പയ്യന്നൂർ: ചൊവ്വാഴ്ച കർക്കടക സംക്രമം. ഇനി ഒരു മാസക്കാലം ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും രാമായണ ശീലുകൾകൊണ്ട് മുഖരിതമാവും. ഭീതി വിതക്കുന്ന മഴക്കാലത്തിന്റെ ദുരിതദിനങ്ങൾ തരണം ചെയ്യാനുള്ള കരുത്തു ലഭിക്കുന്നതിനാണ് പഴയകാലത്ത് രാമായണ പാരായണം പതിവാക്കിയതെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലാണ് പതിവെങ്കിലും ഇപ്പോൾ മിക്ക വീടുകളിലും വൈകുന്നേരങ്ങളിൽ പാരായണം ഉണ്ടാകാറുണ്ട്. ക്ഷേത്രങ്ങളിൽ രാവിലെ ആറുമുതൽ 12 മണിക്കൂർ നീളുന്ന അഖണ്ഡ പാരായണവും ഉണ്ടാകും. രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമവും പതിവാണ്.
ഓരോ ദിവസവും വായിക്കേണ്ട ഭാഗത്തെക്കുറിച്ച് കൃത്യമായ വ്യവസ്ഥയില്ല. എന്നാൽ യുദ്ധം, കലഹം, വ്യഥ, മരണം എന്നിവ പ്രതിപാദിക്കുന്ന ഭാഗങ്ങളിൽ നിത്യേന പാരായണം അവസാനിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ഓരോ ദിവസവും വായന ആരംഭിക്കുന്നതിനുമുമ്പായി ഗണപതി വന്ദനത്തോടൊപ്പം ബാലകാണ്ഡത്തിലെ ശ്രീ രാമ രാമാ രാമാ ശ്രീ രാമചന്ദ്ര ജയ… എന്നുതുടങ്ങുന്ന 14 വരികൾ ചിലയിടങ്ങളിൽ ചൊല്ലുക പതിവാണ്. യുദ്ധകാണ്ഡത്തിന്റെ അവസാന ഭാഗത്തുള്ള രാമായണ മാഹാത്മ്യം വായിക്കുന്നതും പതിവാണ്. ഏതുസമയത്തും വായിക്കാമെങ്കിലും വൈകീട്ട് വായിക്കുന്നതാണ് ഉത്തമം. തുടങ്ങിയാൽ ഒരു ദിവസവും മുടക്കമില്ലാതെ വായിക്കണം.
ജില്ലയിൽ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം കർക്കടകം രാമായണ മാസമായി ആചരിക്കുന്നു. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തളിപ്പറമ്പ് തുച്ഛംബരം ക്ഷേത്രം, വേളം ഗണപതി ക്ഷേത്രം, ചെറുതാഴം രാഘവപുരം ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, മാടായിക്കാവ് തുടങ്ങി വിവിധ ക്ഷേത്രങ്ങൾ ഇതിൽപെടും. കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ രാമായണ മാസാചരണം ചൊവ്വാഴ്ച തുടങ്ങും. എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, വൈകീട്ട് രാമായണ പാരായണം എന്നിവ ഉണ്ടാവും. 21ന് ഞായറാഴ്ച അഖണ്ഡ രാമായണ പാരായണവും ഉണ്ടാവും.
കുഞ്ഞിമംഗലം മഠത്തുംപടി ഭൂതനാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണം 16 മുതൽ ആഗസ്റ്റ് 16വരെ വിപുലമായി ആഘോഷിക്കും. കുഞ്ഞിമംഗലം മാന്യമംഗലം വേട്ടക്കൊരുമകൻ സോമേശ്വരീ ക്ഷേത്രത്തിലും കർക്കടക മാസം രാമായണ മാസമായി ആചരിക്കും. എല്ലാ ദിവസവും വൈകീട്ട് 5.30ന് രാമായണ പാരായണവും രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമവും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.