മസ്കത്ത്: സലാലയിലെത്തുന്ന സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതാണ് അൽ ഖാറാ മലമുകളിലെ അയ്യൂബ് നബിയുടെ കുടീരം. ഖുർആനിൽ പേര് പ്രതിപാദിച്ച പ്രവാചകനാണ് അയ്യൂബ് നബി. ബൈബിളിൽ ജോബ് എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനാൽ ഇസ്ലാം, ക്രിസ്ത്യൻ മത വിശ്വാസികൾ ഇവിടെ സന്ദർശകരായെത്തുന്നു. സലാലയിൽനിന്ന് 27 കിലോമീറ്റർ അകലെയാണ് അയ്യൂബ് നബിയുടെ കുടീരമുള്ളത്. 30 മിനിറ്റാണ് യാത്രക്കെടുക്കുക. പ്രധാന റോഡിൽനിന്ന് ഇവിടേക്കുള്ള റോഡ് അപകടം പതിയിരിക്കുന്നതാണ്.
ചെങ്കുത്തായ, വളഞ്ഞും പുളഞ്ഞുമുള്ള ഈ റോഡിൽ ഖരീഫ് കാലത്ത് മൂടൽമഞ്ഞ് നിറഞ്ഞിരിക്കുകയും കാഴ്ചപരിധി കുറയുകയും ചെയ്യും. അതിനാൽ പർവതനിരകളിൽ വാഹനം ഓടിച്ച് പരിചയമില്ലാത്തവർ ഗൈഡുകളുടെ സഹായം തേടുന്നതാണ് നല്ലത്. ഇവിടെ സന്ദർശിക്കുന്നവർ മാന്യമായി വസ്ത്രം ധരിച്ചിരിക്കണം. പുരുഷന്മാർ കാൽമുട്ടിന് മുകളിൽ കാണുന്ന വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. കാലുകൾ മുഴുവനായും കൈകളും മറച്ചിരിക്കണം. സ്ത്രീകൾ കൈകാലുകൾ മറക്കുന്നതോടൊപ്പം സ്കാഫും ധരിച്ചിരിക്കണം.
അയ്യൂബ് നബിയുടെ കുടീരം അടങ്ങുന്ന സ്ഥലം ബൈത്ത് സർബീദ് എന്നാണ് അറിയപ്പെടുന്നത്. ഏറെ അനുഗ്രഹങ്ങൾ ലഭിച്ച പ്രവാചകനായാണ് അയ്യൂബ് നബി അറിയപ്പെടുന്നത്. ഭൂസ്വത്തും കന്നുകാലികളും ധാരാളം മക്കളുമൊക്കെ ഉണ്ടായിരുന്ന അയ്യൂബ് നബി മാരകമായ രോഗം കൊണ്ട് പരീക്ഷിക്കപ്പെട്ടു. എല്ലാം ക്ഷമയോടെ നേരിട്ട അദ്ദേഹം ദൈവാനുഗ്രഹത്താൻ വീണ്ടും ജീവിതത്തിലേക്കും ഐശ്വര്യത്തിലേക്കും തിരിച്ചുവരുകയായിരുന്നു.
അയ്യൂബ് നബിയുടെ കുടീരത്തിൽ എത്തുന്നതിനുമുമ്പുള്ള പാർക്കിങ്ങിലും പരിസരത്തും ചെറിയ മാർക്കറ്റുണ്ട്. ചായയും കാപ്പിയും സ്നാക്സും ഇവിടെ ലഭ്യമാവും. പല പഴവർഗങ്ങളും കിട്ടം. പാർക്കിങ്ങിൽനിന്ന് പ്രത്യേക പാതയിലൂടെ നടന്നുവേണം കുടീരത്തിലെത്താൻ. മലമുകളിൽ ദീർഘ ചതുരാകൃതിയിൽ വെള്ളനിറത്തിലാണ് കെട്ടിടമുള്ളത്.
കുടീരത്തിന്‍റെ താഴികക്കുടം പച്ചനിറത്തിലുള്ളതാണ്. കെട്ടിടത്തിനകത്താണ് അയ്യൂബ് നബിയുടെ നാലു മീറ്റർ നീളത്തിൽ കുടീരമുള്ളത്. തറനിരപ്പിന് സമാനമായുള്ള കുടീരം പച്ചവസ്ത്രംകൊണ്ട് പുതച്ചിട്ടുണ്ട്. മറ്റു പ്രേത്യകതകൊളൊന്നും ഇവിടെയില്ല. ഇതിന്‍റെ സമീപത്തായി പഴയ കാലത്തെ പ്രാർഥന സ്ഥലവും കാണാം.
കുടീരത്തിന് സമീപം അയ്യൂബ് നബിയുടെ കാൽപാദം പതിഞ്ഞ സ്ഥലവും അടയാളപ്പെടുത്തിയിട്ടുണ്ട്. തറനിരപ്പിൽനിന്ന് താഴെയായാണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രത്യേകം മതിലുകൾ തീർത്താണ് ഇത് സംരക്ഷിച്ചിരിക്കുന്നത്. പൗരാണികതയും ചരിത്രവുമൊക്കെ അതേ രീതിയിൽ സംരക്ഷിക്കപ്പെടുന്നതിനാൽ അയ്യൂബ് നബിയുടെ കുടീരം സന്ദർശിക്കുന്നത് വ്യത്യസ്തമായ അനുഭവമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.