ആലപ്പുഴ: ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിൽ വിശുദ്ധിയുടെ വ്രതനാളുകൾ വന്നണഞ്ഞു. വീടുകളും പള്ളികളും ഇനിയുള്ള ദിനരാത്രങ്ങൾ പ്രാർഥന നിർഭരമാകും. വിശുദ്ധ ഖുർആൻ അവതീർണമായ റമദാന്റെ രാപ്പകലുകൾ നമസ്കാരവും പ്രാർഥനകളും ദാനധർമങ്ങളും നിർവഹിച്ച് പുണ്യംനേടാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. നോമ്പുതുറയടക്കം കണക്കിലെടുത്ത് പല പള്ളികളിലും വിപുലമായ സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. ആദ്യത്തെ പത്ത് (കാരുണ്യം), രണ്ടാമത്തെ പത്ത് (പാപമോചനം), മൂന്നാമത്തെ പത്ത് (നരകമോചനം) എന്നിങ്ങനെ വേർതിരിച്ചാണ് വിശ്വാസികൾ പലരും കാണുന്നത്.
രണ്ടാമത്തെ പത്തിലാണ് ചരിത്രത്തിന്റെ ഭാഗമായ ബദ്റിന്റെ ഓർമകൾ അയവിറക്കുന്ന റമദാൻ 17 (ബദർദിനം. വിധിനിർണയദിനവും ആരാധന കർമങ്ങൾക്ക് ആയിരം മാസത്തേതിന് തുല്യമായി പ്രതിഫലവും കിട്ടുന്ന ലെലത്തുൽഖദ്ർ പ്രതീക്ഷിക്കുന്ന അവസാനപത്തിൽ തീവ്രമായ ഭക്തിയും ശുദ്ധിയും നിലനിർത്തിയാണ് കർമങ്ങളിൽ മുഴുകുക.
രാത്രി ഉറക്കമൊഴിച്ച് പള്ളിയിൽ ഭജനയിരിക്കുന്നവർ (ഇഅ്തികാഫ് ) നമസ്കാരങ്ങൾ നിർവഹിച്ചും ദിവ്യസൂക്തങ്ങൾ ഉരുവിട്ടും കഴിച്ചുകൂട്ടുന്നു.
റമദാന്റെ മഹത്വം നിലകൊള്ളുന്നത് സൽപ്രവൃത്തികളും ഖുർആൻ പാരായണവും പഠനവുമാണ്.നമസ്കാരം, ഖുർആൻ പാരായണം, പഠനം, ഹദീസ് പഠനം, വിജ്ഞാന സദസ്സ്, ദിക്ർ, ദുഃആ എന്നിവയിൽ മുഴുകുന്ന ദിനരാത്രങ്ങളാണിനി വിശ്വാസികൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.