ഓരോ നോമ്പുകാലം വരുമ്പോഴും ഉള്ളിൽ ഓർമകളുടെ ഒരു വേലിയേറ്റമാണ്. അന്നൊക്കെ അത്രമാത്രം അനുഭവം സമ്മാനിച്ചായിരുന്നു ഓരോ റമദാനും കടന്നുപോയത്, പ്രവാസിയാവുന്നതിനുമുമ്പ്. ഇന്ന് ആവർത്തനവിരസതയുടെ ഒരു ആരോഹണം മാത്രമാണ്. അത്താഴം മുതൽ തുടങ്ങാം. വീട്ടിൽ ഞാനൊഴിച്ച് എല്ലാവർക്കും ചോറാണ് പഥ്യം. നല്ല കായ്ക്കറിയും മീൻമുളകിട്ടതും വറവും, പിന്നെ അയല പൊരിച്ചതും കൊണ്ടാട്ടവും ഉണ്ടാവും. നോമ്പുതുറ ഞങ്ങൾ കുട്ടികൾ പള്ളീന്നാണ്; കൊമ്പുകുളങ്ങരപ്പള്ളിയുടെ കുളത്തിന്റെ ചുറ്റുമതിലിൽ വരിവരിയായിരുന്ന്. പൊറോട്ടയും ബീഫ് കറിയും പിന്നെ പിഞ്ഞാണത്തിൽ ഒഴിച്ചുതരുന്ന ചൂടുചായയും. അതിന്റെ രുചിയും അനുഭവവും ഇന്നും നാവിൽ പറ്റിപ്പിടിച്ചിരിക്കുന്നു.
ഇതിലൊക്കെ വലിയ വിശേഷം കുടുംബവീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നോമ്പുതുറക്കാൻ പോവുക എന്നതാണ്. സകാത് കിട്ടും. ഞങ്ങൾ കുട്ടികളുടെ കൈയിൽ പൈസ വന്നുവീഴുന്ന മാസം. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണ് എന്റെ ഓർമ. ആ വർഷത്തെ നോമ്പ് ദുരന്തപൂർണമായിരുന്നു. കാരണം, ഉപ്പ ദുബൈയിൽ ലേബറുപിടിച്ച് ജയിലിലാണ്. വീട്ടിൽ മൂത്തവനെന്നനിലയിൽ ബുദ്ധിമുട്ടുകളറിയാം. ഉപ്പയുടെ കാര്യം എനിക്കും ഉമ്മക്കും മാത്രമേ അറിയൂ. ആ സമയത്ത് ഉമ്മയോട് ഞാൻ സകാത് വാങ്ങാൻ പോകട്ടെ എന്നു ചോദിച്ചു. ഉമ്മ സമ്മതിച്ചില്ല. അഭിമാനപ്രശ്നം. ഞങ്ങൾ ഇടത്തരം കുടുംബമാണ്. കാഴ്ചയിൽ അവർ സുഭിക്ഷരാണ്. ഒരു പഴഞ്ചൊല്ലുണ്ടല്ലോ കേളിക്ക് അയക്കൂറയും കൂട്ടാൻ മത്തിക്കറിയും. അതാണ് അവസ്ഥ! പക്ഷേ, അന്നു ഞാൻ കൂട്ടുകാർക്കൊപ്പം സകാത് വാങ്ങാൻ പോയി. കുട്ടികൾക്ക് അന്ന് 25 പൈസ, 50 പൈസ, ഒരു രൂപ... ഇതാണ് കണക്ക്. നോമ്പ് പതിനേഴിന് ഒളോറങ്ങര മൂസ്സാജിയുടെ വീട്ടിൽ (ഇദ്ദേഹം നാട്ടിലെ പണക്കാരനും എന്റെ ബന്ധുവും കൂടിയാണ്) വെച്ച് അഞ്ചു രൂപ സകാത് കൊടുക്കുന്നു എന്നു കേട്ട ഞങ്ങൾ അങ്ങോട്ടേക്കോടി. വീട്ടിൽ നീണ്ട ക്യൂ ആണ്. അദ്ദേഹത്തിന്റെ ഇളയ മകൻ ശംസുദ്ദീൻ കൈയിൽ കൂട്ടിപ്പിടിച്ച അഞ്ചു രൂപ നോട്ടുകെട്ടിൽനിന്ന് എല്ലാവർക്കും വിതരണംചെയ്യുന്നു. എന്നെ കണ്ടപ്പോ അവനൊന്നു ഞെട്ടി. ‘എല്ല യഹിയാ, നീയെന്താ?’ഞാനൊന്നും മിണ്ടിയില്ല.
അവൻ അകത്തേക്കോടി. തിരിച്ചുവന്ന് എന്നോട് ഉപ്പ വിളിക്കുന്നു, അകത്തു ചെല്ലാൻ പറഞ്ഞു. ഇതു ഞാൻ പ്രതീക്ഷിച്ചതല്ലായിരുന്നു. ഈ തിരക്കിനിടയിൽ എന്നെ തിരിച്ചറിയുമെന്നുപോലും കരുതിയില്ല.അകത്ത് അദ്ദേഹം ഖുർആൻ പാരായണത്തിലാണ്. ‘‘നീയെന്താ ഇവിടെ?’’ഞാൻ മിണ്ടിയില്ല. ‘‘ഉപ്പാനപ്പറയിക്കാനാ അല്ലേ?’’-എന്നും പറഞ്ഞ് ഒരു 50 രൂപ നോട്ടെടുത്ത് എനിക്കു തന്നു. ‘‘നേരെ വീട്ടിൽ പോയ്ക്കോളണം. എനി ഇവരോടൊപ്പം കണ്ടാ. ബാക്കി അപ്പം പറയാം.’’ഞാൻ ഒരു കുറ്റവാളിയെപ്പോലെ തല കുനിച്ചു നിന്നു. ഞാൻ പുറത്തേക്കു നടന്നു. എന്നെയും കാത്ത് കൂട്ടുകാർ പുറത്തുണ്ടായിരുന്നു. അവർക്ക് ഇനിയും ഒരുപാട് വീടുകൾ കയറാനുള്ളതാണ്. ഞാനൊന്നും മിണ്ടിയില്ല. അവർ അഞ്ചു രൂപ കിട്ടിയ ആഹ്ലാദത്തിമിർപ്പിലാണ്. അപ്പോൾ എന്റെ 50 രൂപ നിർജീവമായ ഒരു കടലാസുപോലെ എനിക്കു തോന്നി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.