കോഴിക്കോട്: ഭക്തിയുടെ നിറവിൽ റമദാൻ അവസാന പത്തിലേക്ക്. കാരുണ്യത്തിന്റെയും പാപവിമോചനത്തിന്റെയും ദിനങ്ങൾ പിന്നിട്ട് റമദാൻ നരകവിമോചനത്തിന്റെ പത്തിലേക്ക് പ്രവേശിക്കുമ്പോൾ പള്ളികൾ കൂടുതൽ ഭക്തിസാന്ദ്രമാകുന്നു. പള്ളികളിൽ ഇഅ്തികാഫ് ഇരുന്നും തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾ നിർവഹിച്ചും ഖുർആൻ പാരായണം ചെയ്തും ഇനിയുള്ള ദിനങ്ങൾ വിശ്വാസികൾ അർഥപൂർണമാക്കും.
പള്ളികളിൽ ‘ഖിയാമുല്ലൈൽ’ നമസ്കാരവുമുണ്ടാകും. ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ‘ലൈലത്തുൽ ഖദ്ർ’ റമദാൻ അവസാന പത്തിലെ ഒറ്റരാവിലായതിനാൽ രാത്രി നമസ്കാരങ്ങൾക്ക് പള്ളികൾ നിറഞ്ഞുകവിയും. ദാനധർമങ്ങൾക്ക് വൻ പ്രതിഫലം ലഭിക്കുന്ന ദിനങ്ങളായതിനാൽ റിലീഫ് പ്രവർത്തനങ്ങളും സജീവമായി. പാവപ്പെട്ടവർക്കായി ഇഫ്താർ കിറ്റുകളുടെ വിതരണത്തിന് സംഘടനകൾ രംഗത്തുണ്ട്.
സകാത്ത് കമ്മിറ്റികളും സജീവമായി. സംഘടിത സകാത്ത് ശേഖരണത്തിനും വിതരണത്തിനും കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. സമൂഹ ഇഫ്താർ സംഗമങ്ങളും സജീവമാണ്. റമദാനിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ചെറിയ മഴ ലഭിച്ചെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത വേനലിൽ ചുട്ടുപൊള്ളുകയാണ്.
നിർജലീകരണമുണ്ടാകാതിരിക്കാനും ആരോഗ്യം സംരക്ഷിക്കാനും കരുതൽ വേണമെന്ന് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നു. വിലക്കയറ്റത്തിന്റെ നാളുകളിലും റമദാൻ വിപണി സജീവമാണ്. വത്തക്ക തന്നെയാണ് പഴവിപണിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.