പുണ്യം നേടാൻ റമദാനോളം പവിത്രതയുള്ള ഒരുമാസം വേറെയില്ലെന്നാണ് മുസ്ലിം സുഹൃത്തുക്കളിൽനിന്ന് ഞാൻ മനസ്സിലാക്കിയത്. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ചെങ്ങളായിയിലാണ് ജനിച്ചു വളർന്നത്. മുസ്ലിംകളുടെ കൂടെ ഇടകലർന്നു കഴിയുന്ന ഒരു പ്രദേശത്താണ് ജീവിക്കുന്നത്. റമദാൻ, പെരുന്നാൾ, വിഷു, ഓണം ഇവയൊക്കെ കൊച്ചുന്നാളിലെ ഒന്നിച്ച് ആഘോഷിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
29 വർഷത്തോളമായി ഞാൻ ഒമാനിലെത്തിയിട്ട്. സഹനത്തിന്റെയും സഹാനുഭൂതിയുടെയും പുണ്യദിനങ്ങൾ നന്മ മാത്രം ചെയ്യാൻ തുനിഞ്ഞിറങ്ങുന്നതുവരെ എന്തുപറയണം എന്നെനിക്കറിയില്ല. അവിടെ ജാതിയോ മതമോ വർഗമോ ദേശമോ ഭാഷയോ ഒരു തടസ്സമേ അല്ല എന്നതാണ് നാട്ടിലായാലും ഒമാനിലായാലും ഞാൻ കണ്ടുവരുന്നത്. 10 വർഷം ഞാൻ ബിദിയയിൽ സ്വന്തം ഷോപ് നടത്തിയിരുന്നപ്പോൾ ചുറ്റുമുള്ള അറബി സുഹൃത്തുക്കളുടെ വീട്ടിൽനിന്ന് കൊണ്ടുവരുന്ന അലീസ, ലുകീമാത് തുടങ്ങിയ രുചികരമായ പലഹാരം, ഒമാനി വീടുകളിൽ അറുക്കുന്ന മട്ടൻ കൊണ്ടുണ്ടാക്കിയ സെറ്റുബിരിയാണിയുടെ മണം നാവുകളിൽ വെള്ളമൂറും. വൈകുന്നേരമായാൽ ഓരോ വീട്ടിലേക്കും വലിയ വട്ടപ്പാത്രത്തിൽ അവരുടെ വീട്ടിൽ ഉണ്ടാക്കിയ വിഭവങ്ങൾ കൈമാറുന്ന രീതി സഹാനുഭൂതിയും സ്നേഹവും കാരുണ്യവുമൊക്കെ നമ്മുടെ കൺ മുന്നിൽ ജീവിക്കുന്ന മാതൃകയാണ്.
പലപ്പോഴും നോമ്പ് തുറക്കാൻ സ്വദേശികളുടെ വീടുകളിൽ ക്ഷണം ലഭിക്കുമ്പോൾ ദേശവും ഭാഷയുമൊന്നും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മുന്നിൽ ഒന്നുമല്ലെന്ന് വിളിച്ചുപറയുന്നതായിരുന്നു. ഇപ്പോൾ ഒമാനിലെ വിവിധ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോൾ റമദാൻ വിഭവങ്ങൾ പഴങ്ങൾ, ജ്യൂസ്, ലാബൻ എന്നിവയുമായി വഴിയരികിൽ, പള്ളികളിൽ കാത്തിരിക്കുന്നവരെ കാണുമ്പോൾ പുണ്യവും സ്വർഗവും മാത്രമാണ് അവരുടെ പ്രതീക്ഷ. ഇതൊക്കെ ഞാൻ എന്റെ വീട്ടുകാരോട് പറയുമ്പോൾ അവർക്കൊക്കെ അത്ഭുതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.