വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് വെള്ളേഴത്ത് പരേതനായ മുഹമ്മദിന്റെയും മറിയുമ്മയുടെയും മകൻ ഇബ്രാഹീം എന്ന 90കാരൻ പഴയകാല നോമ്പനുഭവങ്ങൾ വിതുമ്പലോടെയാണ് വിശദീകരിച്ചത്. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ പഴയകാല ജീവിതം പറയുമ്പോൾ പലപ്പോഴും മുഴുമിക്കാനാകുന്നില്ല.
അരിയാഹാരങ്ങൾ വിരളമായ കാലം. നദ്വത്ത് പള്ളിയിൽ നോമ്പുതുറ സമയത്ത് എത്തുന്ന കഞ്ഞി ആർത്തിയോടെ കഴിക്കും. അന്നത്തെ രണ്ട് പ്രമുഖ കുടുംബങ്ങളായ ആമിറ്റത്തുനിന്നും തേലാപ്പള്ളിയിൽനിന്നുമാണ് കഞ്ഞിയെത്തുന്നത്. ആദ്യ 15 ദിവസം ആമിറ്റത്ത് നിന്നാണെങ്കിൽ പിന്നത്തെ 15 ദിവസം തേലാപ്പള്ളിയിൽനിന്നായിരിക്കും.
അത്താഴത്തിന് പലപ്പോഴും പച്ചവെള്ളവും തൊടിയിലുണ്ടാകുന്ന കിഴങ്ങ് വർഗങ്ങൾ പുഴുങ്ങിയതുമായിരിക്കും. വിശപ്പ് പൂർണമായി മാറുന്നത് അപൂർവം. കൊടിയ ദാരിദ്ര്യത്തിന്റെ കാലവും ഇപ്പോഴത്തെ സമൃദ്ധിയുടെ കാലവും അനുഭവിക്കാനായത് ഭാഗ്യമാണ്.
50 പൈസക്ക് താഴെ ഒരു കിലോ ഇറച്ചി കിട്ടിയിരുന്നെങ്കിലും അതുപോലും വാങ്ങാൻ കഴിയാത്ത അവസ്ഥായിരുന്നു. ചെറുപ്രായത്തിൽ തുടങ്ങിയ വ്രതാനുഷ്ഠാനം 90ലും നിലനിർത്താൻ കഴിയുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. അന്നൊക്കെ ദാനധർമങ്ങളും ലഭിച്ചിരുന്നില്ല.
അത് നൽകാനുള്ള സമ്പത്ത് ആരുടെ കൈയിലും ഇല്ലായിരുന്നു. നോമ്പ് പൂർത്തീകരണത്തോടെ ഒന്നുരണ്ട് വീടുകളിൽനിന്ന് ഒരു കൈക്കുമ്പിൾ അരി സകാത്തായി ലഭിച്ചിരുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നോമ്പുകാലത്തും അല്ലാത്തപ്പോഴും നദ്വത്ത് സ്ഥാപനം ഒരാശ്രയമായിരുന്നു. നോമ്പല്ലാത്ത സമയങ്ങളിൽ നദ്വത്ത് മദ്റസയിൽനിന്ന് നേരത്തേ പറഞ്ഞ രണ്ട് കുടുംബങ്ങളിൽനിന്ന് ഉച്ചക്കഞ്ഞി ലഭിക്കുന്നത് ആശ്വാസമാമായിരുന്നു. സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്നതിന് മുമ്പുതന്നെ ഈ മദ്റസയിൽ ഉച്ചക്കഞ്ഞിയുണ്ടായിരുന്നു.
1947ന് ശേഷമുണ്ടായ ഈ മദ്റസയിൽ ഖുർആൻ, ഹദീസ്, ഫിഖ്ഹ് കൂടാതെ ഇംഗ്ലീഷ്, കണക്ക് തുടങ്ങിയവയും അഭ്യസിച്ചിരുന്നു. നൂൽ നൂൽപുപോലെ കൈത്തൊഴിലും അവിടെ പഠിപ്പിച്ചിരുന്നു. 1980കൾ മുതൽ ശരിയായ രീതിയിലുള്ള അറിവ് ലഭിച്ചതും തേലാപ്പള്ളി കുട്ടു ഹാജി വഴിയാണെന്നും ഇബ്രാഹീം സാഹിബ് അനുസ്മരിച്ചു.
രണ്ടുവർഷം മുമ്പ് ഭാര്യ ആസിയ ബീവി മരിച്ചു. ഷരീഫ്, റഹീം, അജാസ്, നൗഷാദ്, മൻസൂർ എന്നിവരാണ് മക്കൾ. ഇളയ മകൻ മൻസൂറിനോടൊപ്പമാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.