ധനപൂജ എന്ന ശിർക്ക്

മനുഷ്യൻ രണ്ടുതരമുണ്ട്. ധനോടമസ്ഥരും ധനദാസരും. രണ്ട് വിഭാഗത്തിനും ധാരാളം സമ്പത്തുണ്ട്. ധനോടമസ്ഥൻ താനിഛിക്കുംവിധം സമ്പത്ത് സത്കാര്യങ്ങൾക്ക് വ്യയം ചെയ്യാൻ കഴിയുന്നവനായിരിക്കും. സമ്പത്തിനുമേൽ അവന് നിയന്ത്രണമുണ്ട്. രണ്ടാമത്തെ വിഭാഗമായ ധനദാസന്മാരാണ് ഇക്കാലത്ത് ഏറെ.

ആധുനിക മുതലാളിത്തത്തിന്റെ ആളുകളെല്ലാം ഈ ഗണത്തിൽ പെടും. കമ്പോളമാണവരുടെ ദേവാലയം. സമ്പത്ത് ഒരു പൂജാവിഗ്രഹം കണക്കെ ഇവരുടെ അകതാരിൽ കുടിയിരിക്കുന്നു. 'ലാ ഇലാഹ ഇല്ലല്ലാഹ്’ ചുണ്ടിൽ തത്തിക്കളിക്കുമ്പോഴും വിത്തപ്രേമമാകും മനസ്സ് നിറയെ. ദൈവപ്രേമവും വിത്തപ്രേമവും ഏറ്റുമുട്ടുമ്പോൾ വിത്തപ്രേമമാണ് ആധിപത്യം പുലർത്തുക.

വിഗ്രഹപൂജ മാത്രമല്ല ശിർക്ക് അഥവാ ബഹുദൈവ വിശ്വാസം. വിഗ്രഹമെന്നത് പ്രത്യക്ഷ വിഗ്രഹമാവണമെന്നില്ല. പലപ്പോഴും അകതാരിൽ സ്ഥിരപ്രതിഷ്ഠ നേടുന്നത് പരോക്ഷ വിഗ്രഹങ്ങളാണ്. കാമുകീ-കാമുകന്മാർ, നേതാക്കൾ, ആൾദൈവങ്ങൾ, ആത്മീയാചാര്യന്മാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരോഹിതർ വരെ ഹൃദയമെന്ന ശ്രീകോവിലിലെ പൂജാവിഗ്രഹങ്ങളാവാറുണ്ട്. അക്കൂട്ടത്തിൽ വളരെ വലിയ വിഗ്രഹമാണ് ധനം.

സമ്പത്തിന് അടിപ്പെട്ടവന് ജീവിതാടിസ്ഥാനം ധനമായിരിക്കും. ധനം തന്നെ സേവിക്കുകയല്ല, താൻ ധനത്തെയാണ് സേവിക്കുന്നതെന്ന് തിരിച്ചറിയാനേ കഴിയില്ല. മക്കളുടെ പഠനം, ജോലി, വിവാഹം തുടങ്ങി എല്ലാ കാര്യങ്ങളിലും സാമ്പത്തിക മാനദണ്ഡം മാത്രമാകും ആലോചന. മറ്റു പരിഗണനകൾ സാമ്പത്തിക മെച്ചമില്ലെങ്കിൽ ഉപേക്ഷിക്കാനും മടിക്കില്ല. സമ്പത്ത് സമാഹരിക്കാനാവുന്നതെല്ലാം നല്ലത് എന്നതാകും വിലയിരുത്തൽ.

ഒരാളെ ആദരിക്കുക സാമ്പത്തികസ്ഥിതി നോക്കിയായിരിക്കും. മുന്തിയ കാറിൽ വരുന്ന, രമ്യഹർമങ്ങളിൽ വസിക്കുന്ന ആളുകളെ അങ്ങേയറ്റം ആരാധനയോടെ ഇത്തരക്കാർ നോക്കിനിൽക്കും. സമ്പന്നരാണ് എന്ന ഏക കാരണത്താൽ പള്ളികളുടെയും മദ്റസകളുടെയും ഭാരവാഹിയാക്കാൻ, നേതാവാക്കാൻ സമുദായവുംവ്യഗ്രത കാണിക്കുന്നു. അങ്ങനെ ധനപൂജയെന്ന ശിർക്ക് സമുദായത്തിലേക്കും സംക്രമിക്കുന്നു.

ദൃഢരൂഢവും സത്യശുദ്ധവുമായ വിശ്വാസത്തെ ഗ്രസിച്ചേക്കാവുന്ന മാരകാർബുദത്തെ തടയാൻ, അഥവാ, ധനപൂജയിലകപ്പെടാതിരിക്കാൻ ഉദാരമായി ദാനധർമങ്ങൾ ചെയ്യണമെന്ന് ഖുർആൻ അനുശാസിക്കുന്നു. ധനപൂജ ഗുരുതര കുറ്റവും തെറ്റുമാ​െണന്ന് പഠിപ്പിക്കുന്നു. ദാനശീലവും സത്കാര്യങ്ങളിലുള്ള ഉദാരതയും വിശ്വാസിയുടെ നല്ല ശീലത്തിന്റെ സുപ്രധാനഭാഗമായി നിശ്ചയിച്ചിരിക്കുന്നു. സമ്പത്ത് നൽകിയത് അല്ലാഹുവാണെന്നും ധനപ്രേമം മനുഷ്യനെ റബ്ബിനോട് കൃതഘ്നനാക്കുമെന്നുമുള്ള പാഠം ഉൾക്കൊള്ളാൻ റമദാൻ നമ്മെ പ്രാപ്തമാക്കേണ്ടതുണ്ട്.

Tags:    
News Summary - ramadan 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.