മാവേലിക്കര: മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറത്ത് റമദാൻ വ്രതാനുഷ്ഠാനത്തിന്റെ മാനവികതയിൽ ഒന്നിക്കുകയാണ് തഴക്കര പഞ്ചായത്ത് പ്രസിഡൻറ് ഷീബ സതീഷ്. തുടർച്ചയായ രണ്ടാംവർഷവും റമദാൻ വ്രതമെടുത്ത് മതസാഹോദര്യത്തിന്റെ സന്ദേശം പകർന്ന് മാതൃകയാകുകയാണ് ഇവർ. കഴിഞ്ഞവർഷം മുപ്പത് നോമ്പിൽ 10 എണ്ണമാണ് കുന്നം സാന്ദ്രയിൽ ഷീബ സതീഷ് പിടിച്ചത്. ഇത്തവണ അതിന്റെ എണ്ണം കൂട്ടി. 20 നോമ്പ് അനുഷ്ഠിക്കുകയാണ് ലക്ഷ്യം.
സഹപ്രവർത്തക 13ാംവാർഡ് പഞ്ചായത്ത് അംഗം ഷൈനിസ എല്ലാ ദിവസവും പള്ളിയിൽനിന്നും നോമ്പ് തുറക്കാനായി കഞ്ഞി എത്തിച്ചുനൽകും. ഈ കഞ്ഞി കുടിച്ചാണ് നോമ്പുതുറക്കുന്നത്. അൽപം കഞ്ഞി ഇടയത്താഴത്തിനും മാറ്റിവെക്കും. മനുഷ്യരിൽ ത്യാഗമനോഭാവം വളർത്താൻ വലിയ പ്രചോദനമാണ് റമദാൻ നോമ്പ് നൽകുന്നതെന്നും നോമ്പെടുക്കൽ മനസ്സിനും ശരീരത്തിനും നൽകുന്ന അനുഭൂതി വിവരണാതീതമാണെന്നും ഷീബ സതീഷ് പറഞ്ഞു.
2014ൽ 10മാസം പ്രായമായ മകൻ സാവന്ത് രോഗം ബാധിച്ച് മരിച്ചു. ഇതേത്തുടർന്ന് മാനസികമായി തളർന്നെങ്കിലും പ്രാർഥനകളിലൂടെ മുന്നോട്ട് പോവുകയായിരുന്നു. പരസ്പര സ്നേഹവും സാഹോദര്യവും നിലനിൽക്കാൻ എല്ലാ മതങ്ങളുടെയും വ്യത്യസ്തമായ വിശ്വാസങ്ങളെ ആദരിക്കണമെന്നാണ് ഷീബയുടെ പക്ഷം.
പരുമല പള്ളിയിൽ പെരുന്നാൾ വരുമ്പോൾ പദയാത്ര തീർഥാടക സംഘത്തോടൊപ്പവും യാത്ര ചെയ്യാറുണ്ട്. കർക്കടക മാസത്തിൽ മുടങ്ങാതെ വീട്ടിൽ രാമായണവും വായിക്കും. ഭർത്താവ് സതീഷിന് വിദേശത്താണ് ജോലി. മകൾ സാന്ദ്ര സതീഷ് മാവേലിക്കര ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.