ബ്രിട്ടനിലെ ഈ വർഷത്തെ റമദാൻ കൂടുതൽ ശ്രദ്ധേയമായത് ലണ്ടനിലെ വിശ്രുതമായ ഓക്സ്ഫഡ് സ്ട്രീറ്റിലെ തെരുവുവിളക്കുകൾ തെളിഞ്ഞതോടെയാണ്. സാധാരണ ക്രിസ്മസിനാണ് ഈ തെരുവുവിളക്കുകൾ പ്രകാശിക്കുക. ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ അവയുടെ ഭംഗി ആസ്വദിക്കുന്നതിനായി ലണ്ടനിൽ വന്നുതാമസിക്കാറുണ്ട്. ഇതാദ്യമായാണ് റമദാനുവേണ്ടി ഓക്സ്ഫഡ് സ്ട്രീറ്റ് പ്രകാശിക്കുന്നത്. റമദാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ ബ്രിട്ടനിലെ പ്രധാന സൂപ്പർമാർക്കറ്റുകളും കമ്പനികളും റമദാനെ വരവേറ്റ് സ്റ്റിക്കറുകളും ബാനറുകളും സ്ഥാപിക്കുന്നത് പതിവാണ്. മുസ്‍ലിംകൾ കൂടുതൽ തിങ്ങിത്താമസിക്കുന്ന ബർമിങ്ഹാം, ബ്രാഡ്ഫഡ് തുടങ്ങിയ നഗരങ്ങൾ റമദാനെ കൂടുതൽ പ്രത്യക്ഷമായിതന്നെ വരവേൽക്കും.
ബ്രിട്ടനിൽ ഈ വർഷത്തെ റമദാൻ ആരംഭിച്ചത് ഒരേ ദിവസമായിരുന്നു. സാധാരണ റമദാൻ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ഇവിടത്തെ മുസ്‍ലിംകൾ രണ്ടു വിഭാഗമായി പിരിയും. ചന്ദ്രക്കല ദൃശ്യമായാൽ മാത്രം നോമ്പ് തുടങ്ങുന്ന ഒരു വിഭാഗവും സൗദിയിൽ മാസം കണ്ടാൽ വ്രതം തുടങ്ങുന്ന മറു വിഭാഗവും ഇവിടെയുണ്ട്. ഈ തർക്കവിതർക്കങ്ങളുടെ ഫലമായി ഒരേ ദിവസം നോമ്പനുഷ്ഠിക്കുന്നവരും അനുഷ്ഠിക്കാത്തവരുമുണ്ടാകും.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ റമദാനിന്‍റെ മറ്റൊരു സവിശേഷത സമയദൈർഘ്യം കുറഞ്ഞതും വേനലിന്‍റെ കാഠിന്യം കുറഞ്ഞതുമായിരുന്നു. ഏറ്റവും കൂടുതൽ സാമൂഹിക പ്രവർത്തനങ്ങൾ നടക്കുന്ന മാസംകൂടിയാണ് റമദാൻ. ജാതിമത ഭേദമന്യേ ധാരാളമാളുകൾ അതിൽ പങ്കാളിയാവുന്നു. പള്ളികളിലും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലുമായി നിരവധി സന്നദ്ധ സേവക സംഘടനകൾ സജീവമാകും. പൊതുവെ ഇംഗ്ലീഷുകാർ ധാരാളമായി സന്നദ്ധ സേവനങ്ങളിൽ ഏർപ്പെടുന്നവരാണ്. അതിന് ഗവൺമെന്‍റ് വളരെയധികം പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. ബ്രിട്ടനിലെതന്നെ പ്രയാസമനുഭവിക്കുന്ന അർഹരായവരുടെ കണ്ണീരൊപ്പാനാണ് ഇംഗ്ലീഷുകാർ കൂടുതലായും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്. ഓക്സ്ഫഡ്, കേംബ്രിജ് തുടങ്ങി ബ്രിട്ടനിലെ പ്രധാന സർവകലാശാലകൾ വലിയ ആവേശത്തോടെയാണ് ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാറുള്ളത്.
തുറന്ന മനസ്സും വിശ്വാസങ്ങളെ ആദരവോടെ കാണുന്നവരുമായതിനാൽ ചിലപ്പോൾ അവരും വ്രതമനുഷ്ഠിച്ചാണ് ഇഫ്താർ വിരുന്നിൽ പങ്കെടുക്കുക. അടുത്തകാലത്ത് നടന്ന കേംബ്രിജ് സെൻട്രൽ മോസ്കിലെ ഇഫ്താർ വിരുന്ന് വളരെ ഹൃദ്യമായിരുന്നു. യൂറോപ്പിൽതന്നെ ഏറ്റവും പ്രഥമമായ പരിസ്ഥിതി അനുകൂല പള്ളിയാണ് ഈ ആരാധനാലയം. പടിഞ്ഞാറിലെ മുസ്ലിംകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പാശ്ചാത്യ ചിന്തകനും കേംബ്രിജ് സർവകലാശാല പ്രഫസറുമായ അബ്ദുൽ ഹക്കീം മുറാദാണ് ഈ പള്ളിയുടെ സ്ഥാപകൻ. പള്ളി നിർമാണത്തിന് പ്രോത്സാഹനവും കൂടുതൽ സഹായവും ലഭിച്ചത് കേംബ്രിജ് നിവാസികളായ അമുസ്ലിംകളായ ഇംഗ്ലീഷുകാരിൽനിന്നായിരുന്നു.
പള്ളികൾക്കു പുറമെ ഹാളുകൾ വാടകക്കെടുത്തും ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്. കൂടുതൽ പേരും ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഇവിടെ സ്ഥിരതാമസമാക്കിയവരാണ്. നിരവധി മലയാളി സന്നദ്ധസംഘടനകളും പ്രവർത്തിക്കുന്നുണ്ട്. റമദാനിൽ ഇവയെല്ലാം സജീവമാകും. 10 വർഷമായി സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രധാന സംഘടനയാണ് അൽ ഇഹ്സാൻ യു.കെ. ബ്രിട്ടനിലെ രജിസ്ട്രേഡ് ചാരിറ്റിയായി അംഗീകരിക്കപ്പെട്ട ഈ സംഘടന ഈ റമദാനിലും വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ അധഃസ്ഥിത വിഭാഗങ്ങൾക്ക് സഹായം എത്തിക്കുന്നതിന് നേതൃത്വം നൽകുന്നു. ഇതുപോലെ ധാരാളം സന്നദ്ധ പ്രവർത്തനങ്ങളാലും നോമ്പനുഭവങ്ങളാലും ബ്രിട്ടനിലെ റമദാൻ കൂടുതൽ സജീവമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.