ശബരിമല: സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിരോധിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.കെ. പ്രശാന്ത്. ദർശനത്തിനെത്തുന്ന തീർഥാടകരിൽ ചിലർ മൊബൈൽ ഫോൺ ഉപയോഗിച്ച് ശ്രീകോവിലിന്റെ ഉൾവശം അടക്കം ചിത്രീകരിക്കുവാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീൽസ് ചിത്രീകരിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
തീർത്ഥാടകർക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എല്ലാം ഇത് ബാധകമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും. മാളികപ്പുറത്ത് മഞ്ഞൾപൊടി വിതറുന്നതിനും ഭസ്മം തൂവുന്നതിനും ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇവ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സ്വാമിമാർക്ക് ഇക്കാര്യം സംബന്ധിച്ച് ബോധവൽക്കരണം നൽകുന്നതിന് ജീവനക്കാരെ നിയോഗിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
അതിനിടെ, ശബരിമലയിലെ പതിനെട്ടാം പടിയിൽ ഫോട്ടോ ഷൂട്ട് നടത്തിയ 23 പൊലീസുകാരെ കണ്ണൂർ കെ.എ.പി-നാല് ക്യാമ്പിലേക്ക് നല്ലനടപ്പ് പരിശീലനത്തിനയച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷൽ ഓഫിസർ കെ.ഇ. ബൈജുവിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തത്.
തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ 23 പൊലീസുകാരെയാണ് കണ്ണൂർ കെ.എ.പി നാലിലേക്ക് പരിശീലനത്തിനയക്കുന്നത്. തീവ്രപരിശീലനം നൽകണമെന്നാണ് എ.ഡി.ജി.പിയുടെ നിർദേശം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ബാച്ച് പൊലീസുകാർ ഡ്യൂട്ടി പൂർത്തിയാക്കി ഇറങ്ങുംമുമ്പ് പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത്. സമൂഹ മാധ്യമങ്ങളിലടക്കം സംഭവം വലിയ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.