ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോട്ട് പാക്ക് ഗ്ലോബൽ കമ്പനിയുടെ ജോർഡൻ ബ്രാഞ്ച് ജീവനക്കാരൻ എൻ.കെ. അബ്ദുൽ നാസറിന്റെ ജോർഡൻ നോമ്പനുഭവങ്ങൾ
ജോർഡനിൽ ഇതെനിക്ക് ആദ്യ റമദാനാണ്. കഴിഞ്ഞ നോമ്പു കാലത്ത് ജോലി ചെയ്തിരുന്ന മൊറോക്കോയേക്കാൾ തണുത്ത മെഡിറ്ററേനിയൻ കാലാവസ്ഥയിൽ എങ്ങനെയിരിക്കും നോമ്പ് എന്നത് ആകാംക്ഷയായി നിന്നു. ജോർഡന്റെ തലസ്ഥാന നഗരിയായ അമ്മാനിൽ ഇപ്പോൾ തണുപ്പ് കുറഞ്ഞിട്ടുണ്ട്. അന്തരീക്ഷ ഊഷ്മാവ് ഒറ്റയക്കത്തിൽനിന്നു രണ്ടക്കത്തിലേക്കും ഇടക്കിടക്ക് പത്തൊൻപതിലേക്കും ഇരുപതിലേക്കും ഒക്കെ എത്തുന്നുണ്ട്.
ആദ്യത്തെ അത്താഴത്തിന് ഉണർന്ന് ഫജ്ർ നമസ്കരിക്കാൻ പള്ളിയിൽ പോകണമെന്ന ആഗ്രഹത്തോടെ അലാറം വെച്ച് കിടന്നു. മൂപ്പർ പതിവുപോലെ തന്റെ ഡ്യൂട്ടി നിർവഹിച്ചെങ്കിലും ഒന്ന് കൂടി തിരിഞ്ഞു മറിഞ്ഞുകിടന്നു. പിന്നെ ഒന്നിനും സമയമില്ല. രണ്ട് മുട്ടയെടുത്ത് ബുൾസ് ഐ ആക്കി, ചായയും ഉണ്ടാക്കി കഴിച്ചു. അപ്പോഴേക്കും സുബ്ഹി നമസ്കാരത്തിന്റെ ഒന്നാം ബാങ്ക് കേട്ടു. ഇവിടെ സുബ്ഹിക്ക് രണ്ടുതവണ ബാങ്ക് കൊടുക്കും. ശരിക്കുമുള്ള ബാങ്കിന്റെ 15 മിനിറ്റ് മുമ്പ് രണ്ടാം ബാങ്ക്. ഒന്നാം വിളി കേട്ടപ്പോൾ തന്നെ കുടിയും തീനും നിർത്തി വുളു എടുത്ത് പള്ളിയിലേക്ക് പുറപ്പെട്ടു. അമ്മാനിൽ വന്നെത്തിയ കഴിഞ്ഞ ഡിസംബറിൽ ആദ്യമായി ഒന്നാം ബാങ്ക് വിളി കേട്ടപ്പോൾ തന്നെ ഞാൻ സുബ്ഹി നമസ്കരിച്ചിരുന്നു. പിന്നെ വീണ്ടും ബാങ്ക് വിളി കേട്ടപ്പോഴാണ് അമളി പറ്റിയതറിഞ്ഞതും സുബ്ഹിക്കുള്ള രണ്ട് വിളി സമ്പ്രദായം മനസ്സിലായതും.
ഏഴ് പർവതങ്ങളുടെ മുകളിലാണ് ഏതാണ്ട് 40 ലക്ഷം ജനസംഖ്യയുള്ള അമ്മാൻ നഗരം നിലകൊള്ളുന്നത്. പിന്നെ ചെറുകുന്നുകളും മലകളും വേറെയും. ഒരു കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ താഴെ കാണുന്ന മലഞ്ചെരിവുകളും പച്ചപ്പും താഴ്വാരങ്ങളും ചന്തമേറിയ കാഴ്ചയാണ്. എങ്കിലും കുന്നിൻ മുകളിലുള്ള പള്ളിയിലേക്ക് നടന്ന് കയറുന്നത് കുറച്ച് പ്രയാസമാണ്. പ്രത്യേകിച്ചും 100 മീറ്ററിലേറെ കയറ്റം കയറേണ്ടിവരുമ്പോൾ. അമ്മാനിലെ ദഹിയത്ത് റഷീദിലുള്ള എന്റെ താമസസ്ഥലം കെട്ടിടത്തിൽ പകുതി ഭൂഗർഭത്തിലുള്ള ഫ്ലാറ്റാണ്.
