അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കോരിച്ചൊരിയുന്ന, പുണ്യങ്ങളുടെ പൂക്കാലം നിറയുന്ന, ത്യാഗത്തിന്റെയും സഹനത്തിന്റെയും പുണ്യമാസത്തിലാണ് ലോകം മുഴുവനുമുള്ള ഇസ്ലാം മത വിശ്വാസികള്‍. ഈയവസരത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മാലദ്വീപില്‍ ജോലി ചെയ്യുന്ന കാലമാണ് എന്റെ ഓര്‍മകളിലേക്ക് കടന്നുവരുന്നത്.
അവിടത്തെ സ്വദേശി കുടുംബങ്ങളോടും കുട്ടികളോടും സഹപ്രവര്‍ത്തകരോടുമൊപ്പം നോമ്പ് ദിനങ്ങളില്‍ ഉപവാസമെടുത്തതും മറ്റും മറക്കാൻ കഴിയില്ല. ദേശീയ ഭക്ഷണമായ ട്യൂണ മീന്‍ സൂപ്പും ട്യൂണയും മാത്രം കഴിച്ചു ജീവിക്കുന്ന മാലദ്വീപിലെ ഒരു പറ്റം നല്ല മനുഷ്യരോടൊപ്പമുള്ള നോമ്പ് തുറ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളില്‍ ഒന്നായിരുന്നു. സ്വദേശിയുടെ കുടുംബത്തോടൊപ്പമുള്ള താമസമായതുകൊണ്ടു അവർ കഴിക്കാതെയിരിക്കുമ്പോള്‍ എനിക്കും ഭക്ഷണം കഴിക്കാന്‍ തോന്നിയിരുന്നില്ല.
ചെന്ന ദിവസം മുതല്‍ അവരോടൊപ്പമായിരുന്നു എന്റെ ഭക്ഷണം. അങ്ങനെ ഞാനും അവരോടൊപ്പം നോമ്പെടുക്കാന്‍ തുടങ്ങി. അത് പുതിയൊരു അനുഭവമായിരുന്നു. ആദ്യ ദിവസങ്ങളില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പിന്നീട് ഒരു സുഖമുള്ള വേറിട്ട ഉണര്‍വായി പരിണമിക്കുന്നത് അനുഭവിച്ചറിഞ്ഞു. വൈകുന്നേരങ്ങളില്‍ അവരുടെ കുട്ടികളോടൊപ്പമുള്ള നോമ്പ് തുറ തീര്‍ച്ചയായും കൂട്ടായ്മയുടെ, കരുതലിന്റെ, സ്നേഹത്തിന്റെ വലിയ ഒരു അടയാളമായി അനുഭവപ്പെട്ടു. കൂടാതെ ഈ പുണ്യ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരുമായി സംവദിക്കാനും അവസരം കിട്ടി.
ഒമാനില്‍ വന്നതിനു ശേഷവും സഹപ്രവര്‍ത്തകരായിട്ടുള്ള പൊലീസ് സുഹൃത്തുക്കളും ക്ലാസിലെ കുട്ടികളും വ്രതം എടുക്കുമ്പോള്‍ അവരോടൊപ്പം പല ദിവസങ്ങളിലും നോമ്പെടുത്തു. വീടുകളില്‍ അവരോടൊപ്പം നോമ്പ് തുറക്കുന്ന അനുഭവം വളരെ അധികം സന്തോഷം പകരുന്നതായിരുന്നു. നോമ്പ് തീര്‍ച്ചയായും ആരോഗ്യപരമായ ശുദ്ധിയും ആത്മീയമായ പരിശുദ്ധിയും മനുഷ്യനില്‍ നിറക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു അവസരത്തില്‍ നോമ്പു നോറ്റ് സഹജീവികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സാധിച്ചാല്‍ മാനസികമായും ശാരീരികമായും വളരെയേറെ ഗുണമുണ്ടാകും എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.