നോമ്പിന്റെ ചൈതന്യവും പുണ്യവും നുകർന്ന് ഒരു പുണ്യമാസംകൂടി പടിയിറങ്ങുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് സുഹൃത്തുക്കളോടൊത്ത് ആദ്യമായി നോമ്പ് തുറന്നതും പിന്നീട് അവരോടൊപ്പം നോമ്പ് എടുത്തുകൊണ്ട് നോമ്പ് തുറന്നതും ഇന്നലെകളിലെ മധുര കാരക്കകളായിരുന്നുവെങ്കിൽ ഇന്ന് ഈശ്വരസമക്ഷം എന്റെ വിശ്വാസത്തിന്റെ സ്നേഹസമർപ്പണമായിട്ടാണ് ഞാൻ എടുക്കുന്നത്.
1998ൽ ഡിഗ്രി ഒന്നാം വർഷം കായംകുളം എം.എസ്.എം കോളജിൽ പഠിക്കുന്ന കാലത്ത് ഡിസംബർ മാസത്തിലാണ് നോമ്പ് സമാഗതമായത്. ക്രിസ്മസിന്റെ അവധിക്കാലത്ത് നാഷനൽ സർവിസ് സ്കീമിന്റെ ദശദിന ക്യാമ്പ് കോളജിൽ നടക്കുകയാണ്. ഞാനും അതിൽ പങ്കെടുത്തു. ആദ്യ ദിവസം സന്ധ്യയായപ്പോൾ സുഹൃത്ത് പറഞ്ഞു, എൻ.എസ്.എസിന്റെ കോ ഓഡിനേറ്റർമാരിലൊരാളായ ഷാജഹാൻ സാർ അനലയോട് മെസ് ഹാളിലേക്ക് വരാൻ വിളിക്കുന്നുണെന്ന്. മെസ്സിലെത്തിയപ്പോൾ നോമ്പുകാരായ ക്യാമ്പ് സുഹൃത്തുക്കളെല്ലാം നോമ്പ് തുറക്കാനിരിക്കുന്നു.
രാവിലെ മുതൽ എന്നോടൊപ്പം അക്ഷീണം പണിയെടുത്തവർ. ഒരു തുള്ളി കുടിനീരുപോലുമിറക്കാതെ നോമ്പെടുത്ത് കാത്തിരുന്നവരുടെ കൂടെ എന്നെ വിരുന്നുകാരിയാക്കിയത് കണ്ട് ഞാൻ അതിശയിച്ചു. എന്നാൽ, നോമ്പുകാരിയല്ലാത്ത എനിക്ക് അവരോടൊപ്പമിരുന്ന് നോമ്പ് തുറക്കാൻ ഒരൽപം ജാള്യമുണ്ടായിരുന്നു. അടുത്ത ദിവസവും നോമ്പുതുറയിലേക്ക് അവരെന്നെ ക്ഷണിച്ചു. മനസ്സില്ലാമനസ്സോടെയാണെങ്കിലും ആ സ്നേഹം ആസ്വദിക്കാൻ ഞാൻ വീണ്ടും അവരുടെ കൂടെ കൂടി. അവിടെവെച്ച് ഞാൻ തീരുമാനമെടുത്തു, നാളെ മുതൽ നോമ്പെടുത്ത് സുഹൃത്തുക്കളുടെ കൂടെ നോമ്പുതുറക്കും. അന്നു മുതൽ എട്ടു ദിവസം ഞാൻ നോമ്പെടുത്തു. ഇതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ റമദാൻ നോമ്പ്.
സുബ്ഹി ബാങ്കിനുമുമ്പ് ഞങ്ങൾ അഞ്ചു പെൺകുട്ടികളുടെ കൂടെയുള്ള ലേഡി കോഓഡിനേറ്റർ ഫാത്തിമ ഇത്തയുടെ ഒപ്പം ജീവിതത്തിലെ ആദ്യത്തെ ഇടയത്താഴം. പിന്നീട് ഓരോ ദിവസവും ഇടയത്താഴ നേരത്ത് ഫാത്തിമ ഇത്തയിൽനിന്ന് ഞാൻ റമദാൻ വ്രതത്തെപ്പറ്റിയും ഇസ്ലാം വിശ്വാസത്തെക്കുറിച്ചും പ്രാഥമികമായി അറിഞ്ഞുതുടങ്ങി. പിന്നീട് ഞാൻതന്നെ താൽപര്യമെടുത്ത് ഇസ്ലാം വിശ്വാസം പഠിച്ചുതുടങ്ങി. തൊട്ടടുത്ത വർഷത്തെ റമദാൻ നോമ്പ് മുഴുവൻ നോറ്റ സംതൃപ്തിയിലായിരുന്നു. ദൈവികവിശ്വാസത്തെ അറിഞ്ഞതും പഠിക്കാൻ തുടങ്ങിയതും നോമ്പിൽനിന്നാണ്. ആ നിലക്ക് ഇസ്ലാം വിശ്വാസത്തിലേക്കുള്ള എന്റെ ജീവിതയാത്രയിൽ റമദാൻ നോമ്പിന് അഭേദ്യമായ ബന്ധമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.