചു. ഉപ്പ കൂടെയില്ലാത്ത സങ്കടം പെരുന്നാൾ ദിവസങ്ങളിൽ മനസ്സിനെ വല്ലാതെ പിടിച്ചുലക്കും. രണ്ടു വർഷം മുമ്പാണ് ഉപ്പ മരിച്ചത്. അസുഖബാധിതനായിരുന്നെങ്കിലും വീട്ടിൽ ഒരു കുറവും വരുത്താതെ കാര്യങ്ങൾ മാനേജ് ചെയ്ത് കൊണ്ടുപോകുമായിരുന്നു ഉപ്പ. എന്റെ സന്തോഷങ്ങൾക്കൊപ്പം ഉപ്പയും ഉണ്ടാകണമായിരുന്നു. ഉമ്മയുടെ പ്രാർഥന കൂടെയുള്ളത് ആശ്വാസം. ഞങ്ങളെ വളർത്താൻ വീടുകളിൽ പോയി ജോലി ചെയ്തും മറ്റും പാവം ഉമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ ഇടക്കൊക്കെ വിഷമം തോന്നുമെങ്കിലും ഒരു കോഴിക്കോടൻ സുലൈമാനിയിൽ എല്ലാം അലിയിച്ച് കളയും.

നവാസ് വള്ളിക്കുന്ന് 

പെരുമാനിയിലെ മുക്രിയും നാട്ടിലെ ഉസ്താദും

പടച്ചവന് സ്തുതി. ‘സുഡാനിക്കു’ശേഷം ‘തമാശ’യിലൂടെ മുന്നേറി ‘കുരുതി’യും കഴിഞ്ഞ് ‘പെരുമാനി’യിലെ മുക്രിയിലെത്തിനിൽക്കുന്നു. 40ഓളം സിനിമകൾ ചെയ്യാനായി. ചെറിയ നടനാണെങ്കിലും ആളുകൾ എന്നെയും തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നൊരു അഭിനേതാവ് ആകണമെന്ന സ്വപ്നത്തിലേക്ക് സഞ്ചരിക്കുകയാണ് ഞാൻ. പൂർണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച റഷീദ് പാറക്കലിന്റെ ‘മനോരാജ്യം’ ഉൾപ്പെടെ പുറത്തിറങ്ങാനിരിക്കുന്നു. ഒരു രസകരമായ അനുഭവം പറഞ്ഞ് അവസാനിപ്പിക്കാം. നാട്ടിലെ പള്ളിക്ക് സമീപം ഞാനുൾപ്പെടുന്ന ഒരു സിനിമ പോസ്റ്ററുണ്ടായിരുന്നു. യാദൃച്ഛികമായി ഞാൻ അതുവഴി പോകുമ്പോൾ ഉസ്താദും കുറച്ചുപേരും അവിടെ നിൽക്കുന്നതു കണ്ടു. ഞാൻ അടുത്തെത്തി സലാം പറഞ്ഞു. എന്നെയും പോസ്റ്ററിലേക്കും മാറിമാറി നോക്കി ഉസ്താദ് കൂടെയുള്ളവരോട് ചോദിച്ചു, ‘ഇത് മൂപ്പരല്ലേ?’ അതേ ഉസ്താദേ, ഞാൻ തന്നെയാണ്, നിങ്ങൾ എനിക്കുവേണ്ടി ദുആ ചെയ്യണം എന്ന് പറഞ്ഞ് ഞാൻ പോന്നു. സുഹൃത്ത് വിളിച്ചാണ് പിന്നെ അവിടെ സംഭവിച്ച കാര്യം പറഞ്ഞത്. ഉസ്താദ് മിനിറ്റുകളോളം നിർത്താതെ ചിരിച്ചത്രേ. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ‘ആദ്യമായാകും ഒരാൾ വന്നിട്ട് സിനിമ വിജയിക്കാൻ മൊയ് ല്യാരോട് ദുആ ചെയ്യാൻ പറയുന്നത്.’

അപ്പോ, മാധ്യമം വായനക്കാരായ എല്ലാ ചങ്കുകൾക്കും എന്റെ പെരുന്നാൾ ആശംസകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.