ശബരിമല: ശരീരത്തിനും മനസിനും കുളിർമ്മയുളള അനുഭവമായി ഉരൽക്കുഴി സ്നാനം. പാറക്കെട്ടിന് മുകളിൽ നിന്നും തലയിലേക്ക് പതിക്കുന്ന ജലം അതുവരെയുളള കാനനയാത്രയുടെ ക്ഷീണം അകറ്റും. പുൽമേട്ടിൽ നിന്നും സന്നിധാനത്തേക്ക് നടന്നെത്തുന്നവർ ഉരൽക്കുഴിയിൽ കുളിച്ച് ബ്രാഹ്മണ ദക്ഷിണയും നൽകിയാണ് സന്നിധാനത്തേക്ക് എത്തുന്നത്.
സന്നിധാനത്തുനിന്ന് പുൽമേട്ടിലേക്ക് പോകുന്ന വഴിയിൽ പാണ്ടിത്താവളത്ത് നിന്ന് ഇടത്തോട്ട് സഞ്ചരിച്ചാൽ ഉരൽക്കുഴിയിലെത്താം. കുമ്പളാം തോടിന്റെ ഭാഗമായ ഉരൽക്കുഴി സ്നാനം പമ്പാസ്നാനം പോലെതന്നെ പവിത്രമായാണ് ഭക്തർ കണക്കാക്കുന്നത്. പാറക്കെട്ടുകൾക്ക് മുകളിൽ നിന്നും ശക്തിയായി താഴേക്ക് പതിച്ച് ഉരലിന്റെ രൂപത്തിൽ ആയിത്തീർന്ന ജല സംഭരണിയാണിത്.
ഹെൽത്ത്കാർഡും ലൈസൻസുമില്ല; സത്രത്തിലെ എട്ട് കടകൾ അടപ്പിച്ചു
കുമളി: ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ സത്രത്തിൽ തുറന്ന താൽക്കാലിക കടകളിൽ ഇടുക്കി ജില്ലാ കലക്ടർ വി.വിഘ്നേശ്വരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ലൈസൻസും ഹെൽത്ത് കാർഡുകളും ഇല്ലാത്ത എട്ട് കടകൾ അടപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു പരിശോധന.
രാവിലെ പുല്ല് മേട്ടിൽ കലക്ടറും, പീരുമേട് ഡിവൈ.എസ്.പി. വിശാൽ ജോൺസൺ, റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ ട്രെയിനി വിഷ്ണു രാജ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തിയിരുന്നു. തുടർന്ന് സീതക്കുളം വഴി സത്രത്തിൽ എത്തിയാണ് കടകളിൽ പരിശോധന നടത്തിയത്. ആഹാരസാധനങ്ങൾ വിൽക്കുന്ന മിക്ക കടകളിലും ഹെൽത്ത് കാർഡോ കടകൾക്ക് പഞ്ചായത്ത് ലൈൻസോ ഇല്ലന്ന് വ്യക്തമായി.
തീർഥാടകരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഹെൽത്ത് കാർഡ് മാത്രമുണ്ടായിരുന്ന ചില കടകൾ പ്രവർത്തിക്കാൻ അനുമതി നൽകി. വണ്ടിപ്പെരിയാർ എസ്.ഐ. റ്റി.എസ്. ജയകൃഷ്ണ, ഹെൽത്ത് ഇൻസ്പെക്ടർ ബോബി. ഇ . ചെറിയാൻ എന്നിവരും പരിശോധനകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.