കേരളത്തിലെ യാത്രാപ്രേമികളുടെ കൂട്ടായ്മയായ 'സഞ്ചാരി'യുടെ യു.എ.ഇ ചാപ്റ്റർ ഇക്കുറി ഈദ് അവധി ദോഫാർ മലകളുടെ പച്ചപ്പിൽ ആഘോഷിക്കും. പ്രകൃതിയോടൊപ്പം സഞ്ചാരം എന്ന ടാഗ് ലൈനോടെ കേരളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വേരോടിയ ഈ ഗ്രൂപ്പിന് 14 ജില്ലകളിലെ യൂനിറ്റുകൾ കൂടാതെ കേരളത്തിന് പുറത്തും ജി.സി.സി രാജ്യങ്ങളിലും സജീവ സാന്നിധ്യം ഉണ്ട്.
യു.എ.ഇയിൽ ഏതാനും സഞ്ചാരികൾ ഏഴ് വർഷം മുമ്പ് തുടങ്ങി വെച്ച യാത്രകൾ പടർന്ന് പന്തലിച്ച അംഗബലത്തോടെ ഇപ്പോഴും നിരന്തരം തുടരുന്നു. കേട്ടുതഴമ്പിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂർ പോകുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയുമായി കൂടുതൽ ഇടപഴകിയുള്ള യാത്രകളാണ് ടീം സഞ്ചാരിയെ വേറിട്ടതാക്കുന്നത്. മലകളും മരുപ്പച്ചകളും നീരുറവകളും ജലസംഭരണികളും ചരിത്രശേഷിപ്പുകളും ഒക്കെയാണ് ഇവരുടെ വിഷ് ലിസ്റ്റ്.
ലഭിക്കുന്ന അവധിദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി യാത്രകൾ കൃത്യമായും കാര്യക്ഷമമായും ആസൂത്രണം ചെയ്തു യാത്രാമോഹവുമായി വരുന്നവർക്കെല്ലാം അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കാൻ സർവ്വ സജ്ജരായ ഒരു കൂട്ടം യുവതീയുവാക്കൾ സഞ്ചാരി യു.എ.ഇ എന്ന ഈ കൂട്ടായ്മക്ക് പിന്നിലുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഓൺലൈൻ ഓഫ്‌ലൈൻ ശില്പശാലകൾ, സീസണൽ ആഘോഷങ്ങൾ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കാറുണ്ടെങ്കിലും യാത്രാ ഇവന്‍റുകൾക്ക് തന്നെയാണ് സഞ്ചാരി യു.എ.ഇ മുൻഗണന നൽകാറുള്ളത്.
സോഷ്യൽ മീഡിയയിലെ പ്രമുഖ പ്ലാറ്റഫോമുകളിലെല്ലാം സഞ്ചാരി യു.എ.ഇ (Sanchari_UAE) ഉണ്ടെങ്കിലും കൂടുതൽ ചർച്ചകളും അനൗൺസ്‌മെന്‍റുകളും എല്ലാം നടക്കുന്നത് ഒഫീഷ്യൽ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ സഞ്ചാരി യു.എ.ഇചാപ്റ്റർ എന്ന ക്ലോസ്ഡ് ഗ്രൂപ്പിൽ ആണ്. യു.എ.ഇയിൽ താമസിക്കുന്ന ഏതൊരാൾക്കും സഞ്ചാരി യു.എ.ഇ ചാപ്റ്റർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക വഴി 'സഞ്ചാരി'യോടൊപ്പം ചേർന്ന് യാത്രകൾ നടത്താം. സഞ്ചാരികളുടെ യാത്രകളുടെ ഊർജസ്രോതസ്സ് എന്താണെന്ന് ചോദിച്ചാൽ ഉത്തരം കിട്ടണമെങ്കിൽ ഐൻസ്റ്റീന്‍റെ വാക്കുകൾ കടം കൊള്ളേണ്ടി വരും... " I love to travel but hate to arrive"
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.