സൂര്യോദയവും സൂര്യാസ്തമയവും നോക്കിയാണ് നോമ്പെടുക്കലും നോമ്പുതുറയും. കപ്പൽ ജീവനക്കാരനായ
ഫാരിസ് വട്ടേക്കാട്ട് മാറഞ്ചേരിയുടെ നോമ്പനുഭവങ്ങൾ
അമേരിക്കയെ കുറിച്ച് വാർത്തകളിലും ഇംഗ്ലീഷ് സിനിമകളിലുമുള്ള കേട്ടുകേൾവി മാത്രമാണുണ്ടായിരുന്നത്. അപ്പോഴും, ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇവിടെയുള്ള മഹാനഗരങ്ങളിലെ തെരുവോരങ്ങൾ ആസ്വദിച്ച് കാഴ്ചകൾ കണ്ട് നടക്കാൻ കഴിയുമെന്ന്. ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അമേരിക്കയിലെ പ്രശസ്ത യാത്രാക്കപ്പൽ കമ്പനിയിൽ നിന്നും ജോലി അവസരം ലഭിക്കുന്നത്. അത്യാവശ്യം കുഴപ്പമില്ലാത്ത പാക്കേജും അമേരിക്കയും ആയപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല. നേരെ പറന്നു അമേരിക്കയിലെ ‘മയാമി’ എന്ന സന്ദർശക നഗരത്തിലേക്ക്.
അധികം ചെറുതല്ലാത്ത കുറെ കെട്ടിടങ്ങളും പച്ചപ്പും കടലും നിറഞ്ഞതാണ് മയാമി എന്ന ചെറിയ, വലിയ ലോകം. ഇവിടത്തെ കടലുകളിലെ വിനോദ സഞ്ചാരത്തിനായാണ് കൂടുതൽ സന്ദർശകരും സമയം കണ്ടെത്തുന്നത്. ഞാനും ഒരു സഞ്ചാരിയെപ്പോലെ എന്റെ കപ്പലിൽ ജോലിക്ക് കയറി. മയാമിയിൽ നിന്നും ബഹാമാസ്, മെക്സികോ എന്നീ രാജ്യങ്ങളിലേക്കാണ് ഞങ്ങളുടെ കപ്പലിന്റെ യാത്ര പിന്നെ തിരിച്ച് വീണ്ടും മയാമി.
കപ്പൽയാത്ര ജീവിതത്തിലെ വളരെ രസകരമായ അനുഭവങ്ങളിൽപെട്ട ഒന്നാണ്, ഓളപ്പരപ്പുകളെ വെട്ടിമുറിച്ച് പായുന്ന ആഡംബര കപ്പലുകളും അതിനിടയിൽ ചെറുമീനുകളെപ്പോലെ കുഞ്ഞുബോട്ടുകളും നൗകകളും കാഴ്ചകൾ വളരെ മനോഹരമാണ്.
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി, പരിശുദ്ധ റമദാൻ വന്നെത്തി. ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രത്യേകത ഇത്തവണത്തെ റമദാൻ വ്രതങ്ങൾക്ക് പറയാനുണ്ട്. അക്ഷരാർഥത്തിൽ ഞാനൊന്നും അനുഭവിച്ചിട്ടില്ലാത്ത, കേട്ടുകേൾവി മാത്രമായിരുന്ന, പണ്ടുകാലത്തെ വല്യുപ്പമാർ അനുഭവിച്ച, ഉച്ചഭാഷിണി ഇല്ലാത്ത ആ നോമ്പിന്റെ കാലഘട്ടത്തിലൂടെയുള്ള യാത്രയിലാണ് ഞാനും എന്ന് തോന്നിപ്പോയിട്ടുണ്ട്. ആഴ്ചയിൽ അഞ്ചു ദിവസവും കപ്പലിൽ കടലിലൂടെ യാത്ര ആയതിനാൽ
സൂര്യോദയം നോക്കി നോമ്പ് തുടങ്ങുന്നതും സൂര്യാസ്തമയം നോക്കി നോമ്പ് തുറക്കുന്നതും ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. യാത്രയിൽ ആയതിനാൽതന്നെ ചില ദിവസങ്ങളിൽ ഞങ്ങൾക്ക് നോമ്പിന്റെ ദൈർഘ്യം കൂടുതലായിരിക്കും. 15-16 മണിക്കൂർ വരെ നോമ്പെടുത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. നോമ്പെടുക്കുന്നവർക്കായി പുലർച്ച മൂന്ന് മുതൽ നാലു വരെ പ്രത്യേകം ഭക്ഷണം തയാറാക്കിയിട്ടുണ്ട്. അതിൽ ഏറെക്കുറെ ഇന്തോനേഷ്യൻ വിഭവങ്ങൾ ആയിരിക്കും. അവരാണ് നോമ്പെടുക്കുന്നവരിൽ ഭൂരിപക്ഷവും; പിന്നെ ഞങ്ങൾ കുറച്ച് ഇന്ത്യക്കാരും.
