കേരളത്തിന്റെ ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ രാപ്പകലുകൾ നോമ്പിന്റെ വരവോടെ മറ്റൊരു ലോകമാകും. ഞങ്ങളുടെ ചെറുപ്പകാലത്ത് ചന്ദ്രപ്പിറവി പരിസരപ്രദേശങ്ങളിലെവിടെ കണ്ടാലും ഉറപ്പിക്കുന്നത് പൊന്നാനിയിലായിരുന്നു. അതിന്റെ തിക്കും തിരക്കും ചർച്ചകളും, മാസം കണ്ടയാളെ കൊണ്ടുവന്ന് ഖാദി ഉറപ്പ് വരുത്തലും അങ്ങനെ പലതും വലിയപള്ളിയിൽ അരങ്ങേറുന്നതിനാൽ പള്ളിയുടെ പരിസരത്തുകഴിയുന്ന ഞങ്ങൾക്ക് ആ ദിനങ്ങൾ എന്നും ആവേശവും അഭിമാനവുമായിരുന്നു. മൂന്ന് കതിന വെടിമുഴക്കത്തോടെയാണ് നോമ്പും പെരുന്നാളും ഉറപ്പിക്കുന്നത്. ആയിരങ്ങൾ തിങ്ങിപ്പാർക്കുന്നിടത്ത് ആത്മീയ ആരവങ്ങളോടെ തോളോട് തോൾ ചേർന്ന്, നോമ്പും പെരുന്നാളും നാട്ടുകാർ ആഘോഷിക്കുമ്പോൾ പൊന്നാനിക്ക് പേരുപോലെ പൊന്നിൻതിളക്കം കൈവരും.
വലിയ പള്ളിയിലെ തറാവീഹും ആവേശ തിരമാലപോലെ ഉയർന്നുപൊങ്ങുന്ന ‘സ്വല്ലൂ.... ’ എന്ന് തുടങ്ങുന്ന സ്വലാത്തും അതിൽ പങ്കുചേരുന്ന സർവരുടെയും സ്വരവിന്യാസവും കൂടിച്ചേരുമ്പോൾ ഏത് ഉറക്കച്ചടവുള്ളവനും ഉന്മേഷനാകും. നോമ്പിന് ആത്മീയതക്കാണ് മുൻതൂക്കമെങ്കിലും പൊന്നാനിയിൽ നോമ്പാകുന്നതോടെ ആത്മീയതയോടൊപ്പം കലാസാംസ്കാരിക വാണിജ്യ രംഗങ്ങളും സജീവമാകും. ഖവാലികളും ഗസലുകളും പീടികമുറികളുടെ തട്ടിൻപുറത്തുള്ള സംഗീത ക്ലബുകളും റമദാൻ നിലാവിൽ തിളങ്ങും. പ്രശസ്ത ഗായകൻ ബാബുരാജ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്ന ക്ലബുകളുണ്ടായിരുന്നു. തവവാട്ട് മുറ്റങ്ങളും കോലായികളും പലതരം കായിക-വിനോദ കൂട്ടായ്മകളാൽ രാവ് പകലാക്കും.
വലിയ പള്ളിയും സംഗീത ക്ലബുകളും ഖാദിയുടെ വാസസ്ഥലവും വഴിവാണിഭക്കാരുടെയിടവും എല്ലാം ഒരേ നിരത്തിൽതന്നെ. ഇക്കാലത്ത് പലയിടത്തും കാണുന്നതുപോലെ കച്ചവടത്തിന് വന്നവരുടെ ജാതിയോ മതമോ ഭാഷയോ ആരും ചോദിക്കാറില്ല. കാരണം, ഏതാണ്ട് മുഖത്തോട് മുഖം നിൽക്കുന്ന പ്രശസ്തമായ തൃക്കാവ് ദുർഗാക്ഷേത്രവും വലിയ ജുമുഅത്ത് പള്ളിയും പൊന്നാനിയുടെ മതപാരമ്പര്യത്തിലെ കെടാത്ത നിലവിളക്കുകളാണ്. പൊതുവേ സൽക്കാര പ്രിയരായ നാട്ടുകാരുടെ തീൻമേശ രുചിവൈവിധ്യങ്ങളാൽ ശ്രദ്ധേയമായിരുന്നു.
മുൻകാലങ്ങളിൽ റമദാനിൽ വലിയ പള്ളിയിൽ രാപ്പാർക്കാൻ ഇതരദേശത്തുനിന്നുപോലും ആളുകൾ എത്താറുണ്ടായിരുന്നു. പാതിരാവിലെ ഖുർആൻ പാരായണങ്ങളാലും ദീർഘമേറിയ നമസ്കാരങ്ങളാലും കവാടങ്ങൾക്ക് താഴിടാതെ മസ്ജിദുകൾ ഉണർന്നിരിക്കും.
പെരുന്നാൾ നമസ്കാരത്തിലും പൊന്നാനി പെരുമയേറെയുണ്ട്. കുടചൂടി ഖതീബിനെ തേടാൻ പോക്കും, അവർക്ക് ഖാദിയുടെ വീട്ടിലെ പ്രാതലും, മുഅദ്ദിൻ പള്ളിയുടെ വടക്കേ വാതിലിലൂടെ പ്രവേശിച്ച് മൂന്ന് തക്ബീർ മുഴക്കലും, നമസ്കാരശേഷം കൈമടക്കും അങ്ങനെയങ്ങനെ അനുഭവിച്ചറിയേണ്ട ഒത്തിരി വിശേഷങ്ങൾതന്നെയാണ് പൊന്നാനിയുടെ നോമ്പുകാലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.