
ഒരു മാസക്കാലം വ്രതമെടുത്ത് സ്നേഹത്തിന്‍റെയും സൗഹാർദത്തിന്‍റെയും ഈദ് ആഘോഷിക്കുമ്പോൾ ചേർത്തു പിടിക്കേണ്ട ഒരു പാട് ആളുകളുണ്ട്. ബഹ്റൈനിലെ പ്രവാസി വെൽഫെയറിനെ ജീവകാരുണ്യ വിഭാഗമായ വെൽകെയർ ഗ്രൂപ്പിലെ പ്രവർത്തന കാലത്ത് ശവ്വാൽ അമ്പിളി മാനത്ത് തെളിയുമ്പോൾതന്നെ ഒട്ടും സമയം പാഴാക്കാതെ ഞങ്ങളുടെ വളന്‍റിയർമാർ രാത്രി പാതിര വരെ ധാന്യക്കിറ്റുമായി ലേബർ ക്യാമ്പിലേക്ക് പോകുന്ന ദൃശ്യങ്ങൾ ഇന്നും ഓർക്കുന്നു.
ഒരിക്കൽ ഈദ് തലേ രാത്രിയിൽ ഈസ്റ്റ് റിഫയിലുള്ള ഒരു ലേബർ ക്യാമ്പിൽ പോയപ്പോൾ അവിടെ കണ്ടത് അതിദയനീയ അവസ്ഥയായിരുന്നു. അവിടെ അരിച്ചാക്കുകൾ ഇറക്കിവെക്കുമ്പോൾ അവരുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. കുട്ടിക്കാലത്ത് എന്‍റെ ഉമ്മ ഇതുപോലെ ഈദ് രാത്രിയിൽ ഫിത്ർ സകാത്തിന്‍റെ അരി പാവപ്പെട്ടവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കാൻ നിർബന്ധിക്കുമായിരുന്നു.
അന്നൊക്കെ സൈക്കിളിൽ കിറ്റുകളുമായി ഓരോ വീട്ടിലും എത്തിച്ചു കൊടുക്കുമായിരുന്നു. അത് കൊടുത്തു വന്നാൽ ഉമ്മ എന്നെ സ്നേഹത്തോടെ ചേർത്തു പിടിക്കുമായിരുന്നു. ഒരു പക്ഷേ ഈ അനുഭവമാകാം ഈ സംഘടനയിൽ പ്രവർത്തിക്കുമ്പോൾ തൊഴിലാളികളുടെ കണ്ണീരൊപ്പാൻ പ്രേരിപ്പിക്കുന്നത്. ഇന്ന് ഫലസ്തീനിലേക്കും ഗസ്സയിലേക്കും നാം ഒരു എത്തിനോട്ടം നടത്തേണ്ടിയിരിക്കുന്നു. ഇസ്രായേൽ ഭീകര ആക്രമണത്തിൽ നട്ടം തിരിയുന്ന ഗസ്സ നിവാസികൾക്ക് ഐക്യദാർഢ്യമായിരിക്കണം ഈ ഈദ് ദിനങ്ങൾ.
അതുപോലെ ഇന്ത്യയിൽ ഇന്ന് ചിലരുടെ ആഘോഷം മറ്റു മതസ്ഥർക്ക് ഭീതിയുടെയും നെഞ്ചിടിപ്പിന്‍റെയും അവസ്ഥ ഉണ്ടാക്കുന്നു. ഒരു വിഭാഗത്തിന്‍റെ ആരാധനാലയങ്ങൾ ആക്രമണങ്ങളിൽനിന്ന് പ്രതിരോധിക്കാൻ വേണ്ടി ടാർപായകൾ കൊണ്ടു മൂടേണ്ടി വരുന്നു. ഇത്തരം ഭീതിജനകമായ അവസ്ഥകളാണ് നാം ദിനംപ്രതി കാണേണ്ടി വരുന്നത്. നാട്ടിൽ യുവതലമുറയാകട്ടെ മയക്കുമരുന്ന് മാഫിയയുടെ നീരാളിപ്പിടിത്തത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു.
യുവതലമുറയെ നേർവഴിക്ക് കൊണ്ടുവരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്‍റെ ബാധ്യതയാണ്. അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടിയിരിക്കുന്നു. ധാർമിക മൂല്യങ്ങളുള്ള സമൂഹത്തെ വാർത്തെടുക്കാൻ എല്ലാവർക്കും ഒരുമിക്കാം. നമ്മുടെ ഈദ് ദിനങ്ങൾ എല്ലാവരുടേതുമാകട്ടെ. എല്ലാവരെയും ചേർത്തു പിടിക്കാൻ കഴിയട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.