നോമ്പുതുറക്കായി പ്രത്യേകിച്ച് ഭക്ഷണക്രമീകരണങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല, സാധാരണ ദിവസങ്ങളിലെപ്പോലെ തന്നെ ഓരോ ദിവസത്തെ മെനുവിന് അനുസരിച്ച ഭക്ഷണങ്ങൾ തന്നെ. ഈന്തപ്പഴം, ഫ്രൂട്ട്സ്, വെള്ളം പിന്നെ ആവശ്യത്തിന് ഭക്ഷണവും. അനാവശ്യമായ കരിച്ചതും പൊരിച്ചതും ഒന്നും ഇല്ലാത്ത നോമ്പുതുറ ആയതിനാൽ ഇത്തവണത്തെ നോമ്പ് ആരോഗ്യപരമാണെന്ന സന്തോഷവുമുണ്ട്.
കപ്പലിൽ ആയതിനാൽ നമസ്കാരത്തിനായി പള്ളിയിൽ പോകാൻ കഴിയില്ല. നമസ്കാരവും പ്രാർഥനയും എല്ലാം ഒരു മുറിക്കകത്ത് ഒരുമിച്ചായിരിക്കും. കൂടെ ജോലിചെയ്യുന്ന ചില വിദേശരാജ്യത്തെ സുഹൃത്തുക്കൾ നോമ്പിനെയും ആചാരങ്ങളെയും പറ്റി ചോദിച്ചറിയും. കാരണം അവരുടെ നാട്ടിൽ ആ പ്രദേശത്ത് മുസ്ലിംകൾ തീരെ ഇല്ല. വെള്ളം പോലും കുടിക്കാതെയാണ് രാവിലെ മുതൽ വൈകുന്നേരം വരെ നോമ്പെടുക്കുന്നത് എന്ന് പറഞ്ഞാൽ അവർ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും പറയും; ഇത്രയും നേരം ഒരിക്കലും വെള്ളമോ ഭക്ഷണമോ ഇല്ലാതെ മുന്നോട്ട് പോകുന്ന കാര്യം അവർക്ക് ചിന്തിക്കാൻ പോലും കഴിയില്ല എന്ന്. നോമ്പെടുക്കുന്നവരോട് വളരെ ബഹുമാനമാണ്. ഇവിടെയും ഞാൻ അനുഭവിച്ച യാഥാർഥ്യമാണത്. ഒരു ദിവസം നോമ്പുതുറക്കുന്ന നേരം ഈന്തപ്പഴം ഇല്ലാതിരുന്ന ഘട്ടത്തിൽ അമുസ്ലിം സുഹൃത്ത് അദ്ദേഹത്തിന്റെ റൂമിൽ സൂക്ഷിച്ചിരുന്ന ഈന്തപ്പഴത്തിന്റെ ബോക്സ് എടുത്ത് കൊണ്ടുവന്ന് നോമ്പുതുറക്കാൻ തന്നു. മനുഷ്യനെ മതങ്ങൾക്കും രാജ്യങ്ങളുടെ അതിർവരമ്പുകൾക്കും അപ്പുറം സഹജീവി സ്നേഹം പഠിപ്പിക്കുന്ന ചര്യ കൂടിയാണ് നോമ്പ് എന്ന് തെളിയിക്കുന്നതാണ് ഇത്തരം പങ്കുവെക്കലുകൾ. ആ ഈന്തപ്പഴം കൊണ്ടാണ് ഞാൻ ഇന്നും എല്ലാ ദിവസവും നോമ്പ് തുറക്കുന്നത്.
നമ്മുടെ നാട്ടിലെയോ ഗൾഫ് നാടുകളിലെ പോലെ അത്ര വലിയ പ്രാധാന്യത്തോടെയല്ല ഇന്നാട്ടിൽ നോമ്പിനെ നോക്കിക്കാണുന്നത്. രണ്ടു മൂന്നു തവണ മയാമിയിലൂടെ നോമ്പിന്റെ സമയത്ത് യാത്ര ചെയ്തപ്പോൾ നോമ്പിന്റെ പ്രത്യേകതയൊന്നും ഇവിടെ കാണാൻ കഴിഞ്ഞിട്ടില്ല, എല്ലാം സാധാരണ പോലെ തന്നെ. ഓരോ രാജ്യത്തിന്റെയും സംസ്കാരത്തെയും പ്രദേശവാസികളുടെ എണ്ണത്തെയും അനുസരിച്ചായിരിക്കുമല്ലോ ഓരോ ആഘോഷങ്ങളും കൊണ്ടാടുന്നത്.
ആഘോഷങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ അക്രമവും അഴിഞ്ഞാട്ടവും നടക്കുന്ന നമ്മുടെ നാട്ടിൽ, അതിന് കുടപിടിക്കുന്ന കപട രാഷ്ട്രവാദികൾ ഉള്ള ഈ കാലഘട്ടത്തിൽ മനുഷ്യത്വം എന്നത് വെറും നാമമാത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്നതും ഒരു വസ്തുതയാണ്. അവർ ഉള്ളുതുറന്നു കാണേണ്ടതാണ് ഇതര രാജ്യങ്ങളിലെ മതസൗഹാർദവും സഹജീവി സ്നേഹവുമെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.