ദമ്മാം: റമദാൻ മാസത്തിലെ പതിനഞ്ചാം രാവിൽ (പൗർണമി ദിനം) കുട്ടികൾക്ക് ആഘോഷമൊരുക്കി ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്റ). കുട്ടികൾക്കുള്ള അറബ് സാംസ്കാരികോത്സവമാണ് ‘ഖിർഖിആൻ’. ഗ്രാമീണ ഗോത്രങ്ങൾക്കിടയിൽ മാത്രം നിലനിന്നിരുന്ന മനോഹരമായ ആഘോഷത്തെ ഇത്തവണ ഇത്റയുടെ വേദിയിലേക്ക് എത്തിച്ച് പുത്തനുണർവ് നൽകുകയായിരുന്നു.
നിലാവുള്ള രാവിൽ പുതുവസ്ത്രങ്ങളണിഞ്ഞ് ബെയ്തുകൾ (കാവ്യങ്ങൾ) ചൊല്ലി കുട്ടികളുടെ സംഘങ്ങൾ ഓരോ വീട്ടിലും എത്തും. അവർക്കായി പൊരികളും മിഠായികളും കളിപ്പാട്ടങ്ങളുമായി വീട്ടുകാർ കാത്തിരിക്കും. നോമ്പുനോറ്റാൽ കിട്ടുന്ന ഗുണങ്ങളും തങ്ങളുടെ സ്വപ്നങ്ങളുമെല്ലാം കുട്ടികൾ പാടിപ്പറയും. മിഠായികൾ അവരും വിതരണം ചെയ്യും. ഇത്റയിൽ സംഘടിപ്പിച്ച ഖിർഖിആൻ ആഘോഷങ്ങൾ അവിടെയെത്തിയ അതിഥികൾക്ക് അപ്രതീക്ഷിത അനുഭവമായി മാറി.
പ്രായഭേദമന്യേ എത്തിയവർ മിഠായി നിറച്ച കുട്ടകളും മിഠായിയും ഉരുളക്കിഴങ്ങ് ചിപ്സും നിറച്ച ട്രീറ്റ് ബാഗുകളും കുട്ടികൾക്ക് കൈമാറി. കുട്ടികൾ ഉൾപ്പെടെ പരമ്പരാഗതവസ്ത്രം ധരിച്ചാണ് ബെയ്ത് ചൊല്ലി സംഘമെത്തിയത്. പ്രവാചകനുശേഷമുള്ള തലമുറകളിലെവിടെയോ ആണ് ‘ഖിർഖിആൻ’ ആഘോഷങ്ങളുടെ തുടക്കം.
ഗ്രാമങ്ങളിലെ കുട്ടികൾ ഒത്തുകൂടി പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് അയൽവാസികളുടെയും ബന്ധുക്കളുടെയും വീടുകളിലെത്തും. കേരളത്തിൽ ബറാഅത്ത് രാവുകളിൽ മദ്റസ കുട്ടികൾ സംഘമായി വീടുകളിലെത്തുന്നതിന് ഏറക്കുറെ സമാനമാണിത്. ക്രമേണ യുവാക്കൾ ഉൾപ്പെടെ ഒരു സമൂഹംതന്നെ ഈ ആഘോഷങ്ങളുടെ ഭാഗമായി മാറി. പാരമ്പര്യവസ്ത്രം ധരിക്കാനും മധുരപലഹാരങ്ങൾ ശേഖരിക്കാനും സമൂഹവുമായി സമ്മാനങ്ങൾ കൈമാറാനും രംഗത്തെത്തി.
നോമ്പെടുക്കുന്ന കുട്ടികൾക്കുള്ള പ്രോത്സാഹനമായാണ് ആഘോഷത്തെ കാണുന്നത്. ഇത്റയിൽ ആഘോഷങ്ങൾക്കൊപ്പം നിരവധി കൗതുകങ്ങൾ നിറച്ച മ്യൂസിയവും കുട്ടികൾക്കായി തുറന്നിരുന്നു. കുട്ടികളെ ആഘോഷിക്കാൻവിട്ട് രക്ഷിതാക്കൾക്ക് വിശ്രമിക്കാൻ ധാരാളം ഇരിപ്പിടങ്ങളും പ്രത്യേകം ഒരുക്കിയിരുന്നു. കുട്ടികൾക്കായി ‘അദ്നാനും റമദാൻ വിഭവവും’ എന്ന കഥ പറഞ്ഞുകൊടുത്തു. കുട്ടികൾ ഉത്തരം പറഞ്ഞും ഏറ്റുപറഞ്ഞും കഥാകാരന് ചുറ്റും കൂടി. അതോടൊപ്പം കുട്ടികളുടെ മ്യൂസിയത്തിൽ പരമ്പരാഗത ഗെയിമുകൾ, ‘അധികം ഒരു മിഠായി’ ശിൽപശാല, കരകൗശല ശിൽപശാല ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.