2010ൽ സൗദി അറേബ്യയിലെ ജിദ്ദയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലം. സൗദി മിലിട്ടറിയുടെ ജിദ്ദയിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ ഇലക്ട്രിക്കൽ ആൻഡ് പ്ലംബിങ് മെയിന്റനൻസായിരുന്നു ജോലി. ഞാൻ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിക്കായിരുന്നു ആസമയത്ത് ഹെഡ്ക്വാർട്ടേഴ്സിന്റെ പ്രോജക്ട് ലഭിച്ചത്. രാവിലെ ഏഴ് മുതൽ ഉച്ച മൂന്നു വരെ ഡ്യൂട്ടി.
റമദാൻ മാസം ഉച്ചക്ക് ഒന്നിന് ഡ്യൂട്ടി കഴിയും. പിന്നെ റൂമിലെത്തി ചെറുതായൊന്ന് മയങ്ങും. അസർ നമസ്കാരത്തിന് ശേഷം പുറത്തേക്കിറങ്ങും. റൂമിനരികിലായി മലപ്പുറം, കോഴിക്കോട് സ്വദേശികൾ നടത്തുന്ന ഒരു ഇലക്ട്രിക്കൽ ഷോപ്പാണ് പിന്നീട് ഞങ്ങളുടെ താവളം. സ്വദേശികളും വിദേശികളുമെല്ലാം വീടുകളിലെ അറ്റകുറ്റപ്പണികൾക്ക് ആളുകളെ അന്വേഷിച്ച് വരുന്ന സ്ഥലം കൂടിയായതിനാൽ ചെറിയ പണികളും അങ്ങനെ ലഭിക്കുമായിരുന്നു.
നിയമവിരുദ്ധമാണ് ഈ പണികളെങ്കിലും വട്ടച്ചിലവിനുള്ള കാശ് ലഭിക്കും എന്നതിനാൽ അവസരം കൈവിടാറില്ല. നോമ്പുസമയത്ത് കട അസറിന് ശേഷമേ തുറക്കാറുള്ളൂ. അപ്പോഴേക്കും ഞാനുമവിടെയെത്തും ജിദ്ദയിൽ പൊതുവേ നോമ്പ് തുറക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. എല്ലാ പള്ളികളിലും വിപുലമായ സൗകര്യമുണ്ടാവും. കടയുടെ അടുത്തുതന്നെയുള്ള പള്ളിയിൽനിന്നാണ് ഞാനും സുഹൃത്തുക്കളും ദിവസവും നോമ്പ് തുറക്കാറുള്ളത്. ഒരു ദിവസം പതിവുപോലെ കടയിൽ ഇരിക്കുമ്പോഴാണ് ഒരു ഈജിപ്ഷ്യൻ പൗരൻ വരുന്നത്.
ഡോക്ടർ എന്നാണ് അദ്ദേഹത്തെ എല്ലാരും വിളിക്കാറുള്ളത്. പുള്ളിയുടെ വീട്ടിൽ കുറച്ച് ജോലിയുണ്ട്, ഒരാൾ വേണം. അപ്പോൾ ഞാൻ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. പണിക്കായി അദ്ദേഹത്തിനൊപ്പം പോകാൻ പറഞ്ഞു. സമയം നോക്കിയപ്പോൾ ബാങ്ക് കൊടുക്കാൻ അരമണിക്കൂർ മാത്രമേ ബാക്കിയുള്ളൂ. നോമ്പ് തുറന്നിട്ട് വന്നാൽ പോരേയെന്ന് ചോദിച്ചപ്പോൾ പറ്റില്ല എന്നായി. ഇപ്പോൾ തന്നെ കൂടെ വരണമെന്ന് പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ടൂൾ ബാഗുമെടുത്ത് അദ്ദേഹത്തിനൊപ്പം പോയി. അവിടെയെത്തി ജോലിതുടങ്ങി എന്തായാലും ബാങ്ക് കൊടുക്കുന്നതിന് മുമ്പ് പള്ളിയിലെത്തില്ല.
ഇന്നത്തെ നോമ്പ് തുറക്കൽ ഇനിയെങ്ങനെയൊക്കെ എന്ന ചിന്തയിൽ തിരക്കിട്ട് ജോലി തീർത്തുകൊണ്ടിരിക്കുകയായിരുന്നു. എന്റെ തിരക്ക് കണ്ടിട്ടാവാം അദ്ദേഹം എന്നോട് ചോദിച്ചു ‘എന്തിനാ ഇങ്ങനെ ധിറുതി വെക്കുന്നത്, സാവധാനം ചെയ്താൽ പോരേ...’. ‘റമദാൻമാസമാണ്, ബാങ്ക് കൊടുക്കാൻ സമയമായി. നിങ്ങൾക്കതറിയില്ലേ...’ എന്ന് ചെറിയൊരു ഈർഷ്യയോടെ ഞാൻ തിരിച്ച് ചോദിച്ചു. അപ്പോൾ ചെറിയൊരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു ‘നീയിന്ന് എന്റെ അതിഥിയാണ്. ഞങ്ങൾക്കൊപ്പമാണ് നോമ്പ് തുറക്കുന്നത്. അപ്പോഴേക്കും ബാങ്ക് കൊടുക്കാൻ സമയമായിരുന്നു. ജോലി നിർത്താൻ പറഞ്ഞു.
അതിനകം തന്നെ അടുത്തമുറിയിൽ നോമ്പ് തുറ ഒരുക്കിവെച്ചിരിക്കുന്നു. ജോലിക്ക് പോയി വിരുന്നുകാരനായി മാറിയതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞ നിമിഷം. ഇപ്പോഴും ഓരോ നോമ്പ്കാലമെത്തുമ്പോഴും അദ്ദേഹത്തെയും ആ നോമ്പ് തുറയും മനസസ്സിലേക്കോടിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.