ഷാർജ എമിറേറ്റിലെ സാംസ്കാരിക കേന്ദ്രങ്ങളിൽ സുപ്രധാനമാണ് ഹൗസ് ഓഫ് വിസ്ഡം. പുരാതന കാലത്തെ അറബ് വൈജ്ഞാനികതയുടെ പാരമ്പര്യത്തെ അനുസ്മരിക്കുന്ന, തലയെടുപ്പോടെ ഷാർജയുടെ ഹൃദയഭാഗത്ത് ഉയർന്നുനിൽക്കുന്ന കേന്ദ്രമാണിത്. എല്ലാ റമദാനിലും ഇവിടെ റമദാൻ സ്വീകരിക്കപ്പെടുന്നത് വ്യത്യസ്തമായ പരിപാടികളിലൂടെയാണ്. പുണ്യമാസത്തിന്റെ ആത്മാവിനെ പ്രകാശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടികൾ ‘റഹ്മാനിയത്’ എന്ന തലക്കെട്ടിലാണ് നടന്നുവരുന്നത്. ഇത്തവണ 40ലേറെ സാംസ്കാരിക, സർഗാത്മക പരിപാടികളാണ് ഇതിന് കീഴിൽ അരങ്ങിലെത്തിയത്. 8,000ത്തിലേറെ സന്ദർശകർ പരിപാടികൾ വീക്ഷിക്കാൻ എത്തിച്ചേരുകയും ചെയ്തു.
ശിൽപശാലകൾ, പ്രദർശനങ്ങൾ, റമദാൻ സായാഹ്നങ്ങൾ എന്നിവയാണ് ഇവയിൽ പ്രധാനം. എമിറേറ്റിന്റെ സാംസ്കാരിക സമ്പന്നതയെ പ്രതിഫലിപ്പിക്കുന്ന ചടുലമായ ഇടമാക്കി ഹൗസ് വിസ്ഡം മാറിത്തീരുന്ന കാഴ്ചകളാണ് ഇവ സമ്മാനിച്ചത്. പൊതുജനങ്ങളുടെ ആവശ്യവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടുള്ള താൽപര്യവും കണക്കിലെടുത്ത്, ‘റമദാനിയത്’ പരിപാടി ഏപ്രിൽ 14 വരെ നീട്ടുകയായിരുന്നു. മേയ് അവസാനം വരെ തുടരുന്ന ‘ചാപ്റ്റേഴ്സ് ഓഫ് ഇസ്ലാമിക് ആർട്ട്: കാർപെറ്റ്സ്’ എക്സിബിഷന്റെ ഉദ്ഘാടനവും റമദാനിയത്ത് സാക്ഷ്യംവഹിച്ചു. ഈ പ്രദർശനം ഇസ്ലാമിക ലോകത്തെ പരവതാനികൾ, തുണിത്തരങ്ങൾ, നെയ്ത്ത് കല എന്നിവയുടെ സാംസ്കാരികവും ചരിത്രപരവും പൈതൃകവുമായ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ഡോ. റിച്ചാർഡ് എറ്റിങ്ഹോസന്റെ സ്വകാര്യ ലൈബ്രറിയിൽ നിന്ന് സൂക്ഷ്മമായി തിരഞ്ഞെടുത്ത, ഇസ്ലാമിക കലയെക്കുറിച്ചുള്ള അതിശയകരമായ കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും ഇതിലുണ്ട്. എമിറേറ്റിലെ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും സാംസ്കാരിക അവബോധം വർധിപ്പിക്കാനും സർഗാത്മകവുമായ ഇടം പ്രദാനം ചെയ്യുന്നതാണ് വേദിയെന്ന് ഹൗസ് ഓഫ് വിസ്ഡം എക്സിക്യൂട്ടീവ് ഡയറക്ടർ മർവ അൽ അഖ്റൂബി പറഞ്ഞു. യു.എ.ഇയിലും അതിനപ്പുറവും സംസ്കാരത്തിന്റെയും അറിവിന്റെയും വിളക്കുമാടമെന്ന നിലയിൽ ഷാർജയുടെ പദവി ശക്തിപ്പെടുത്തുന്നതാണ് പരിപാടിയെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.