കൊയിലാണ്ടി: മിഥുനത്തിന്റെ അവസാന സായാഹ്നത്തിൽ കലിയനെ വരവേറ്റു. കലിയനെ പ്രസാദിപ്പിച്ചാൽ പഞ്ഞമാസ കർക്കടകത്തിലും ഐശ്വര്യം വന്നെത്തുമെന്നാണ് വിശ്വാസം. വടക്കെ മലബാറിലെ പ്രധാന അനുഷ്ഠാനങ്ങളിലൊന്നാണ് കലിയൻ ആഘോഷം. പോയകാല കാർഷികസംസ്കൃതിയുടെ ഓർമപുതുക്കൽ കൂടിയാണിത്. പഴയ പ്രൗഢിയില്ലെങ്കിലും പൊതുസമൂഹത്തിന്റെ ആഘോഷമായി മാറിവരുന്നുണ്ട്. തോരാതെപെയ്യുന്ന മഴയിലെ ദുരിതങ്ങളെ ഇല്ലാതാക്കാൻ കലിയനെ പ്രസാദിപ്പിക്കുകയാണ് ലക്ഷ്യം. ജനങ്ങൾക്ക് ഐശ്വര്യം ഉണ്ടാകാൻ ആവശ്യമായതെല്ലാം കലിയൻ നൽകുമെന്നാണ് സങ്കൽപം.
നിലവിളക്കും പാത്രത്തിൽ വെള്ളവും കത്തിച്ച ചൂട്ടുമായി ‘‘ കലിയാ ...കലിയാ ....കൂയ് ചക്കേം മാങ്ങേം തേങ്ങേം താ..’’ എന്ന് ആർത്തുവിളിച്ച് മൂന്നു പ്രാവശ്യം വീടുചുറ്റുന്നു. അതിനുശേഷം വാഴപ്പാള കൊണ്ട് രൂപം നൽകിയ വീട്ടിൽ വിഭവങ്ങളൊരുക്കി പറമ്പിന്റെ തെക്കുഭാഗത്തെ പ്ലാവിന്റെ ചുവട്ടിൽവെച്ച് ഒരിക്കൽ കൂടി കലിയനെ വിളിക്കും. അട, ചോറ്, കഞ്ഞി, ചക്കപ്പുഴുക്ക്, മാങ്ങ, പപ്പടം തുടങ്ങിയ വിഭവങ്ങൾ ഉണ്ടാകും. വാഴത്തട കൊണ്ട് കലപ്പ, നുകം, ഏണി, കോണി, പ്ലാവില കൊണ്ട് കാള എന്നിവയുണ്ടാക്കും. ഇതിനുശേഷം ചേട്ടയെ അകറ്റി ശീപോതിയെ വീട്ടിലേക്കുക്ഷണിക്കും.
പൊട്ടിയ കലവും കുറ്റിച്ചുലുമായി ചേട്ടയെ അകലത്തെ കുറ്റിക്കാട്ടിൽ നിക്ഷേപിക്കും. പിന്നീട് വീടും പരിസരവും ശുചിയാക്കും. കർക്കടകം ഒന്നു മുതൽ മൂന്നുവരെ തുടരും. കർക്കടകത്തിന്റെ ദുർഘടം മാറി ഐശ്വര്യം വിളയാടുമെന്ന പ്രതീക്ഷയോടെ. പിറക്കാനിരിക്കുന്ന ചിങ്ങത്തിൽ മികച്ച വിളവിനായി കാത്തിരിക്കും.
മുൻകാലങ്ങളിൽ കുട്ടികൾ തിമിർത്താടുന്ന ദിവസം കൂടിയാണിത്. ഘോഷത്തിലുള്ള കലിയൻവിളികളാൽ അവർ അന്തരീക്ഷം മുഖരിതമാകുമായിരുന്നു. ഇന്ന് അത്തരം ശബ്ദങ്ങൾ നേർത്തു. എങ്കിലും ഗൃഹാതുരസ്മരണകൾ അയവിറക്കി പുതിയ പ്രതീക്ഷകളോടെ കലിയനെ ഹൃദ്യമായി വരവേൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.