ശബരിമല: സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിരോധിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.കെ പ്രശാന്ത്. ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദർശനത്തിനെത്തുന്ന തീർഥാടകരിൽ ചിലർ മൊബൈൽ ഫോൺ ഉപയോഗിച്ച് ശ്രീകോവിലിന്‍റെ ഉൾവശം അടക്കം ചിത്രീകരിക്കുവാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീൽസ് ചിത്രീകരിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എല്ലാം തന്നെ ഇത് ബാധകമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
അതേസമയം, പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. പി. എസ് പ്രശാന്ത് പറഞ്ഞു. ആദ്യത്തെ 12 ദിവസം 63 കോടി രൂപയാണ് ആകെ വരുമാനം. 16 കോടി രൂപയുടെ വർധനവാണ് ഈ കാലയളവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്.
മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ ഭക്തജനത്തിരക്കും കൂടുതലാണ്. എന്നാൽ, സുഗമമായ ദർശനം ഉറപ്പാക്കാനായി. വിവിധ വകുപ്പുകളുടെ ഏകോപനം വിജയകരമായതാണ് ഇതിന് കാരണമെന്നും പ്രസിഡന്‍റ് പറഞ്ഞു.
അപ്പം, അരവണ വിൽപ്പനയിലും വൻ വർധനവുണ്ട്. വെർച്വൽ ക്യൂ വർധിപ്പിക്കുന്നതിൽ പ്രായോഗിക തടസമുണ്ട്. എന്നാൽ, ദർശനത്തിനെത്തുന്ന ഒരാളെ പോലും മടക്കി അയക്കില്ലെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.