പെരിന്തൽമണ്ണ: വിശുദ്ധ റമദാനിന്‍റെ രാപ്പകലുകളിലേറെയും ഖുർആൻ പകർത്തിയെഴുതുന്ന തിരക്കിലായിരുന്നു 72കാരനായ മാനത്തുമംഗലത്തെ ചാത്തോലിപറമ്പിൽ മമ്മദ്ക്ക. സൗദി അറേബ്യയിൽ പ്രവാചകന്‍റെ പള്ളിയിൽ (മസ്ജിദുന്നബവി) ലൈബ്രറിയിലേക്ക് കൈമാറിയ വിശുദ്ധ ഖുർആനിന്റെ വലിയ കൈയെഴുത്തു പ്രതിക്ക് ശേഷം മക്കയിൽ ഹറമിലേക്ക് നൽകാനുള്ള രണ്ടാമത് ഖുർആൻ പ്രതി തയാറാക്കുകയാണിദ്ദേഹം.
65 സെ.മീ വീതിയും 93 സെ.മീ നീളവുമുള്ള ഖുർആൻ പ്രതി സംരക്ഷണ പെട്ടിയടക്കം 40 കി.ഗ്രാം വരെ ഭാരം വന്നേക്കും. 2009ൽ ബി.എസ്.എൻ.എൽ ജൂനിയർ ടെലികോം ഒാഫിസറായി വിരമിച്ച ചാത്തോലിപറമ്പിൽ മമ്മദ് 2019 അവസാനത്തിലാണ് ആദ്യം തയാറാക്കിയ ഖുർആൻ പ്രതി മദീന പള്ളിയിലേക്ക് നൽകിയത്.
സൗദി കാര്യാലയത്തിൽ നടപടികൾക്കു ശേഷം അനുമതി വാങ്ങി ഔദ്യോഗിക ആശയവിനിമയങ്ങൾക്ക് ശേഷമാണ് അദ്ദേഹവും ഭാര്യ സുഹറയും ഇളയ മകൻ ഷബീറും കൂടി ഖുർആൻ പ്രതി മദീന പള്ളിയിലെത്തിച്ചത്. മദീന പള്ളി സന്ദർശിക്കുന്നവർക്ക് ലൈബ്രറിയിൽ എപ്പോൾ എത്തിയാലും കാണാം, ചാത്തോലിപറമ്പിൽ മമ്മദ്ക്കയുടെ കൈപ്പടയിൽ എഴുതിയ ആ വലിയ ഖുർആൻ പ്രതി.
രണ്ടാമത് തോന്നിയ മോഹമാണ് വിശുദ്ധ കഅ്ബ നിലകൊള്ളുന്ന മസ്ജിദുൽ ഹറാമിൽ അവിടത്തെ വിശാലമായ ലൈബ്രറിയിൽ കൈയെഴുത്തു പ്രതിയായി വലിയ ഖുർആൻ ഗ്രന്ഥം നൽകണമെന്ന്. മദീന പള്ളിയിൽ കൈയെഴുത്തു പ്രതി കൈമാറി മടങ്ങിയ വേളയിൽ തോന്നിയ മോഹമാണത്.
ഉസ്മാനീ ഖുർആൻ പ്രതി 604 പേജുകളിലാണ് ഇറങ്ങുന്നത്. അതിൽനിന്ന് ഒരു വ്യത്യാസവുമില്ലാതെ പേജുകളും ഒാരോ പേജിലെയും വരികളും കൃത്യമാക്കി ഏറെ സൂക്ഷ്മതയോടെയാണ് രണ്ടാമത് പ്രതിയും തയാറാക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയതാണ് കൈയെഴുത്ത്. 604ൽ 169 പേജുകളായി. 15 വരിയാണ് ഒരു പേജിൽ.
ഒരു വരി എഴുതാൻ ശരാശരി മുക്കാൽ മണിക്കൂറെടുക്കും. ഏറെ സൂക്ഷ്മതയോടെ ആദ്യം വായിക്കുകയും പിന്നീട് പെൻസിൽ ഉപയോഗിച്ച് അക്ഷരങ്ങൾ മാർക്ക് ചെയ്യുകയും പിന്നീട് പകർത്തുകയും ചെയ്യുന്ന രീതിയിലാണ് രചന. മുസ്ഹഫിൽ ഉള്ളതുപോലെയാണ് വരികളുടെ നീളം. ആദ്യ കൈയെഴുത്തു പ്രതി പൂർത്തിയാക്കിയത് കാണാൻ ഒട്ടേറെ പേർ മമ്മദ്ക്കയുടെ വീട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.