ജടായുവിന് അന്ത്യസംസ്കാരങ്ങൾ നിർവഹിച്ചശേഷം രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് ക്രൗഞ്ചാരണ്യം കടന്ന് മതംഗാരണ്യത്തിനടുത്തെത്തി. കഠിനമായ ഇരുട്ട് നിറഞ്ഞ ആ കാട്ടിലെ വലിയ ഗുഹയിൽ ഒരു രാക്ഷസിയെ രാമലക്ഷ്മണന്മാർ കണ്ടു. അവൾ രൗദ്രരൂപിണിയും ബീഭത്സയും മൃഗങ്ങളെ ഭക്ഷിക്കുന്നവളുമാണെന്ന് വാല്മീകി എഴുതുന്നു (ആരണ്യ കാണ്ഡം. 69:12-13). രാക്ഷസി ലക്ഷ്മണനെ സമാലംഭനം ചെയ്തുകൊണ്ട് പറഞ്ഞു : ‘‘എന്‍റെ പേര് അയോമുഖി, എനിക്ക് നീ പ്രിയൻ, നിന്നെ ലഭിച്ചത് എന്‍റെ ഭാഗ്യം.
ഈ പർവതങ്ങളിലും ദുർഗങ്ങളിലും നദികളിലും ആയുഷ്കാലം മുഴുവൻ നമുക്ക് രമിച്ചു കഴിയാം’’ (ആരണ്യ കാണ്ഡം. 69:15-16). എന്നാൽ, ഈ സംഭാഷണത്തിൽ കുപിതനായ ലക്ഷ്മണൻ വാളെടുത്ത് അയോമുഖിയുടെ ചെവിയും നാസികയും സ്തനങ്ങളും അരിഞ്ഞിട്ടു (ആരണ്യ കാണ്ഡം. 69:17). കർണ നാസികാച്ഛേദം സംഭവിച്ച അയോമുഖി അലമുറയിട്ട് കരഞ്ഞുകൊണ്ട് ഓടിപ്പോയി. രാമലക്ഷ്മണന്മാർ ക്രൗഞ്ചാരണ്യത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് അവിടെ രാക്ഷസന്മാരെന്ന് വാല്മീകി അടയാളപ്പെടുത്തുന്ന അനാര്യ ഗോത്രജനതയുടെ വാസസ്ഥാനങ്ങളായിരുന്നുവെന്ന സൂചന ഈ കഥയിലുണ്ട്. രാമായണത്തിൽ ലക്ഷ്മണനാൽ ചെവിയും മൂക്കും ഛേദിക്കപ്പെട്ട മറ്റൊരു കഥാപാത്രം ശൂർപ്പണഖയാണ്. ലക്ഷ്മണനോടുള്ള ഇഷ്ടം വെളിപ്പെടുത്തിയെന്നല്ലാതെ അയോമുഖിയിൽനിന്ന് എന്തെങ്കിലും തരം ഉപദ്രവം രാമലക്ഷ്മണന്മാർക്ക് നേരിടേണ്ടിവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.