മക്ക: പ്രാർഥനകൾ പെരുമഴയായി പെയ്ത അറഫയിൽ തീർഥാടകലക്ഷങ്ങളുടെ സാഗരം. ഹജ്ജിന്റെ ശ്രേഷ്ഠമായ കർമം അറഫയാണെന്ന പ്രവാചകാധ്യാപനം നെഞ്ചേറ്റി മുസ്ലിം ലോകം വിശ്വമഹാ സംഗമത്തിൽ ഒറ്റക്കെട്ടായി പങ്കുചേർന്നു. ചൊവ്വാഴ്ച 20 ലക്ഷം ഹാജിമാർ അണിനിരന്ന അറഫാമൈതാനി കോവിഡിന് ശേഷം ആദ്യമായി മനുഷ്യസാഗരമായി മാറി. ഭക്തിമന്ത്രങ്ങളുമായി തിങ്കളാഴ്ച രാത്രിയോടെ അല്ലാഹുവിന്റെ അതിഥികൾ ഓരോ കൈവഴികളിലൂടെയും അറഫയിലേക്കൊഴുകി.
അറഫ മൈതാനിയിലെ നമിറ പള്ളിയിൽ സൗദി പണ്ഡിതസഭാംഗം ഡോ. യൂസുഫ് ബിൻ സഈദ് അറഫാ പ്രഭാഷണം നിർവഹിച്ചു. നന്മകളിൽ സഹകരിച്ച് ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കാൻ അറഫ പ്രഭാഷണത്തിൽ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. അറഫ പ്രഭാഷണത്തിന് ശേഷം തീർഥാടകർ ജബലുറഹ്മക്ക് സമീപം ഒരുക്കിയ താൽക്കാലിക തമ്പുകളിലേക്ക് മാറി. സൂര്യാസ്തമനം വരെ അവർ മനമുരുകി പ്രാർഥിച്ചു.
ഇടത്താവളമായ മുസ്ദലിഫയിൽ എത്തി രാപ്പാർത്തശേഷം പുലർച്ചയോടെ പിശാചിന്റെ സ്തൂപമായ ജംറത്തുൽ അഖ്ബയിൽ കല്ലേറ് കർമം നിർവഹിക്കും. ബലികർമം കൂടി നടത്തുന്നതോടെ ഹജ്ജിന് അർധവിരാമം കുറിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ തീർഥാടകർ സുബ്ഹി നമസ്കാരത്തോടെ അറഫയിൽ എത്തിച്ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.