നമീറ പള്ളിയിൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ അറഫാപ്രഭാഷണം നിർവഹിക്കുന്നു

വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിൽനിന്ന് അകലം പാലിക്കുക -ഡോ. മുഹമ്മദ് അൽഈസ

ജിദ്ദ: വെറുപ്പിലേക്കും വിദ്വേഷത്തിലേക്കും നയിക്കുന്ന എല്ലാറ്റിൽനിന്നും അകന്നുനിൽക്കുക എന്നതാണ് ഇസ്‌ലാമി​ന്റെ മൂല്യങ്ങളെന്ന്​ സൗദിയിലെ മുതിർന്ന പണ്ഡിത സമിതി അംഗവും മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ പറഞ്ഞു. അറഫ സംഗമത്തിന്റെ ഭാഗമായി നമിറ പള്ളിയിൽ നടത്തിയ അറഫ പ്രസംഗത്തിലാണ്​ ഡോ. അൽഈസ മനുഷ്യരെ തമ്മിൽ അകറ്റുന്ന വെറുപ്പിൽനിന്ന് അകന്നുനിൽക്കാൻ ആഹ്വാനം ചെയ്തത്.

നല്ല സ്വഭാവം എല്ലാ മനുഷ്യർക്കുമിടയിൽ പൊതുവായ ഒരു മൂല്യമാണ്. മുസ്‍ലിമും മറ്റുള്ളവരും അതിനെ വിലമതിക്കുന്നു. സംസാരത്തിലും പ്രവൃത്തിയിലുമുള്ള നല്ല പെരുമാറ്റമാണത്​. ഇസ്‌ലാമിന്റെ മൂല്യങ്ങളിലൊന്ന് വെറുപ്പിലേക്കും വിദ്വേഷത്തിലേക്കും വിഭജനത്തിലേക്കും നയിക്കുന്ന എല്ലാറ്റിൽനിന്നും അകന്നുനിൽക്കുക എന്നതാണ്. ജനങ്ങളുമായുള്ള ഇടപെടലുകളിലും ഇടപാടുകളിലും സ്നേഹവും അനുകമ്പയും സൂക്ഷിക്കണമെന്നാണ് ഇസ്​ലാം അനുശാസിക്കുന്നത്​.

'റിസാലത്തി'ന് (പ്രവാചകത്വത്തിന്)​ സാക്ഷ്യം വഹിക്കുക എന്നതിന്റെ അർഥം പ്രവാചക​ന്റെ വാക്കുകളും കൽപനകളും അനുസരിക്കുക എന്നതാണെന്നും ഡോ. അൽഈസ വ്യക്തമാക്കി. ഈ പറഞ്ഞ മൂല്യങ്ങൾ ദൈവത്തി​ന്റെ പാശം മുറുകെ പിടിക്കുന്നതിന്റെ അർഥങ്ങളിൽ മുൻപന്തിയിലാണ്. മനുഷ്യർ തമ്മിൽ ഐക്യവും സാഹോദര്യവും സഹകരണവും ഉണ്ടാവണം. രാജ്യത്തി​ന്റെ അസ്തിത്വവും അതി​ന്റെ ഐക്യവും സംരക്ഷിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധരാവണം. മറ്റുള്ളവരുമായി നല്ല രീതിയിൽ ഇടപെടണം.

ഇസ്‌ലാം എല്ലാ മനുഷ്യരെയും അവരുടെ നന്മയിൽ ഉൾക്കൊള്ളുന്ന ഒരു സംഹിതയാണ്. മനുഷ്യരിൽ ഏറ്റവും ഉത്തമർ അവരിൽ ആളുകൾക്ക് ഏറ്റവും ഉപകാരമുള്ളവരാണെന്ന് പ്രവാചകൻ പറഞ്ഞ കാര്യം ഡോ. അൽഈസ സൂചിപ്പിച്ചു. ഇസ്​ലാമിക ശരീഅത്ത്​ നന്മയെ സ്നേഹിക്കുകയും ഹൃദയങ്ങളെ അനുരഞ്ജിപ്പിക്കുകയും ചെയ്യുന്നു. ആ മൂല്യങ്ങൾക്കിടയിലാണ്​ ഇസ്​ലാമിന്റെ വെളിച്ചം ലോകമെമ്പാടും വ്യാപിച്ചതെന്നും ഡോ. ഈസ പറഞ്ഞു.

Tags:    
News Summary - Keep away from creating hatred -Dr. Muhammad Al-Issa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.