മലയുടെ ചെരുവിൽ നിർമിക്കപ്പെട്ട അതിന്റെ ഒരു ഭാഗത്തേ ജനലുകൾ ഉള്ളൂ. അതേ ഫ്ലോറിൽ എതിർ വശത്തുള്ള ഫ്ലാറ്റുകാരൻ ഒഴിഞ്ഞുപോയപ്പോൾ ഭൂഗർഭത്തിലെ ആ നിലയിൽ ഞാൻ ഏകനായി. പ്രഭാത പ്രാർഥനക്കുള്ള രണ്ടാം വിളി കേട്ട് ഞാൻ ഫ്ലാറ്റിന്റെ വാതിലടച്ച് കോണി കയറി റോഡിലേക്കെത്തി. തൊട്ടടുത്ത വീടുകളൊക്കെ വർണവിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പുണ്യ റമദാനിനെ വരവേൽക്കാൻ അമ്മാൻ പട്ടണം ഒരുങ്ങിയിരിക്കുന്നു. ഒരു നിമിഷം എല്ലാം വീക്ഷിച്ച് അങ്ങനെ നിന്നുപോയി. കുന്നിനു മേലെയുള്ള മസ്ജിദ് സിദ്ധീഖ് പള്ളിയിലേക്ക് അബ്ദുല്ലാഹ് അസ്ലമി റോഡിലൂടെ 50 മീറ്റർ നടന്നപ്പോഴേക്കും ആ റോഡിലേക്ക് ചേരുന്ന അബ്ദുന്നൂർ ജൻഹോ റോഡിൽനിന്ന് ഒരു കാർ എന്റെയടുത്ത് വന്നുനിന്നു.
‘അസ്സലാമു അലൈക്കും. പള്ളിയിലേക്കാണെങ്കിൽ എന്റെ കൂടെ വരാം’.
ഞാൻ സലാം മടക്കി വണ്ടിയിൽ കയറി. ഇരുട്ടിൽ ഡ്രൈവറുടെ മുഖമൊന്നും കാണുന്നില്ല.
‘എന്റെ പേര് ആമിർ. താങ്കളുടെ പേരെന്താ’.
ഞാൻ എന്റെ പേര് പറഞ്ഞു. പിന്നെ കൂട്ടിച്ചേർത്തു.
‘ഞാൻ ഇന്ത്യക്കാരനാണ്’.
‘അഹ്ലൻ വ സഹ്ലൻ. ഇന്ന് ദക്ഷിണാഫ്രിക്കയിൽനിന്ന് കുറച്ച് ഇന്ത്യക്കാർ ഇവിടെ വിസിറ്റിന് വരുന്നുണ്ട്. പരിചയപ്പെടാം’.
അപ്പോഴേക്കും വണ്ടി മലകയറി പള്ളിക്കടുത്തെത്തി. കുത്തനെയുള്ള കയറ്റം കയറിയെത്തുമ്പോഴുള്ള കനത്ത കിതപ്പ് ഒഴിവായതിന്റെ ആശ്വാസത്തിൽ ആമിറിനോട് നന്ദി പറഞ്ഞു ഞാൻ പള്ളിയിലേക്ക് കയറി. നാട്ടിൽ, സൗദിയിൽ, യു.എ.ഇയിൽ, മൊറോക്കോയിൽ, ഇപ്പോൾ ജോർഡനിലും. ഓരോന്നോർത്ത് ഞാൻ പള്ളിയിലിരുന്നു. 15 മിനിറ്റ് കഴിഞ്ഞാണ് ഇമാം വന്നത്. മസ്ജിദ് നിറയെ ആളുകൾ. നമസ്കാരം കഴിഞ്ഞ് ഞാൻ ആമിറിനെ പള്ളിയിലും പുറത്തും പരതി. മുഖം ശരിക്ക് കണ്ടിട്ടില്ലാത്തതുകൊണ്ട് എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
മധ്യപൗരസ്ത്യ ദേശത്തെ മിക്കവാറും നോമ്പുതുറ വിഭവങ്ങൾ ജോർഡനിൽ ലഭ്യമാണ്. ഏറ്റവും വിശേഷപ്പെട്ടതായി തോന്നിയത് ഖമറുദ്ദീൻ എന്നു പേരുള്ള പാനീയമാണ്. ഉണങ്ങിയ ആപ്രിക്കോട്ട് പഴത്തിന്റെ പേസ്റ്റിന്റെ കട്ടിയുള്ള കഷണങ്ങൾ ഏറെ നേരം വെള്ളത്തിലിട്ട് അതിൽ പഞ്ചസാരയും റോസ് വാട്ടറും ചേർത്ത് ജ്യൂസായി അടിച്ചെടുക്കുന്ന ഈ പാനീയം ദാഹശമനത്തിന് അത്യുത്തമമെന്ന് ഞങ്ങളുടെ ഹോട്ട് പാക്ക് ഗ്ലോബൽ കമ്പനിയിൽ കൂടെ ജോലിചെയ്യുന്ന ജോർഡൻകാരനായ സഹപ്രവർത്തകൻ കമൽ നാജിയുടെ സാക്ഷ്യം. നമുക്ക് പരിചിതമായ ഈത്തപ്പഴത്തിനും സമൂസക്കും പുറമെ സാലഡ് എന്ന് വിളിക്കാവുന്ന ഫത്തൂഷും ഗുലാബ് ജാം പോലെയുള്ള ലുക്കയിമാത്ത് എന്ന മധുരവും ഖത്തായിഫ് എന്ന ഓട്ടട അല്ലെങ്കിൽ മടക്കടയും പിന്നെ ലബൻ എന്ന മോരും നോമ്പ് തുറക്കുള്ള വിഭങ്ങളാണ് ജോർഡനിൽ. പ്രധാന വിഭവങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതലാണെന്ന് തോന്നി ഇവിടെ.
