ജബലുന്നൂറിലെ ഹിറ ഗുഹയിലേക്ക് പുതുതായി നിർമിക്കുന്ന പാതയുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ
മക്ക: ചരിത്രപ്രധാനമായ ‘ഹിറ ഗുഹ’യും അത് സ്ഥിതി ചെയ്യുന്ന ജബലുന്നൂറും (പ്രകാശ പർവതം) സന്ദർശിക്കുന്നതിന് പുതിയ സംവിധാനം ഒരുങ്ങുന്നു. ഗുഹയിലേക്ക് സുരക്ഷിതമായി കയറിപ്പോകാൻ നിർമിക്കുന്ന പാതയുടെ ആദ്യഘട്ടം പൂർത്തിയായതായി ഹിറ കൾചറൽ സെൻറർ അതോറിറ്റി അറിയിച്ചു.
പുതിയ പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കി വരുന്ന പ്രത്യേക പാതയിലൂടെ സർവിസ് നടത്തുന്ന വാഹനങ്ങൾ വഴി ജബലുന്നൂരിലെ മലകയറ്റം നിയന്ത്രിക്കും. മലയുടെ ഉച്ചിയിലുള്ള ഹിറ ഗുഹയിലെത്താൻ നിലവിലുള്ള വഴി അടയ്ക്കുകയും കൂടുതൽ സൗകര്യപ്രദമായ പുതിയ വഴി ഉടൻ തുറക്കുകയും ചെയ്യും.
ജബലുന്നൂറിെൻറ അടിഭാഗത്തുള്ള ഹിറ കൾചറൽ സെൻറർ ആസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന പ്രത്യേകം രൂപപ്പെടുത്തുന്ന പാതയിലൂടെ സഞ്ചരിച്ചാൽ ആളുകൾക്ക് നിഷ്പ്രയാസം ഹിറ ഗുഹ കാണാൻ സാധിക്കും.
ഗുഹയിലേക്കുള്ള ഈ വഴിയുടെ വശങ്ങളിൽ സൈൻ ബോർഡുകൾ, സുരക്ഷാ സംവിധാനങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, വഴിവിളക്കുകൾ എന്നിവ സ്ഥാപിക്കും. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വിപുലമായ സംവിധാനങ്ങളാണ് ഈവിധം ഇവിടെ പൂർത്തിയായി വരുന്നത്.
ജബലുന്നൂറിൽ 67,000 ചതുരശ്ര വിസ്തൃതിയിൽ നിർമിക്കുന്ന ഹിറ കൾചറൽ സെൻറർ പദ്ധതി വൈകാതെ പൂർത്തിയാകും. ഹജ്ജ്, ഉംറ തീർഥാടകരടക്കമുള്ള സന്ദർശകരെയും സൗദിയിലെ താമസക്കാരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന ചരിത്ര, സാംസ്കാരിക, ടൂറിസ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. പ്രവാചകെൻറ ദിവ്യബോധനത്തിെൻറ ചരിത്രം വിവരിക്കുന്ന എക്സിബിഷൻ ഹാൾ, ഖുർആൻ മ്യൂസിയം എന്നിവ സെൻറർ ആസ്ഥാനത്ത് ഒരുക്കുന്നുണ്ട്.
പ്രദേശത്തിെൻറ വികസനം സമയബന്ധിതമായി പൂർത്തിയാക്കിവരുകയാണെന്നും മെച്ചപ്പെട്ട സംവിധാനങ്ങളുമായി ജബലുന്നൂറിൽ ഒരുക്കുന്ന വിവിധ പദ്ധതികൾ പൂർത്തിയാകുന്നതോടെ സന്ദർശകർക്ക് ഏറെ ഹൃദ്യമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നും ഹിറ കൾചറൽ സെൻറർ ഓപറേറ്ററും സമയ ഇൻവെസ്റ്റ്മെൻറ് കമ്പനി സി.ഇ.ഒയുമായ ഫവാസ് അൽ മെഹ്രിജ് പറഞ്ഞു.
മക്കയിലെ മസ്ജിദ് ഹറമിൽനിന്നും നാല് കിലോമീറ്റർ അകലെയുള്ള ജബലുന്നൂറിലെ ഗുഹ കാണാൻ രാപ്പകൽ ഭേദമില്ലാതെയാണ് ആളുകളെത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 621 മീറ്റർ ഉയരത്തിലാണ് ഹിറ ഗുഹ സ്ഥിതി ചെയ്യുന്നത്.
മലയുടെ മുകളിലെത്താൻ ശരാശരി ഒന്നര മണിക്കൂർ സമയം വേണം. ചെങ്കുത്തായ വഴിയിലൂടെ മുകളിലെത്തി 20 മീറ്റർ താഴോട്ട് ഇറങ്ങിയാലേ ഗുഹാമുറ്റത്ത് എത്താൻ കഴിയൂ. പുതിയ റോഡിെൻറ പണി പൂർത്തിയാകുന്നതോടെ സന്ദർശകർക്ക് യാത്ര കൂടുതൽ സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.