ആത്മാവും ശരീരവും ശുദ്ധീകരിച്ച് നവചൈതന്യം നേടാന്‍ ലഭിക്കുന്ന അവസരമാണ് ഈ 30 ദിവസങ്ങള്‍. ഈ ദിവസങ്ങള്‍ പൂർണമായും പ്രയോജനപ്പെടുത്താന്‍ കഴിയുന്നവര്‍ ഭാഗ്യമുള്ളവരാണ്. മനസ്സില്‍ ആര്‍ദ്രത, സ്നേഹം, സദ് ചിന്തകള്‍ എന്നിവ ചേര്‍ത്ത് ഹൃദയം വിശാലമാക്കപ്പെടുന്ന മാസമാണിത്. അഞ്ചുനേരം നമസ്കാരം, അഗതികളെയും നിസ്സഹായരെയും സഹായിക്കല്‍, മാനവികതയുടെ പാരമ്യത്തില്‍ എത്തിച്ചേരല്‍, ക്ഷമ എന്ന മഹത്തായ സ്വഭാവത്തെ ശ്രദ്ധാപൂര്‍വം പരിപോഷിപ്പിക്കല്‍ എന്നിവ മാത്രമല്ല അടുത്ത റമദാന് വരെ ഈ മൂല്യങ്ങളൊന്നും ചോര്‍ന്നു പോകാതെ സംരക്ഷിക്കലും കടമയാണ്. ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം, വികാരവിചാരങ്ങള്‍ നിയന്ത്രിക്കുകയും ആത്മസംസ്കരണത്തിനുള്ള വഴികള്‍ കണ്ടെത്തുകയും വേണം. ഈ ഗുണങ്ങള്‍ ഏതൊരാളെയും മൂല്യമുള്ള മനുഷ്യനാക്കി മാറ്റാന്‍ സഹായിക്കുന്നു.
1. മനസ്സ് കളങ്കപ്പെടുത്തുന്ന ദേഷ്യം, പക തുടങ്ങിയ വികാരങ്ങളെ നിയന്ത്രിച്ച് മറ്റുള്ളവരോട് ഹൃദയപൂര്‍വം ക്ഷമിക്കുക.
2. വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവകൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക. അത് മറ്റുള്ളവരുടെ സന്തോഷത്തെ കെടുത്താന്‍ സാധ്യതയുണ്ട്.
3. മനസ്സ് കൃതജ്ഞതകൊണ്ട് നിറക്കുക. നിങ്ങള്‍ക്ക് ലഭിച്ച സന്തോഷങ്ങള്‍ക്കെല്ലാം ദൈവത്തോടും ചുറ്റുമുള്ളവരോടും കൃതജ്ഞതയുണ്ടാവുക.
4. പ്രാർഥനാപൂർണമായ രാവും പകലും.
5. അനുകൂല പദങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
6. ഹൃദയം വിശാലമാക്കുക. കൂടെ ജോലി ചെയ്യുന്നവര്‍, കീഴില്‍ ചെയ്യുന്നവര്‍ തുടങ്ങി എല്ലാവരോടും വിശാല മനസ്സോടെ പെരുമാറാന്‍ സാധിക്കുക.
7. ഉപാധികളില്ലാതെ എല്ലാവരെയും സ്നേഹിക്കുക. സ്നേഹമാകട്ടെ നമ്മുടെ ഭാഷ.
8. കണ്ടുമുട്ടുന്നവരില്‍ നന്മമാത്രം കാണാന്‍ കഴിയല്‍. കുറ്റം പറയല്‍, പരാതി പറയല്‍ എന്നിവ ഉപേക്ഷിക്കുക.
9. മിതമായ ഭക്ഷണം കഴിക്കുകയും ഭക്ഷണം പാഴാക്കാതിരിക്കുകയും ചെയ്യുക. മറ്റുള്ളവരുടെ വിശപ്പിന്റെ വില മനസ്സിലാക്കുക.
10. ശാരീരികവും മാനസികവും വൈകാരികവുമായി വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ നിയന്ത്രിക്കുക. സോഷ്യല്‍ മീഡിയ ഉപയോഗം കുറക്കുക. ഖുര്‍ആന്‍ പാരായണം, പ്രാർഥന എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുക.
നന്മയുള്ള നല്ല മനുഷ്യരായി മാറാന്‍ ഇതിലും മികച്ച മറ്റൊരു സമയമില്ല. ഈ ദിവസങ്ങളെ മനോഹരവും ആസ്വാദ്യകരവുമാക്കി സ്വയം ശുദ്ധീകരിക്കുന്ന ഓരോരുത്തരും പുതുചൈതന്യമുള്ളവരും മനുഷ്യരാലും ദൈവത്താലും വാഴ്ത്തപ്പെടുന്നവരുമായി മാറട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.