ഇറച്ചിയും ചോറും വറുത്ത പച്ചക്കറികളും ഒക്കെ ചേർന്ന ‘മഗ്ലൂബ‘ എന്ന വിഭവം പേര് സൂചിപ്പിക്കും പോലെ അകം പുറം മറിച്ചിട്ടാണ് തീന്മേശയിൽ എത്തുക. ‘മുഹമ്മർ‘ എന്ന ‘മുസഖൻ ‘ വിഭവം ഫലസ്തീന്റെ ദേശീയ ഭക്ഷണമാണെന്നാണ് അറിയപ്പെടുന്നത്. ഖുബൂസിൽ വെച്ച് സെർവ് ചെയ്യുന്ന വിവിധതരം മന്തികൾ, മലൂഖിയ, മുന്തിരിയിലയിൽ പൊതിഞ്ഞ് തയാറാക്കുന്ന യലഞ്ചി, മഖ്ഷി, കുഫ്ത്ത, അറായിഷ്, ഷഷ്ബറക്ക് അങ്ങനെ നീളുന്നു പട്ടിക.
പിന്നെയുള്ള ദിവസങ്ങളിൽ പള്ളിയിൽ ദക്ഷിണാഫ്രിക്കൻ സംഘം നടത്തിയ ഉദ്ബോധനങ്ങൾ ആയിരുന്നു. ഫജ്ർ നമസ്കാരത്തിനും അസറിനും ശേഷം അവരുടെ ഇംഗ്ലീഷിലുള്ള ചെറു ഭാഷണങ്ങൾ, അവരുടെ കൂടെത്തന്നെയുള്ള ജോർഡാനികൾ അറബിയിലേക്ക് തർജമ ചെയ്തു. അറബി മാതൃഭാഷയായ ജോർഡനികളും പലസ്തീനികളും ഗൗരവത്തോടെതന്നെ ആ പ്രസംഗങ്ങൾ കേട്ടിരുന്നു. നോമ്പുകാലം മനസ്സുഖമുള്ള കാലമാണ്. ആകുലതകളും വ്യാകുലതകളും ഒഴിഞ്ഞ്, പ്രയാസങ്ങളെ നേരിടാൻ നമ്മെ പാകപ്പെടുത്തുന്ന കാലം.
പല അഹങ്കാരങ്ങളിൽ നിന്നും നമ്മെ മോചിപ്പിച്ച് സന്തോഷപ്പെടുത്തുന്ന കാലവും. ഇതെഴുതുമ്പോൾ നോമ്പ് 14 പിന്നിട്ടിരിക്കുന്നു. അബ്ദുല്ലാഹ് അസ്ലമി റോഡിലൂടെ പള്ളിയിലേക്കുള്ള എന്റെ നടത്തവും തുടരുന്നു. ആയുസ്സിൽ അമ്പതാണ്ടുകൾ പിന്നിട്ട ഞാൻ പള്ളിയിലേക്കുള്ള കയറ്റംകയറി വല്ലാതെ കിതച്ചുപോകാതിരിക്കാൻ അബ്ദുന്നൂർ ജൻഹോ റോഡിൽ നിന്ന് വരുന്ന ജോർഡനികളുടെ വണ്ടികൾ എന്നെയും കയറ്റി പള്ളിയെ ലക്ഷ്യമാക്കി മുന്നേറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.