നോമ്പും പെരുന്നാളും എന്നത് ഈ യുവജന നേതാവിന് നാടും വീടും കൂട്ടുകാരുമാണ്. കൂട്ടുകാരാണെന്നത് എടുത്തുപറയണം. അത്രക്കുണ്ട് സുഹൃത്തുക്കൾ തന്ന സ്നേഹം. ഉമ്മയുടെ നിര്‍ബന്ധവും ഉപ്പയുടെ ശിക്ഷണവും ചേരുമ്പോൾ ബാല്യകാലത്തെ നോമ്പും പള്ളിയിൽ പോക്കുമെല്ലാം ഓര്‍ക്കാൻ ഇപ്പോഴും നല്ല സന്തോഷമാണ്.
അത്താഴം കഴിക്കാതെ, നോമ്പു തുറക്കുമ്പോൾ കഴിക്കുന്ന ആഹാരം കൊണ്ടുതന്നെ പിറ്റേദിവസവും തുടരുന്ന നോമ്പനുഭവങ്ങളുടെ കുട്ടിക്കാലം മറക്കാതെ നിൽക്കുന്നു. തിരക്കുകളുടെ സംഘടന ലോകത്ത് നിറയുമ്പോഴും കുട്ടിക്കാലത്തെ നോമ്പോര്‍മകളുടെ മുറ്റത്തു കയറിയ അനുഭവത്തിലാണ് വസീഫ്. ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്റെ നല്ല തിരക്കിലും ഇത്തവണയും പെരുന്നാളിന് നാട്ടിലെത്തി നാടും വീടും സുഹൃത്തുക്കളുമൊക്കെയായി കൂടുകയാണ് ലക്ഷ്യം.
കോഴിക്കോടിന് കിഴക്ക് മുക്കം കൊടിയത്തൂര്‍ എന്ന ഗ്രാമത്തിന്റെ ശീലവും സംസ്കാരവും എല്ലാം നിറച്ചുവെച്ചതാണ് വസീഫിന്റെ നോമ്പും പെരുന്നാളും. നാട്ടിലെ പരമ്പരാഗത ശീലങ്ങളുടെ ഭാഗമായ ആഘോഷവും സന്തോഷവും കണ്ടു വളര്‍ന്ന നാളുകൾ. നാട്ടിലെ ഓരോ മനുഷ്യനിലും നിറച്ചുവെച്ച മായ്ക്കാനാകാത്ത ശീലങ്ങൾ. ഗ്രാമത്തിന്റെ നാട്ടുനന്മകൾ വിതറി നാട്ടുശീലമായി മാറിയ ഒന്നാണ് മുക്കത്തുകാര്‍ക്ക് നോമ്പ്. പള്ളികളും വീടുകളും അങ്ങാടികളും രാവേറെയും നീളുന്ന സന്തോഷങ്ങളുടെ ആഘോഷം. ഈ ശീലങ്ങളിലേക്ക് പിറന്നുവീണ വസീഫിനും പറയാനുള്ളത് ആ കുഞ്ഞുകാലത്തെ ആവേശം നിറച്ച നോമ്പുപിടിത്തമാണ്. ഇന്ന് തന്റെ മൂത്തമകൾ അഞ്ചാം ക്ലാസുകാരി അയ്ൻ ദഹ്റ കാണിക്കുന്ന നോമ്പ് സന്തോഷം അതാണ് കാട്ടിത്തരുന്നത്. ചെറുപ്പകാലത്ത് ഇതേ സന്തോഷമായിരുന്നു വസീഫിനും ഉണ്ടായിരുന്നത്.
നോമ്പു പിടിപ്പിക്കാൻ ഉമ്മ മുന്നിൽ നിൽക്കും. പിന്തുണയുമായി ഉപ്പയും. വസീഫിന്റെ ഓര്‍മകളിൽ നോമ്പിന്റെ ഓര്‍മകൾക്ക് നനവുണ്ടാകുന്നു. പ്രായം കൂടുമ്പോൾ നോമ്പിനോട് അത്ര അടുപ്പം കാണിക്കാതായാൽ ഉപ്പക്കും ഉമ്മക്കും നിറയെ പരിഭവമാണ്.
മുക്കത്തെ കമ്യൂണിസ്റ്റ് വീടെന്ന നിലയിൽ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും നിലപാടിന്റെ പിന്തുണകൂടി നിറഞ്ഞിരുന്നു. നോമ്പുകാലത്തെ തീൻമേശയിലെ മലബാര്‍ ശൈലി അങ്ങനെ പിന്തുടരുന്ന ശീലമല്ലായിരുന്നു. വിഭവങ്ങൾക്ക് നിയന്ത്രണം, ആവശ്യത്തിന് ഭക്ഷണം; ഇതായിരുന്നു കുഞ്ഞുന്നാളിലെ നോമ്പോര്‍മകളിൽ മനസ്സിലുടക്കിയ നല്ല ശീലം.
