റാസല്‍ഖൈമ: ഗള്‍ഫ് പ്രവാസത്തിലെ 40ാം റമദാനിലും രാജവീഥികളില്‍ പുണ്യങ്ങള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ് തൃശൂര്‍ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കുഞ്ഞുമോന്. റാസല്‍ഖൈമ പാലസില്‍ 1983ലാണ് കുഞ്ഞുമോന് (ഉമര്‍) ഗള്‍ഫ് ജീവിതം തുടങ്ങിയത്. ഭരണാധിപരുടെ കുടുംബാംഗങ്ങള്‍ക്കും അതിഥികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് മുഖ്യ ജോലി. മരുഭൂ ജീവിതം നാലു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഈ കൊട്ടാരവുമായി ബന്ധപ്പെട്ട 40 നോമ്പുമാസങ്ങളും ചാരിതാര്‍ഥ്യം നല്കുന്ന ഓര്‍മകളാണെന്ന് കുഞ്ഞുമോന് പറയുന്നു.
കാലം മാറിയെങ്കിലും സഹജീവികള്‍ക്ക് താങ്ങാവുകയെന്ന പൂര്‍വികരുടെ പാത പിന്തുടര്ന്നാണ് ഭരണാധികാരികളുടെയും തദ്ദേശീയരുടെയും ജീവിത യാത്രയെന്നത് അഭിമാനകരമാണ്. ഇന്ന് ഭക്ഷണ വിതരണവും അശരണര്‍ക്ക് സഹായമേകുന്നതും സര്‍ക്കാര്‍ സംവിധാനത്തിലൂടെയെങ്കിലും അതിനു പിന്നിലും ഭരണാധിപ കുടുംബങ്ങളുടെയും യു.എ.ഇ പൗരന്മാരുടെയും കൈയയഞ്ഞ സഹായമുണ്ട്.
ഭക്ഷ്യധാന്യങ്ങള്‍ പതിവിലുമേറെ സംഭരിക്കുകയെന്നതാണ് റമദാന് അടുക്കുമ്പോഴുള്ള അധിക ജോലിയില്‍ പ്രധാനം. കോവിഡ് മഹാമാരിക്ക് മുമ്പുവരെ കൊട്ടാരത്തില്‍ പാകം ചെയ്യുന്ന റമദാന് വിഭവങ്ങള്‍ നാലു മണിയോടെ തെരുവുകളിലും ലേബര്‍ ക്യാമ്പുകളിലുമെത്തിച്ചിരുന്നു. ഇപ്പോള്‍ നിശ്ചിത കുടുംബങ്ങളിലും ടെന്റുകളിലൂടെയുമാണ് ഇഫ്താര്‍ വിഭവങ്ങളുടെ വിതരണം. അവശതയനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമെത്തിക്കണമെന്നത് ഭരണാധിപ കുടുംബാംഗങ്ങളുടെ നിര്‍ബന്ധമാണ്.
എല്ലാ മേഖലയിലും ജോലിസമയം കുറയുമ്പോള്‍ റമദാനില്‍ ദൈര്‍ഘ്യമേറിയ തൊഴില്‍ ചെയ്യുന്നവരോടൊപ്പമാണ് കുഞ്ഞുമോനുണ്ടാവുക. നോമ്പുതുറക്കും അത്താഴത്തിനുമെല്ലാം ഭരണാധിപ കുടുംബങ്ങള്‍ക്കു പുറമെ അതിഥികളും ഉണ്ടാകും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഭക്ഷണം എത്തിക്കുകയും വേണം.
മലയാളികള്‍ ഉള്‍പ്പെടെ 60ഓളം പേർ റാക് പാലസില്‍ കുഞ്ഞുമോനൊപ്പം തൊഴിലെടുക്കുന്നുണ്ട്. ഭരണാധിപ കുടുംബാംഗങ്ങള്‍ നിശ്ചയിക്കുന്ന ദാനധര്‍മങ്ങള്‍ അര്‍ഹരായവരുടെ കൈകളിലെത്തിക്കേണ്ട ഭാരിച്ച ചുമതലയും കുഞ്ഞുമോനുണ്ട്. ഏറെ സന്തോഷം നല്‍കുന്നതാണ് തന്റെ തൊഴിലിടം. ഗള്‍ഫ് പ്രവാസം നാലു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഏറെ സംതൃപ്തനാണ്. തനിക്കൊപ്പമുള്ളവരും സന്തോഷത്തിലാണ്.
നല്ല ശതമാനം ജോലിക്കാരും മലയാളികളാണ്. പാചക ജോലിയില്‍ മലയാളികള്‍ മാത്രമാണുള്ളത്. തങ്ങളുടെയും നാട്ടില്‍ കുടുംബാംഗങ്ങളുടെയും ജീവിതം മുന്നോട്ടുനയിക്കുന്നത് ഇവിടത്തെ കൊട്ടാര സേവനമാണ്. നാട്ടുകാരും ബന്ധുക്കളുമായ 250ലേറെ പേര്‍ക്ക് യു.എ.ഇയില്‍ ജീവിതവഴി കാണിക്കാന്‍ നിമിത്തമായതില്‍ അഭിമാനമുണ്ട്. കുടുംബത്തോടൊപ്പം ഇവിടെ കഴിയാന്‍ സര്‍വ സൗകര്യവും അധികൃതര്‍ അനുവദിച്ചു. തനിക്ക് ലഭിക്കുന്നതില്‍ ഒരു വിഹിതം നാട്ടുകാര്‍ക്ക് ചെലവഴിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞുമോന് തുടര്‍ന്നു. ഭാര്യ: സാജിദ. ഫാത്തിമ, മഹ്റ, ഫായിസ്, റിയാസ് എന്നിവര്‍ മക്കളാണ്. മരുമകള്‍: സജ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.