ഇരിങ്ങാലക്കുട: ബൈബിളിലെ നാല് സുവിശേഷങ്ങൾ പൂർണമായി പകർത്തിയെഴുതിയ കരുവന്നൂർ സ്വദേശിനിക്ക് രൂപത ബഹുമതി. കരുവന്നൂർ തേലപ്പിള്ളി സ്വദേശിനിയും റിട്ട. പ്രധാനാധ്യാപികയുമായ തേലപ്പിള്ളി പാറമ്മേൽ ലോനപ്പന്റെ ഭാര്യ മറിയാമ്മയാണ് 85ാം വയസ്സിൽ ബൈബിളിലെ നാല് സുവിശേഷങ്ങൾ പൂർണമായും പകർത്തിയെഴുതി ഇരിങ്ങാലക്കുട രൂപതയുടെ ബഹുമതി നേടിയത്.
രൂപതയിലെ അംഗങ്ങൾക്കായി പ്രായഭേദമന്യേ നടത്തിയ മത്സരത്തിലാണ് 50 ദിവസങ്ങൾ കൊണ്ട് ബൈബിളിലെ നാല് സുവിശേഷങ്ങളും 298 പേജുകളിലായി പൂർണമായി പകർത്തിയെഴുതി ഇടവക തലത്തിലും രൂപത തലത്തിലും സമ്മാനങ്ങൾ നേടിയത്.
ഇരിങ്ങാലക്കുട രൂപത ബൈബിള്‍ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പകര്‍ത്തിയെഴുതുന്ന ‘ലാബിബ്ലിയ 2023’ മത്സരത്തിൽ 380 പേരാണ് പങ്കെടുത്തത്. ഇതിൽ ഏറ്റവും കൂടുതൽ വയസ്സുള്ള കരുവന്നൂർ പ്രദേശത്ത് നിന്നുള്ള ഏക മത്സരാർഥിയാണ് മറിയാമ്മ ടീച്ചർ. ഇതടക്കം രൂപത സംഘടിപ്പിച്ച മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിതരണം ചെയ്തു. മൂർക്കനാട് സെൻറ് ആൻറണീസ് എൽ.പി സ്കൂളിൽനിന്നാണ് മറിയാമ്മ ടീച്ചർ പ്രധാനാധ്യാപികയായി വിരമിച്ചത്.
മായന്നൂർ, പേരാമ്പ്ര, കല്ലേറ്റുംകര, എടത്തിരിത്തി എന്നീ സ്കൂളുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. കരുവന്നൂർ സെൻറ് മേരീസ് പള്ളിയിൽ ദീർഘകാലം മതബോധന അധ്യാപികയായും ലിജിയൻ ഓഫ് മേരി, മാതൃസംഘം എന്നീ കൂട്ടായ്മകളിലും സജീവമായിരുന്നു. യു.എ.ഇയിലെ കരുവന്നൂർക്കാരുടെ സൗഹൃദ കൂട്ടായ്മയായ ‘ഏക യു.എ.ഇ’യുടെ ചെയർമാൻ ബെന്നി തേലപ്പിള്ളി മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.