മണലാരണ്യത്തിലൂടെയുള്ള ജീവിതയാത്രയില്‍ ചിങ്ങത്തിലെ കുളിർക്കാറ്റിന്റെ ഓർമ വന്ന് തഴുകുമ്പോള്‍, ഏതൊരു പ്രവാസിക്കും ജന്മദേശത്തേക്കുള്ള പ്രയാണത്തെക്കുറിച്ചുള്ള വെമ്പലായിരിക്കും. നാടിന്റെ ഓർമകള്‍, ചിങ്ങത്തിലെ പ്രഭാതം, പൂമണമുള്ള കാറ്റ്, നാടാകെ പൂവിട്ടുതുടങ്ങുന്ന നേരം, പൂക്കളുടെ ഉത്സവത്തിനായി നാടാകെ ഉണരുന്ന കാലം.
വീട്, വീട്ടുകാര്‍, കൂട്ടുകാര്‍, അയല്‍ക്കാര്‍ എപ്പോഴും ഓണത്തിനു മാത്രം തരാനാവുന്ന ഓർമകള്‍... ഓണത്തിന്റെ ആഘോഷം നാട്ടിലാണോ മറുനാട്ടിലാണോ ഗംഭീരമെന്ന ചോദ്യം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കും. ആഘോഷം കൂടുതൽ ഗൾഫിലാണെങ്കിലും ഓണം ഓണമാകണമെങ്കിൽ നാട്ടിൽതന്നെ വീട്ടുകാരുമൊത്ത് ആഘോഷിക്കണം എന്നാണ്.
നാട്ടിൻപുറത്ത് ജനിച്ചുവളർന്ന എന്റെയൊക്കെ കുട്ടിക്കാലത്ത് ഓണം ഞങ്ങള്‍ കുട്ടികള്‍ക്ക് എന്നും വലിയ ആഘോഷത്തിന്റെ നാളുകളായിരുന്നു. ഇല്ലായ്മയിൽ നിന്നാണെങ്കിലും ഓണം ആഘോഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഓണം എന്നു കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷവും ആവേശവുമായിരുന്നു ഞങ്ങളുടെ ബാല്യത്തിൽ.
ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് ഓണം ആവുമ്പോഴേക്കും പരീക്ഷ കഴിഞ്ഞു സ്കൂളുകൾ പൂട്ടും. ആ അവസരത്തിനായി കാത്തിരിക്കും. പിന്നീടുള്ള 10 ദിനങ്ങൾ ആഘോഷനാളുകളാണ്. പ്രവാസിയായശേഷവും ഓണം ഓർമയിൽ ഇന്നും മറക്കാതെ നിൽക്കുന്നത് എനിക്കും സഹോദരനും ഓണക്കാലത്ത് ചാച്ചൻ വീടിന് തെക്കേവശത്തുള്ള മാവിൽ ഇട്ടുതന്ന ഊഞ്ഞാലിനെപ്പറ്റിയാണ്. ഓണപ്പരീക്ഷ കഴിഞ്ഞാൽ മാത്രമേ ചാച്ചൻ അത് ഇട്ടുതന്നിരുന്നുള്ളൂ.
അതിൽ കയറിയിരുന്ന് ആടാൻ ഞങ്ങൾ രണ്ടു പേരും മത്സരിച്ചിരുന്നു. അടുത്തുള്ള വീട്ടിലുള്ള കുട്ടികളും ഊഞ്ഞാലാടാൻ വരുന്നത് ഇന്നും ഓർക്കുന്നു. അന്ന് വീട്ടിൽതന്നെ ലഭ്യമായിരുന്ന പൂക്കൾ ഉപയോഗിച്ച് വീട്ടുമുറ്റത്ത് ചെറിയ പൂക്കളം ഉണ്ടാക്കിയതും അമ്മയുടെ കൈകൊണ്ടുള്ള ഓണസദ്യ കഴിച്ചതും പ്രവാസ ജീവിതത്തിലെ മധുരമൂറുന്ന ഓർമകളാണ്.
നല്ല കാലഘട്ടത്തിലൂടെ കടന്നുപോകാൻ ഭാഗ്യം ലഭിച്ച നമുക്ക് വരുംതലമുറക്ക് ഓണം നമ്മുടെയൊക്കെ കാലത്ത് എങ്ങനെയായിരുന്നു എന്ന് പറഞ്ഞുകൊടുക്കാനെങ്കിലും സാധിക്കുമല്ലോ എന്നൊരാശ്വാസം മാത്രമേ ഉള്ളൂ ഇപ്പോൾ. പലതും നഷ്ടപ്പെടുന്ന കൂട്ടത്തിൽ ഓണവും ഓണക്കാലവും പകർന്നുനൽകിയ നന്മകൾ നമുക്ക് കൈമോശം വന്നു. എങ്കിലും ഓണവും ഓണക്കാലവും ഓരോ മലയാളിയുടെ മനസ്സിലും മായാതെ, മറയാതെ എന്നും എപ്പോഴും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.