വ്യക്തിവിശുദ്ധിയാണ് വിശുദ്ധ റമദാനിന്റെ ആത്മസത്ത. വിശ്വാസലോകത്തിനു റമദാൻ നൽകുന്ന ഏറ്റവും പ്രിയപ്പെട്ട സമ്മാനവും അതുതന്നെ. വ്രതത്തിന്റെ ആത്മാവിൽ വിലയംപ്രാപിക്കുന്ന വിശ്വാസി തന്റെ ആഗ്രഹങ്ങളെയും വൈകാരിക താൽപര്യങ്ങളെയും ദൈവപ്രീതിക്കുവേണ്ടി മാറ്റിവെക്കുന്നു. അങ്ങനെ നോമ്പിന്റെ ചൈതന്യത്തിൽ അവൻ ലയിക്കുന്നു.
വ്യക്തിജീവിതത്തിൽ കാതലായ മാറ്റമുണ്ടാക്കാനുള്ള നല്ല മാർഗമായാണ് നോമ്പിനെ ഖുർആൻ പരിചയപ്പെടുത്തുന്നത്.ജീവിതത്തെ വിശുദ്ധിയിൽ ക്രമപ്പെടുത്തിയ വ്യക്തിക്ക് പിന്നീടുള്ള ജീവിതത്തിലും അവ നിലനിർത്താൻ കഴിയേണ്ടതുണ്ട്. അപ്പോഴാണ് റമദാൻ സാർഥകമാകുക. വ്യക്തിവിശുദ്ധി ക്രമപ്പെടുത്തുന്നതിൽ വിജയിക്കുന്നവർക്ക് കുടുംബ, സാമൂഹിക അന്തരീക്ഷങ്ങൾ മികച്ചതാക്കാനാകും.
‘‘ക്ഷമയുടെയും സഹനത്തിന്റെയും പരസ്പരം വിട്ടുവീഴ്ചയുടെയും മാസംകൂടിയാണ് റമദാൻ’’ എന്ന് പ്രവാചകൻ പഠിപ്പിക്കുന്നുണ്ട്. ആത്മീയതയും മൃഗീയതയും ചേർന്ന രൂപത്തിലാണ് മനുഷ്യനെ റബ്ബ് സൃഷ്ടിച്ചിട്ടുള്ളത്. ജീവികളിൽ കാണുന്ന സ്വഭാവങ്ങളും മാലാഖമാരുടെ സവിശേഷതകളും അവനിൽ ഉൾച്ചേർക്കപ്പെട്ടിട്ടുണ്ട്. മൃഗീയവാസനകളെ നിയന്ത്രിക്കുകയും ആത്മീയ ഗുണത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിലാണ് മനുഷ്യവിജയം. റമദാൻ അത്തരം വിജയത്തിലേക്കാണ് വിശ്വാസികളെ പരിശീലിപ്പിക്കുന്നത്.
ധാരാളം സുകൃതങ്ങൾ ചെയ്ത് ദൈവിക വിധേയത്വം കൂടുതൽ പ്രകടമാക്കുന്നവർക്ക് ഉന്നതമായ പ്രതിഫലങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഈ മാസത്തിൽ വിശ്വാസികൾ ഖുർആൻ പാരായണത്തിനും പഠനത്തിനുമായി ഏറെ സമയം കണ്ടെത്തുന്നു. തറാവീഹ് ഉൾപ്പെടെയുടെ നമസ്കാരങ്ങളിൽ ഉത്സാഹത്തോടെ പങ്കെടുക്കുന്നു. ദാനധർമങ്ങൾക്കായി ധാരാളം സമ്പത്ത് ചെലവഴിക്കുന്നു. സാധുക്കൾക്കത് ആശ്വാസവും പ്രയോജനകരവുമാകുന്നു.
ഓരോ വിശ്വാസിയും കരുണവറ്റാത്ത ഉറവകളായി മനുഷ്യരിലേക്കു പകരണമെന്നാണ് നബി പഠിപ്പിക്കുന്നത്. ജാതി, മത വ്യത്യാസം ഏതുമില്ലാതെ കാരുണ്യത്തിന്റെ ഹർഷങ്ങളായി നാം മാറണം.അനാവശ്യ വാക്കുകൾകൊണ്ടും പ്രവൃത്തികൊണ്ടും നോമ്പ് മലിനപ്പെട്ടാൽ അതിന്റെ ആത്മസത്ത വീണ്ടെടുക്കാൻ പ്രയാസമാകും. ‘‘എത്ര എത്ര നോമ്പുകാരാണ്, അവർക്ക് പട്ടിണി അല്ലാതെ മറ്റൊരു പ്രയോജനവും ലഭിക്കുകയില്ല’’ എന്ന് നബി നൽകിയ മുന്നറിയിപ്പ് വിസ്മരിച്ചുകളയുന്നത്.
അന്നപാനീയങ്ങൾ ഉപേക്ഷിച്ചും ശാരീരിക സംസർഗം വെടിഞ്ഞും മാത്രമല്ല, എല്ലാ അവയവങ്ങൾകൊണ്ടും സൂക്ഷ്മത പാലിച്ചുവേണം നോമ്പിന്റെ കാതൽ തേടേണ്ടത്.നോമ്പ് തിന്മകളെ തടുക്കുന്ന പരിചയായി മാറേണ്ടതുണ്ട്. നന്മകളിൽ ഉറപ്പിച്ചുനിർത്തുന്ന ഈടുറ്റ രക്ഷാകവചമായി നോമ്പ് രൂപാന്തരപ്പെടണം. എങ്കിലേ അതുവഴി ലഭിക്കുന്ന വിശുദ്ധിക്കു തിളക്കമുണ്ടാകൂ. അതിലൂടെ ആർജിതമാകുന്ന സ്നേഹവും കരുണയും ക്ഷമയും സഹനവും ജീവിതത്തെ ഏറെ മിഴിവുള്ളതാക്കിമാറ്റും.
വി.എം. അബ്ദുള്ള മൗലവി, തിരുവനന്തപുരം വലിയ ഖാദി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.