വികാരവും വിവേകവും ഇണചേർത്ത് നൽകിയ മനുഷ്യ ജീവിതത്തിൽ നന്മയുടെയും തിന്മയുടെയും സാന്നിധ്യം സ്വാഭാവികമാണ്. എന്നാൽ, വികാരത്തെ വിവേകം അതിജയിക്കുന്നതിലൂടെയാണ് വ്യക്തിത്വ സംസ്കരണം യാഥാർഥ്യമാവുക എന്ന് പ്രപഞ്ച നാഥൻ അവനെ ഉൽബോധിപ്പിച്ചു.അതിനുള്ള സുന്ദരമായ മാർഗങ്ങളും നിർണയിച്ചുകൊടുത്തു. അവയാണ് ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളായി ഗണിക്കപ്പെടുന്ന ഇസ്‍ലാംകാര്യങ്ങൾ. അവ ഓരോന്നും വിശ്വാസി ജീവിതത്തിന്റെ മുഖമുദ്രയാണ്.
റമദാൻ ജീവിതം കനിഞ്ഞേകിയ റബ്ബിന് സമർപ്പിക്കുന്ന മാസമാണ്. ദേഹേച്ഛകൾക്ക് വിരുദ്ധമായി മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുന്ന മാസം. തിന്മകളിൽ ലയിച്ചുചേർന്ന മനുഷ്യജീവിതത്തെ നന്മയുടെ നയന മനോഹരമായ പൂങ്കാവനത്തിലേക്ക് പറിച്ചുനടുന്ന മാസം.ആരാധനയുടെയും ആത്മീയതയുടെയും നിറവസന്തമായി കണക്കാക്കപ്പെടുന്ന ഈ മാസത്തിലാണ് ജീവിത വിശുദ്ധിയുടെ പരിമളം വീശിക്കൊണ്ട് വിശുദ്ധ ഖുർആൻ വിടർന്നത്. ഇസ്‍ലാമിന്റെ ഭരണഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖുർആൻ ലക്കുകെട്ട ജാഹിലിയ്യാ സമൂഹത്തിന്റെ ജീവിത ഗതിയെ തന്നെ മാറ്റിമറിച്ചു. നന്മയുടെയും സമാധാനത്തിന്റെയും വിപ്ലവത്തിനാണ് പിന്നീട് ലോകം സാക്ഷ്യംവഹിച്ചത്.
ഒരു വിശ്വാസി വ്രതമനുഷ്ഠിക്കുന്നതിലൂടെ അവന്റെ ജീവിതത്തിന് നന്മയുടെ പ്രത്യേക അനുഭൂതി കൈവരുന്നു. സഹജീവികളെ പരിഗണിക്കാനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും പരിസരങ്ങളെ അവസരോചിതമായി പരിവർത്തിപ്പിച്ചെടുക്കാനും അതിലൂടെ അവന് സാധിക്കുന്നു.മനുഷ്യ ജീവിതത്തിൽ നന്മയുടെ തിരികൊളുത്തലാണ് ആത്മസംസ്കരണം.
പാപപങ്കിലമായ മാനവഹൃദയങ്ങളിൽ സുകൃതങ്ങളുടെ സൗധം പണിത്, ജീവിതത്തിന് ആത്മവിശുദ്ധിയെ വിരുന്നൂട്ടാൻ വിശ്വാസികൾക്ക് വ്രതമനുഷ്ഠിക്കുന്നതിലൂടെ സാധിക്കുന്നു. തൽഫലമായി, ഇതര സൃഷ്ടിജാലങ്ങൾക്ക് അർഹമായ സ്ഥാനമാനങ്ങൾ വകവെച്ചുകൊടുക്കാനും അവൻ പ്രാപ്തനാകുന്നു. ഇവിടെയാണ് റമദാൻ വ്രതത്തിന്റെ പ്രാധാന്യവും പ്രയോജനവും അനാവൃതമാകുന്നത്.
യു.എം. അബ്ദുൽറഹ്മാൻ മൗലവി കാസർകോട്, സമസ്ത ഉപാധ്യക്ഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.