മസ്കത്ത്: കഴിഞ്ഞ 28 വർഷമായി ഒമാനിലെ കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുന്ന വയനാട് വെള്ളമുണ്ട സ്വദേശി കുറുക്കൻ ഉസ്മാന് ഇത്രയും കാലത്തിനിടെ മസ്ജിദ് തറാവീഹ് നിർവഹിക്കാൻ കഴിഞ്ഞത് ഒരുതവണ മാത്രം. ആ വർഷത്തെ റമദാനിൽ നാട്ടിലായതുകൊണ്ടാണ് തറാവീഹ് നമസ്കാരവും ഇഫ്താറുമൊക്കെ ശരിയായ രീതിയിൽ നടത്താൻ കഴിഞ്ഞതെന്ന് ഉസ്മാൻ പറയുന്നു. കഴിഞ്ഞ 18 വർഷമായി ഒരേ തോട്ടത്തിൽതന്നെയാണ് ഇദ്ദേഹം പണി ചെയ്യുന്നതെങ്കിലും ഈ വർഷം മുതൽ ഫോർമാനാണ്. ഇതിന് മുമ്പ് പത്ത് വർഷത്തോളം ബർക്കയിലെ മറ്റൊരു കൃഷിസ്ഥലത്തായിരുന്നു ജോലി. ഉസ്മാന്റെ തോട്ടത്തിലെ റമദാനും ഇഫ്താറും വ്യത്യസ്തമാണ്.
തോട്ടത്തിൽ ഇദ്ദേഹം മാത്രമാണ് മലയാളിയായുള്ളത്. ബാക്കിയെല്ലാം ബംഗ്ലാദേശുകാരാണ്. കഴിഞ്ഞ വർഷംവരെ ഒറ്റക്കാണ് ഇഫ്താർ നടത്തിയിരുന്നത്. ഈ വർഷം ബംഗ്ലാദേശ് സ്വദേശികളുണ്ട്. ഇഫ്താറിന് ഈത്തപ്പഴം, തണ്ണിമത്തൻ, മുന്തിരി അടക്കമുള്ള പഴവർഗങ്ങളുണ്ടാവും. ഇവരുടെ കൂടെ നോമ്പ് തുറന്നശേഷം സ്വന്തമായി ചപ്പാത്തിയും പരിപ്പുകറിയോ മീൻകറിയോ എന്തെങ്കിലും ഉണ്ടാക്കിയാണ് ഇടഭക്ഷണം കഴിക്കുന്നത്. പിന്നീട് തറാവീഹ് നമസ്കരിക്കും. പുലർച്ച മൂന്നിന് അത്താഴം കഴിക്കും. ചോറും നേരത്തെവെച്ച കറികളുമാണ് ഇതിന് കൂട്ടായി ഉണ്ടാവുക. പിന്നീട് ഉറങ്ങാറില്ല. നമസ്കാരവും പ്രാർഥനകളും ഖുർആൻ പാരായണവുമൊക്കെ കഴിയുമ്പോൾ നേരം വെളുക്കും. റമദാനിൽ രാവിലെ ആറ് മുതൽ ഉച്ചക്ക് 11 വരെയാണ് ജോലി സമയം. ഉച്ചക്ക് രണ്ടര മുതൽ ആറ് വരെ രണ്ടാം ഷിഫ്റ്റ് ജോലിയുണ്ടാവും. 28 വർഷമായി ഒറ്റക്കാണ് തറാവീഹ് നമസ്കരിക്കുന്നത്.
മസ്ജിദ് അടുത്തൊന്നുമില്ലാത്തതിനാൽ കൂട്ടമായി നമസ്കരിക്കാൻ കഴിയില്ല. ഒന്നര വർഷം കൂടുമ്പോൾ നാട്ടിൽ പോയിരുന്നെങ്കിലും റമദാനിൽ ഒരു തവണ മാത്രമാണ് നാട്ടിൽ പോവാൻ കഴിഞ്ഞത്. പലപ്പോഴും നാട്ടിൽ പോവുന്നത് അടുത്തവരുടെ കല്യാണം അടക്കമുള്ള ആവശ്യങ്ങൾ മുന്നിൽകണ്ടാണ്. വലിയ വരുമാനം ഇല്ലാത്തതിനാൽ വിചാരിക്കുമ്പോൾ നാടണയാൻ കഴിഞ്ഞിരുന്നില്ല. ശർഖിയ്യ ഗവർണറേറ്റിലെ മുദൈബിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ റിസ്ത് വില്ലേജിൽ ഏക്കർ വിസ്തൃതിയുള്ള തോട്ടമാണ് ഉസ്മാന്റെ താവളം.
സാധനങ്ങൾ വാങ്ങണമെങ്കിൽ ഏഴ് കിലോ മീറ്റർ അകലെയുള്ള ചെറിയ ടൗണിൽ പോവണം. അവിടെ രണ്ടോ മൂന്നോ കടകൾ മാത്രമാണുള്ളത്. ഇടക്കിടക്ക് പോവാൻ കഴിയാത്തതുകൊണ്ട് കുറെ ദിവസത്തേക്ക് ഒന്നിച്ചാണ് അരിയും മീനും അടക്കമുള്ളവ വാങ്ങുന്നത്. ഫോർമാനാണെങ്കിലും തോട്ടത്തിൽ ആവശ്യമായ എല്ലാ ജോലികളും ഉസ്മാൻ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.