സ്രഷ്ടാവായ അല്ലാഹുവിന്റെ ഔദാര്യത്തിലും കരുണയിലുമാണ് ഓരോ സൃഷ്ടിയുടെയും ജീവിതത്തിലെ ഓരോ നിമിഷവും കടന്നു പോകുന്നത്. അല്ലാഹുവിന്റെ പക്കല്‍നിന്ന് അടിമകള്‍ക്ക് ദാനമായി ലഭിക്കുന്ന 'റഹ്മത്ത് ' കാരുണ്യം എന്ന പദം കൊണ്ട് വിവക്ഷിക്കാനാകില്ല. അടിമയും ഉടമയും തമ്മിലുള്ള സവിശേഷ ബന്ധത്തെ പരിഗണിച്ചുള്ള വിശാലമായ അർഥത്തിലാണ് അതിനെ വിലയിരുത്തേണ്ടത്.
ഉടമയായ അല്ലാഹുവിനോട് അടുപ്പം കൂടുമ്പോള്‍ ഹൃദയം കരുണാര്ദ്രമാവുകയും അകല്‍ച്ച ഏറുമ്പോള്‍ കരുണ വറ്റിപ്പോവുകയും ചെയ്യുന്നു. ‘‘അല്ലാഹുവില്‍നിന്നുള്ള ദയാപരത കൊണ്ട് നിങ്ങളവരോട് മയത്തില്‍ വര്‍ത്തിക്കുന്നു, അങ്ങയുടെ ഹൃദയം കരുണ വറ്റിയതായിരുന്നെങ്കില് അവരങ്ങയില്നിന്ന് അകന്നു പോയേനേ’’ എന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചത് ഈയര്ഥത്തിലാണ്.
ഭൗതിക പദവികളില്‍ ഏറ്റവും ചെറിയവര്‍ മുതല്‍ വലിയവര്‍ വരെ ചുറ്റുമുള്ളവരുടെ സ്നേഹസാമീപ്യം കൊതിക്കുന്നുണ്ട്. മക്കളുടെ സാമീപ്യം കൊതിക്കുന്ന മാതാപിതാക്കള്‍, ശിഷ്യരുടെ സാമീപ്യം ആഗ്രഹിക്കുന്ന അധ്യാപകര്‍, ഭരണീയരുടെ സ്നേഹസാമീപ്യം കൊതിക്കുന്ന ഭരണാധികാരികള്‍ എന്നിങ്ങനെ വലിയൊരു പട്ടികയാണത്. ഹൃദയം കരുണാര്ദ്രമായവര്ക്കേ ആ സ്നേഹസാമീപ്യം ലഭിക്കൂ.
ഹൃദയം കരുണയുള്ളതാക്കാന് അല്ലാഹുവിനോടുള്ള ബന്ധം അഗാധമാക്കലല്ലാതെ മറ്റു വഴികളില്ല. അല്ലാഹുവിനോട് അടുക്കുംതോറും ഹൃദയത്തില്‍ കാരുണ്യം നിറയുന്നത് അനുഭവിക്കാനാവും. മനുഷ്യരോട് മാത്രമല്ല, സർവചരാചരങ്ങളോടും അവന് കരുണ കാണിക്കും.
നബിയുടെ ജീവിതത്തിലുടനീളും ദര്‍ശിക്കാവുന്ന സത്യമാണിത്. ഒരു ജീവിയേയും അകാരണമായി വേദനിപ്പിച്ചതിനോ ശത്രുക്കളോട് പോലും നീതിപൂർവമല്ലാതെ പെരുമാറിയതിനോ ഒരു തെളിവും പ്രവാചക ജീവിതത്തിൽ ദര്‍ശിക്കാനാവുകയില്ല. അക്രമിച്ചവര്‍ക്ക് നിരൂപാധികം മാപ്പ് നല്കിയതും യുദ്ധവേളയില്‍പോലും സ്ത്രീകളോടും കുട്ടികളോടും വൃദ്ധന്മാരോടും കരുണയോടെ പെരുമാറാന്‍ അനുചരന്മാര്ക്ക് നിര്‍ദേശം നല്കിയതും പ്രവാചക ചരിത്രത്തില്‍ ഒരുപാട് കണാനുമാകും.
അല്ലാഹുവിനോട് അടുത്തത് കൊണ്ടായിരുന്നു ഈ ഗുണം സിദ്ധിക്കാന്‍ പ്രവാചകര്ക്ക്് സാധ്യമായത്. അല്ലാഹുവില്‍നിന്ന് അകലുന്നതിനെ വിശ്വാസികള്‍ സൂക്ഷിക്കണം. ഹൃദയം കഠിനമാവാനും കരുണ വറ്റിപ്പോവാനും അത് കാരണമാവും. അതിലൂടെ കുടുംബവും സമൂഹവും വെറുക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തുന്നു.
ശപിക്കപ്പെട്ട പിശാചും മക്ക മുശ്രിക്കുകളിലെ തലതൊട്ടപ്പന്മാരും ക്രൂരരും കൊലപാതകികളുമായത് അല്ലാഹുവിനോട് അകല്‍ച്ച വന്നപ്പോഴാണ്. പിന്നീട് നന്മയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്തവിധം അവരില്‍ പലരും വഴിപിഴച്ചു പോയി.
സത്യത്തിന്റെ പാതയാണ് സത്യവിശ്വാസിയുടെ പാത. അവന് വെറുപ്പ് സമ്പാദിക്കേണ്ടവനോ വെറുക്കേണ്ടവനോ അല്ല. കരുണയുടെ വാഹകരും പ്രചാരകരുമാവേണ്ടവരാണ്. അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് പരിശുദ്ധ റമദാന്. ആദ്യത്തെ പത്തിനെ കരുണയുടെ പത്തായിട്ടാണ് ദീന് പരിചയപ്പെടുത്തുന്നത്. ആ പത്തില്‍ കാരുണ്യവാനായ രക്ഷിതാവിന്റെ കരുണയില്‍ നിന്ന് സ്വൽപമെങ്കിലും ആവാഹിക്കാന്‍ നമുക്ക് സാധിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.