ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഹജ്ജ് യാത്രക്കുള്ള അമിത വിമാനക്കൂലിക്ക് മാറ്റമുണ്ടാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കേരളത്തിലെ മറ്റ് എംബാർക്കേഷൻ പോയന്റുകളായ കണ്ണൂർ, കൊച്ചി എന്നിവിടങ്ങളുമായി കോഴിക്കോട് വിമാനത്താവളത്തെ താരതമ്യം ചെയ്യാനാവില്ലെന്ന ന്യായം നിരത്തിയാണ് മന്ത്രാലയത്തിന്റെ മറുപടി. കോഴിക്കോട്ടുനിന്നുള്ള വിമാനങ്ങളിൽ സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണം കുറയുന്നതുമൂലമാണ് യാത്രക്കൂലിയിലെ വർധനയെന്ന് മന്ത്രാലയം ന്യായീകരിച്ചു.
മലബാറിൽനിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാർക്ക് താങ്ങാനാവാത്ത യാത്രക്കൂലിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി ഹാരിസ് ബീരാൻ കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ ഡൽഹിയിൽ കണ്ടിരുന്നു. വിഷയത്തിൽ നിവേദനം നൽകുകയും ചെയ്തു. ഇതിനുള്ള മറുപടിയിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ഭൗമശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ വ്യത്യസ്ത എംബാർക്കേഷൻ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് മന്ത്രാലയം മറുപടി നൽകി.
ടേബ്ൾ-ടോപ് റൺവേ, വൈഡ്-ബോഡി വിമാനങ്ങളെ തടയുന്ന റൺവേ നിയന്ത്രണങ്ങൾ, യാത്രക്കാരുടെ എണ്ണക്കുറവ് എന്നിവ മൂലമാണ് കോഴിക്കോട്ടെ ഉയർന്ന നിരക്കെന്ന് മന്ത്രാലയം വ്യക്തമാക്കി. കോഴിക്കോട് തെരഞ്ഞെടുത്ത ഹജ്ജ് തീർഥാടകരുടെ എണ്ണം 2024ൽ 9770 ആയിരുന്നുവെങ്കിൽ 2025ൽ അത് 5591 ആയി ചുരുങ്ങിയിട്ടുണ്ട്.
മലബാറിലെ സാധാരണക്കാരായ ഹജ്ജ് തീർഥാടകരുടെ മുഖത്തടിക്കുന്ന നിരാശജനകമായ മറുപടിയാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റേതെന്ന് ഹാരിസ് ബീരാൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.