ഈദുൽ ഫിത്വറിനോടനുബന്ധിച്ച് മുസ്‍ലിംകൾ നൽകുന്ന നിർബന്ധ ദാനമാണ് സകാത്തുൽ ഫിത്വർ. നോമ്പവസാനിപ്പിക്കുക മുഖേന നിർബന്ധമാകുന്ന സകാത്ത് എന്നാണ് സകാത്തുൽ ഫിത്വർ എന്ന വാക്കിനർഥം. പെരുന്നാൾ ദിവസത്തെ ചെലവ് കഴിഞ്ഞ് സകാത്തുൽ ഫിത്വർ നൽകാൻ സാമ്പത്തിക ശേഷിയുള്ള എല്ലാവരും അത് നൽകൽ നിർബന്ധമാകുന്നു.
സ്ത്രീ പുരുഷ ഭേദമന്യേ കുട്ടികൾക്കും വലിയവർക്കുമൊപ്പം അത് നൽകണം. സാധാരണ സകാത്തും സകാത്തുൽ ഫിത്വറും തമ്മിൽ വ്യത്യാസമുണ്ട്. സകാത്ത് നിർബന്ധമാകുന്നത് ഒരാളുടെ സാമ്പത്തിക ശേഷി പരിഗണിച്ചാണെങ്കൽ സകാത്തുൽ ഫിത്വർ ആളുകളുടെ എണ്ണമനുസരിച്ചാണ് നൽകേണ്ടത്.
സാധാരണ സകാത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ലക്ഷ്യം കൂടി സകാത്തുൽ ഫിത്വറിനുണ്ട്. നോമ്പുകാരന്‍റെ നോമ്പ് വേളയിൽ സംഭവിച്ചേക്കാവുന്ന വീഴ്ചകൾക്ക് പരിഹാരമാവുക എന്നതാണത്. ‘നോമ്പുകാരന് അനാവശ്യങ്ങളിൽ നിന്നും മ്ലേഛവൃത്തികളിൽ നിന്നുമുള്ള പരിശുദ്ധിയായും അഗതികൾക്ക് ആഹാരമായും റസൂൽ (സ) സകാത്തുൽ ഫിത്വർ നിർബന്ധമാക്കി’.
മുസ്ലിമായ ഒരു വ്യക്തി തനിക്ക് വേണ്ടിയും താൻ ചെലവിന് കൊടുക്കൽ നിർബന്ധമായ എല്ലാവർക്കുവേണ്ടിയും സകാത്തുൽ ഫിത്വർ നൽകേണ്ടതാണ്. ഓരോ നാട്ടിലെയും പ്രധാന ഭക്ഷ്യ വസ്തുവാണ് നൽകേണ്ടത്.. ‘പെരുന്നാൾ ദിവസം പാവങ്ങളുടെ പട്ടിണിയകറ്റുക’ എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഭക്ഷണ സാധനം നൽകുന്നതുപോലെ അതിന്റെ വില നൽകിയാലും അത് സാധിക്കുന്നതാണ്. മാത്രമല്ല, ചിലപ്പോൾ ദരിദ്രരെ സംബന്ധിച്ചേടത്തോളം പണം ലഭിക്കുന്നതായിരിക്കും അവർക്ക് കൂടുതൽ സൗകര്യം.
റമദാനിലെ അവസാന നോമ്പ് പൂർത്തിയായതിന് ശേഷമാണ് സകാത്തുൽ ഫിത്വർ നിർബന്ധമാകുന്നത്. പെരുന്നാൾ നമസ്കാരത്തിന് മുമ്പാണ് അത് നൽകേണ്ടത്. പെരുന്നാൾ നമസ്കാരത്തേക്കാൾ പിന്തിക്കുകയാണെങ്കിൽ അതൊരു സാധാരണ ദാനമായാണ് പരിഗണിക്കുക.
സകാത്തും ഫിത്വർ സകാത്തും മഹല്ലടിസ്ഥാനത്തിൽ സംഘടിതമായി വിതരണം ചെയ്യുകയാണ് അത് രണ്ടിന്‍റെയും പൂർണ ലക്ഷ്യം സാക്ഷാത്കരിക്കാൻ സഹായകമാവുക. സമ്പന്നരുടെ വീടുകൾക്ക് മുന്നിൽ കൈനീട്ടി നിന്ന് അവർ നൽകുന്ന നാണയത്തുട്ടുകൾ ദരിദ്രർ വാങ്ങുന്ന സമ്പ്രദായമല്ല ഇസ്‍ലാമിലെ സകാത്ത് സംവിധാനം.
വർഷങ്ങളായി ചില മഹല്ലുകളിൽ സകാത്ത് ശേഖരിച്ച് അർഹരായവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്നു എന്നത് ശുഭോദർക്കമായ കാര്യമാണ്. സകാത്തുൽ ഫിത്വർ മഹല്ലടിസ്ഥാനത്തിൽ ശേഖരിച്ച് അർഹർക്കെത്തിച്ചു കൊടുക്കുകയാണെങ്കിൽ പട്ടിണി കിടക്കുന്ന ഒരാളും തങ്ങളുടെ സമൂഹത്തിലില്ല എന്ന് ഉറപ്പാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.