തങ്കയങ്കി പ്രഭയിൽ ദീപാരാധന; ഭക്തിസാന്ദ്രം സന്നിധാനം

ശബരിമല : തങ്കയങ്കി പ്രഭയിൽ ശബരിമലയിൽ ശബരീശന് ദീപാരാധന നടന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പമ്പയിൽ നിന്നും ശരംകുത്തിയിൽ എത്തിയ തങ്കയങ്കി ഘോഷയാത്രയായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കെ.മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.

ആറേ കാലോടെ പതിനെട്ടാം പടി കയറിവന്ന തങ്കയങ്കി പേടകത്തെ ദേവസ്വം വകുപ്പ് മന്ത്രി വി.കെ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.കെ.പ്രശാന്ത്, ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി ശേഖർ ബാബു, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ തുടങ്ങിയവർ ചേർന്ന് സോപാനത്തേക്ക് ആനയിച്ചു.

സോപാനത്ത് എത്തിയ പേടകം തന്ത്രി കണ്ഠരര് രാജീവര് , മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ശ്രീ ഗോകുലിന് ഉള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് 6. 35 ന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു. ബുധനാഴ്ച രാത്രി 11 മണിക്ക് ഹരിവരാസനം പാടി അടയ്ക്കുന്ന നട നാളെ പുലർച്ചെ മൂന്നിന് തുറക്കും. പതിവ് പൂജകൾക്കും ശേഷം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ ഉച്ചയ്ക്ക് 12 മണിക്കും പന്ത്രണ്ടരക്കും ഇടയിലായി മണ്ഡലപൂജ നടക്കും.

രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടക്കുന്നത് 41 ദിനങ്ങൾ നീണ്ടുനിന്ന മണ്ഡലകാലത്തിന് സമാപനം കുറിക്കും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി മുപ്പതിന് വൈകിട്ട് അഞ്ചുമണിക്ക് നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം നടക്കുന്നത്.

Tags:    
News Summary - Thankayanki procession at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.