മുക്കത്തും കോഴിക്കോടും കോയമ്പത്തൂരുമൊക്കെ പഠിക്കുമ്പോഴും നോമ്പുകാലം വ്യത്യസ്ത ഓര്‍മകളാണ്. വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തന കാലത്ത് തിരക്കുകളുടെ നോമ്പുകാലമാണ്. കാലിക്കറ്റ് സര്‍വകലാശാല യൂനിയൻ ചെയര്‍മാനായി പ്രവര്‍ത്തിച്ചതടക്കമുള്ള തിരക്കിന്റെ നല്ലകാലം.
പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിക്കുമ്പോഴും നാടുതന്ന നല്ല സംസ്കാരത്തെ ചേര്‍ത്തുപിടിച്ച് നാട്ടിലെ പ്രവര്‍ത്തനങ്ങളിലും മുഴുകും. വസീഫിന്റെ നേതൃത്വത്തിലുള്ള മാനവ എന്ന വായനശാല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനം. നോമ്പുകാലത്ത് എല്ലാവരെയും പങ്കെടുപ്പിച്ച് നടത്തുന്ന ഇഫ്താര്‍ ഇപ്പോഴും മുടക്കാറില്ല. നാട്ടിലെ മതവ്യത്യാസമില്ലാതെ തുടരുന്ന ഒന്നാണ് ക്ലബിന്റെ ഈ ഇഫ്താര്‍ പരിപാടി. നാട് വളര്‍ത്തിയ മതനിരപേക്ഷ പാരമ്പര്യം അങ്ങനെതന്നെ നിലനിര്‍ത്തുന്നതിന് ഈ പ്രവര്‍ത്തനങ്ങൾ കാരണമാകുന്നുണ്ട്.
ഇന്ന് നോമ്പു സമയങ്ങളധികവും നാടിനു പുറത്താണ് ഉണ്ടാവുക. അപ്പോൾ അതിനനുസരിച്ചാണ് കാര്യങ്ങൾ. ഇഫ്താറുകളിലുണ്ടാകുന്ന ക്ഷണങ്ങൾ സ്വീകരിച്ച് അതിന് പോകുക എന്നതാണ് പ്രധാന പരിപാടി. സംഘടനകളും വ്യക്തികളും സംഘടിപ്പിക്കുന്ന ഇഫ്താറുകളുടെ ഭാഗമാകാൻ ശ്രമിക്കും. ഇത്തവണയും അത് ധാരാളമായി ഉണ്ടായി. വീട്ടിൽ അങ്ങനെ ഉണ്ടായത് കുറവായിരുന്നു. ഭാര്യ ഡോ. അര്‍ഷിത തിരുവനന്തപുരം ഹോമിയോ കോളജിൽ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കി വന്നിട്ടുണ്ട്. ഇളയ മക്കളായ അലൈൻ രേഹ, അഥീൽ മെറിൽ എന്നിവരും അയ്ൻ ദഹ്റക്കൊപ്പം പെരുന്നാൾ സന്തോഷത്തിന് തയാറാണ്.
പതിവു തെറ്റിക്കാതെ പുതിയ ഡ്രസെടുക്കൽ ഇത്തവണയും ഉണ്ട്. ഉപ്പയുടെയും ഉമ്മയുടെയും തറവാട്ടിൽ പോകലാണ് പ്രധാനം. രാവിലെതന്നെ എല്ലാവരുമായി അവിടേക്ക് പോകും. പെരുന്നാൾ ഭക്ഷണം വീട്ടിൽ ഒന്നിച്ചാണ്.
വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും പകരംവെക്കാനില്ലാത്ത പ്രോത്സാഹനം നൽകിയത് നട്ടു നനച്ചു വളര്‍ത്തി ഇന്നും തുടരുന്ന ബന്ധങ്ങളാണ്. അങ്ങാടിയിൽ കളഞ്ഞ സമയങ്ങളത്രയും വെറുതെയല്ല. ഓരോ ഇരുത്തവും സ്നേഹത്തെ വളര്‍ത്തുകയായിരുന്നു. അപ്പോൾ അവരും അവര്‍ സ്നേഹം പകര്‍ന്ന അങ്ങാടിയുമില്ലാതെ എന്താഘോഷം. അതിനായാണ് ഓരോ പെരുന്നാളിനും നാടണയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.